രജനികാന്ത് ചിത്രം ജയിലര്‍ തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ചിത്രം ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തില്‍ മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് എത്തുന്നത്. ലുക്കും പൊളി തന്നെ. മോഹന്‍ലാലും കൂടി സിനിമയുടെ ഭാഗമായതോടെ മലയാളികളുടെ ആവേശവും വര്‍ധിച്ചു.
ബീസ്റ്റിന്റെ പരാജയ ശേഷം ഒന്നിനും കൊള്ളാത്ത സംവിധായകന്‍ എന്ന് വിധിയെഴുതിയവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കുകയാണ് നെല്‍സണും. എങ്ങും ജയിലറിന് ആശംസ പ്രവാഹം ഉയരുകയാണ്. ‘നെല്‍സാ എന്നടാ സെഞ്ച് വച്ചിരിക്കേ..’ എന്നാണ് ഏവരും സ്‌നേഹത്തോടെ ചോദിക്കുന്നത്.
Also readചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ
അതേസമയം ജയിലര്‍ ആവേശം കൊടുമ്പിരി കൊണ്ടിരിക്കെ സിനിമ കണ്ടിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘ജയിലര്‍ കണ്ടതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സാറിന് വളരെ നന്ദി. എല്ലാ അഭിനന്ദനങ്ങള്‍ക്കും പ്രോത്സാഹനത്തിനും നന്ദി സര്‍. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും നിങ്ങളുടെ വാക്കുകളില്‍ ശരിക്കും സന്തുഷ്ടരാണ്’, എന്നാണ് നെല്‍സണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്റ്റാലിനൊപ്പം ഉള്ള ഫോട്ടോയും നെല്‍സണ്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
രമ്യാ കൃഷ്ണന്‍, വസന്ത രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ടിയ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ‘ജയിലറി’ല്‍ രജനികാന്തിനൊപ്പം അണിനിരന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുമ്പുതന്നെ ഹിറ്റായിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.