തമിഴ് നടി ശാലിനിയുടെ ഡിവോഴ്‌സ് ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒത്തുപോകാൻ കഴിയാതെ വന്നപ്പോൾ ബന്ധം അവസാനിപ്പിച്ചെന്നും. അത് ആഘോഷമാക്കുകയാണ് താൻ ചെയ്തതെന്നും താരം വെളിപ്പെടുത്തിയിരുന്നു. മുള്ളും മലരും എന്ന തമിഴ് സീരിയലിലൂടെ വെള്ളിത്തിരയിൽ തിളങ്ങിയ താരം വർഷങ്ങൾക്ക് മുമ്പാണ് റിയാസിനെ വിവാഹം കഴിച്ചത്.
ഇൻസ്റ്റഗ്രാമിലാണ് താരം തന്റെ ഡിവോഴ്‌സ് ഫോട്ടോഷൂട്ട് ചിത്രങ്ങളൾ പങ്ക് വെച്ചത്. ഭർത്താവുമൊന്നിച്ചുള്ള ചിത്രങ്ങൾ വലിച്ചു കീറിയും ‘ജീവിതത്തിൽ 99 പ്രശ്‌നങ്ങളുണ്ടാകും, അതിലൊന്നല്ല ഭർത്താവ്’ എന്ന ബോർഡ് കയ്യിൽ പിടിച്ചുമാണ് ശാലിനി ഡിവോഴ്‌സ് ഫോട്ടോഷൂട്ട് നടത്തിയത്. ഭർത്താവുമൊന്നിച്ചുള്ള ഫോട്ടോ ചവിട്ടുന്നതും ചിത്രത്തിലുണ്ട്. ചുവന്ന ഗൗണിൽ സ്‌റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോ ഷൂട്ട് നടത്തിയത്.
ശാലിനിയുടെ കടുത്ത ആരാധകനായ റിയാസ് എന്ന യുവാവാണ് താരത്തിന്റെ ഭർത്താവായി വന്നത്. ശാലിനിയോടുള്ള ആരാധന അവസാനം പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിക്കുകയായിരുന്നു. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകളുണ്ട്. ‘ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ കുഴപ്പമില്ല, കാരണം നിങ്ങൾ സന്തോഷവാനായിരിക്കാൻ അർഹനാണ്. നിങ്ങളുടെ കുട്ടികൾക്കും മികച്ച ഭാവി സൃഷ്ടിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുക.
വിവാഹമോചനം ഒരു പരാജയമല്ല. ഇത് നിങ്ങൾക്ക് ഒരു വഴിത്തിരിവാണ്’ എന്ന കുറിപ്പോടെയായിരുന്നു ശാലിനി തന്റെ ചിത്രങ്ങൾ പങ്ക് വെച്ചത്. വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നിൽക്കാൻ ഒരുപാട് ധൈര്യം ആവശ്യമാണ് അതിനാൽ എന്റെ എല്ലാ ധൈര്യശാലികൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു എന്നും ശാലിനി കുറിച്ചിരുന്നു. നിരവധി പേരാണ് ശാലിനിയെ പ്രശംസിച്ച് രംഗത്തെത്തിയത്. വിവാഹം ഫോട്ടോയെടുത്ത് ആഘോഷമാക്കാമെങ്കിൽ ഇതും ആഘോഷമാക്കാം. വിവാഹ ബന്ധം വേർപെടുത്തി എന്ന് കരുതി വിഷമിച്ചിരിക്കേണ്ട കാര്യമില്ല എന്നൊക്കെ നിരവധി പേർ കമന്റ് ചെയ്ത് രംഗത്തെത്തിയിരുന്നു.
അതേസമയം ശാലിനിക്ക് നേരെ ഒരുപാട് വിമർശനങ്ങളും വരുന്നുണ്ട്. എന്നാൽ വിമർശിക്കുന്നവർക്ക് താൻ കടന്ന് പോയ അവസ്ഥ മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നാണ് താരം പറയുന്നത്. വിവാഹശേഷം റിയാസ് തന്നെ മർദിക്കാറുണ്ടായിരുന്നെന്നും കുഞ്ഞ് ജനിച്ച ശേഷവും ഇതേ അവസ്ഥ തുടരുകയായിരുന്നു ഇതേ തുടർന്നാണ് താൻ ബന്ധം വേർപെടുത്തിയതെന്ന് ശാലിനി പറഞ്ഞിരുന്നു.