താരരാജാവ് മോഹന്‍ലാലിന്റെ ലൂസിഫറിനും സംവിധായകനായി അരങ്ങേറുന്ന പൃഥ്വിരാജിനും ആശംസകളുമായി നടന്‍ സിദ്ധാര്‍ഥ്.
ലൂസിഫറിന്റെ ട്രെയിലര്‍ ട്വിറ്ററില്‍ പങ്കുവെച്ചു കൊണ്ടാണ് സിദ്ധാര്‍ഥ് ചിത്രത്തെ പ്രശംസിച്ചത്. ‘എനിക്കിത് നേരത്തെ അറിയാമായിരുന്നു. ഇനി ലോകവും അറിയും. സിനിമ ചെയ്യാന്‍ വേണ്ടി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരന്‍.
ലൂസിഫര്‍ അതിമനോഹരമായിരിക്കുന്നു. ഡാ മോനേ കാത്തിരിക്കാന്‍വയ്യ. തക്കതായ എല്ലാ കാരണങ്ങള്‍ കൊണ്ടും മോഹന്‍ലാല്‍ ഒരു ദിവ്യപുരുഷനായ സൂപ്പര്‍ താരമാണ്’ സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.
അതേ സമയം ലൂസിഫറിന്റെ ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി 18 മണിക്കൂര്‍ പിന്നിടുമ്പോള്‍ ട്രെയിലറിന് 25 ലക്ഷത്തിന് അടുത്ത് കാഴ്ചക്കാരായിട്ടുണ്ട്.
ഇതോടെ ഏറ്റവും വേഗത്തില്‍ 20 ലക്ഷം കടക്കുന്ന ആദ്യ മലയാള ട്രെയിലര്‍ എന്ന റെക്കോഡ് ലൂസിഫറിന്റെ പേരിലായി. യൂട്യൂബില്‍ ട്രെന്‍ഡിംഗിലും ട്രെയിലര്‍ ഒന്നാമതാണ്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക.
വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍.
ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്.