സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ തമിഴിലേക്ക്, നായകനായി ജീവ

44

നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. സിനിമയില്‍ ആന്റണി വര്‍ഗീസ് അനശ്വരമാക്കിയ നായക കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് ജീവയാണ്. ജീവയ്ക്കുവേണ്ടി സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ പ്രത്യേക പ്രദര്‍ശനം അണിയറ പ്രവര്‍ത്തകര്‍ നടത്തി. ജീവയ്ക്ക് സിനിമ ഏറെ ഇഷ്ടപ്പെട്ടതോടെ തമിഴ് ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിക്കുകയാണ്.

മലയാളത്തില്‍ ‘പെപ്പെ ഈസ് ബാക്ക്’ എന്ന പരസ്യവാചകവുമായി വന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസിലെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കുകയാണ് ആന്റണി വര്‍ഗീസ്. ബോക്‌സോഫീസിലും സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വന്‍ മൌത്ത് പബ്ലിസിറ്റി ഈ സിനിമയുടെ വിജയത്തിലും നിര്‍ണായക പങ്കുവഹിക്കുന്നു. കാടും പടലും തല്ലാതെ ഒരു ക്ലീന്‍ ത്രില്ലറാണ് സംവിധായകന്‍ ഈ സിനിമയിലൂടെ സൃഷ്ടിച്ചിരിക്കുന്നത്.

Advertisements

ഒരു ജയില്‍ ബ്രേക്ക് ത്രില്ലറായ ഈ സിനിമ ടിനു പാപ്പച്ചന് വലിയ പേരാണ് നേടിക്കൊടുത്തിരിക്കുന്നത്. ചിത്രം തമിഴിലും ടിനു തന്നെ ഒരുക്കും. ഒരു ത്രില്ലറിന് ആവശ്യമായ ഘടകങ്ങള്‍ മാത്രമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. സാധാരണയായി എല്ലാവിധ പ്രേക്ഷകരെയും ആകര്‍ഷിക്കാനായി സകല മസാലകളും കയറ്റുകയും ഒടുവില്‍ ചിത്രത്തിന്റെ ഗ്രിപ്പ് നഷ്ടപ്പെട്ട് മൂക്കും കുത്തി വീഴുകയും ചെയ്യുന്നതാണ് കണ്ടുവരുന്നത്.

ടിനു പാപ്പച്ചന്‍ പക്ഷേ, ഈ സിനിമയുടെ ട്രീറ്റ്‌മെന്റിന് ആവശ്യമായ ഘടകങ്ങള്‍ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. തമിഴിലേക്ക് പോകുമ്പോഴും മസാലകളൊന്നും ചേര്‍ക്കാതെ കൂടുതല്‍ മുറുക്കമുള്ള രീതിയില്‍ കഥ പറയാനാണ് ടിനു പാപ്പച്ചന്‍ ആലോചിക്കുന്നത്.

രാജേഷ് ശര്‍മയുടെ കഥാപാത്രമാണ് കൂടുതല്‍ കൈയടി നേടുന്നത്. വിനായകന്‍, ചെമ്പന്‍, ടിറ്റോ വില്‍സണ്‍ തുടങ്ങിയവരും മികച്ചുനില്‍ക്കുന്നു. ബി ഉണ്ണികൃഷ്ണന്‍ അവതരിപ്പിക്കുന്ന ഈ സിനിമയുടെ തമിഴ് പതിപ്പിലും മലയാളത്തിലെ ചില താരങ്ങള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. വിനായകന്‍ അഭിനയിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

ദിലീപ് കുര്യനാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലിന് തിരക്കഥ രചിച്ചത്. സിനിമ ഗംഭീര വിജയമായതോടെ ആന്റണി വര്‍ഗീസും നായകനിരയില്‍ ഇരിപ്പിടമുറപ്പിച്ചുകഴിഞ്ഞു

Advertisement