മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മമ്മൂട്ടി ഏവരുടെയും പ്രശംസ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ച വ്യത്യാസത്തില്‍ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങള്‍ ഇപ്പോള്‍ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നത്.
ബോക്സ് ഓഫീസിലെ വിജയത്തേക്കാള്‍ ഉപരി ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് ഇതിലെ മമ്മൂട്ടിയുടെ ഗംഭീര പ്രകടനം കൊണ്ടാണ് എന്ന് പറയേണ്ടി വരും. ഒരു താരം എന്ന നിലയില്‍ അല്ലാതെ ഒരു നടനെന്ന നിലയില്‍ മമ്മൂട്ടി പ്രേക്ഷകരോട് സംവദിക്കുന്ന കാഴ്ച ഒരുപാട് നാളുകള്‍ക്കു ശേഷമാണ് കാണാന്‍ കഴിയുന്നത്.
ഇപ്പോഴിതാ ഇത്ര വ്യത്യസ്തമായ സിനിമകള്‍ തിരഞ്ഞെടുത്തു അഭിനയിക്കുന്ന മമ്മൂട്ടിയുടെ പ്രകടനത്തില്‍ മയങ്ങി അദ്ദേഹത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് തമിഴകത്തിന്റെ നടിപ്പിന് നായകനായ സൂര്യ ശിവകുമാര്‍ ആണ്.
തന്റെ ട്വിറ്റെര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം മമ്മൂട്ടിക്കും മേല്‍ പറഞ്ഞ രണ്ടു ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നത്. സിനിമ എന്ന കലാരൂപത്തെ ഏറ്റവും സത്യസന്ധമായി സമീപിച്ചതിനും ഇത്ര മികച്ച ചിത്രങ്ങള്‍ നമ്മുക്ക് സമ്മാനിച്ചതിനുമാണ് അദ്ദേഹം അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം നേരുന്നതും അവരോടു നന്ദി പ്രകാശിപ്പിക്കുന്നതും.
റാം സംവിധാനം ചെയ്ത പേരന്പ് എന്ന തമിഴ് ചിത്രം മമ്മൂട്ടിയുടേയും സാധന എന്ന നടിയുടേയും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുമ്പോള്‍ യാത്ര എന്ന തെലുങ്കു ചിത്രം വൈ എസ് രാജശേഖര റെഡ്ഢിയുടെ പദയാത്രയുടെ പുനരാവിഷ്കാരം എന്ന നിലയില്‍ ആണ് വമ്പന്‍ ജനശ്രദ്ധ നേടുന്നത്.
നേരത്തെ ഈ ചിത്രത്തില്‍ വൈ എസ് ആറിന്റെ മകന് ജഗന് മോഹന്‍ റെഡ്ഢി ആയി സൂര്യ എത്തും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ജഗന് മോഹന്‍ റെഡി ആയി വളരെ അടുത്ത സുഹൃത് ബന്ധം പുലര്‍ത്തുന്ന ആളാണ് സൂര്യ.