സുരേഷ് ഗോപിയുടെ മുണ്ടുരിഞ്ഞ് നാദിര്‍ഷ: സംഭവം ഇങ്ങനെ

44

സിനിമാക്കാർക്കിടയിൽ രസകരമായ കഥകൾക്ക് ഒരു പഞ്ഞവുമില്ല. സിനിമയേക്കാൾ കൗതുകകരമാണ് അതിന് പുറത്തു നടക്കുന്ന ചില സംഭവങ്ങൾ. അത്തരത്തിലൊന്ന് പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് സൂപ്പർതാരം സുരേഷ് ഗോപി.

Advertisements

എന്നാൽ തന്റെ കഥയിലെ ‘വില്ലൻ’ നാദിർഷാ ആണെന്ന് കൂടി താരം പറഞ്ഞപ്പോൾ കേട്ടിരുന്നുവർക്ക് അത് ആകാംക്ഷയുടെ വേലിയേറ്റമാണ് സമ്മാനിച്ചത്. ഒരു സ്വകാര്യ ചാനലിലെ ഹാസ്യപരിപാടിയിലാണ് സുരേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഡൽഹിയിലെ ശ്രീഫോർട്ട് ആഡിറ്റോറിയത്തിൽ വച്ച് എന്റെ വസ്ത്രാക്ഷേപം നടത്തിയവനാണിവൻ’ എന്ന് പറഞ്ഞാണ് സുരേഷ് ഗോപി ആ രഹസ്യം പരസ്യമാക്കിയത്. പെട്ടെന്ന് നാദിർഷ ഇടപെട്ട് കാര്യം വ്യക്തമാക്കി. ‘ഒരു പരിപാടിക്കിടെ മിമിക്രി അവതരിപ്പിക്കാനാണ് ഡൽഹിയിലെത്തിയത്.

കോട്ടയം നസീറൊക്കെയുണ്ട്. അദ്ദേഹമാണ് ലീഡർ കെ.കരുണാകരനെ അവതരിപ്പിക്കുന്നത്. ഞാൻ സഖാവ് നയനാരെയും. എന്നാൽ പരിപാടി സമയമായപ്പോഴേക്കും ഞാൻ കരുതി വച്ചിരുന്ന മുണ്ടുമെടുത്ത് നസീർ സ്‌റ്റേജിൽ കയറി.

ഇതോടെ എനിക്ക് മുണ്ടില്ലാതായി. എവിടെ സഖാവ് നയനാർ എന്ന് അവൻ അനൗൺസ് ചെയ്‌തു. എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുമ്പോഴാണ് സുരേഷേട്ടൻ അവിടെ നിൽക്കുന്നത്. മുഖ്യാതിഥിയായി എത്തിയതാണ് അദ്ദേഹം. വലിയ കസവുള്ള മുണ്ടൊക്കെയുടുത്താണ് ചേട്ടൻ വന്നിരിക്കുന്നത്.

എന്റെ പരുങ്ങൽ കണ്ട് ‘എന്താടാ കാര്യമെന്ന്’ അദ്ദേഹം ചോദിച്ചു. സംഭവം ഞാൻ പറഞ്ഞു. ഉടൻ തന്നെ മറ്റൊന്നും ആലോചിക്കാതെ അദ്ദേഹത്തിന്റെ മുണ്ടൂരി, ‘ചെന്ന് കയറെടാ’ എന്ന് പറഞ്ഞ് എനിക്ക് തന്നു. മറ്റൊരു സൂപ്പർതാരവും അന്ന് അദ്ദേഹം ചെയ്‌തത് പോലെ ചെയ്യില്ല എന്ന് എനിക്കുറപ്പാണ് നാദിർഷാ പറഞ്ഞു.

എന്നാൽ ദിവ്യ ഉണ്ണി അടക്കമുള്ള നടിമാർ ഉണ്ടായിരുന്ന വേദിയിൽ നിന്ന് ആരുടെയും കണ്ണിൽ പെടാതെ രക്ഷപ്പെടാൻ താനോടിയ ഓട്ടം ദൈവത്തിന് മാത്രമെ അറിയൂ എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ സദസിൽ നിന്ന് പൊട്ടിച്ചിരി ഉയരുകയായിരുന്നു.

Advertisement