രാഷ്ട്രീയപരമായ കാര്യങ്ങളിൽ സുരേഷ് ഗോപിയോട് അസ്വാരസ്യമുള്ളവർക്കും അദ്ദേഹം ചെയ്യുന്ന സത്പ്രവർത്തിയെ കണ്ടില്ലെന്ന് നടിക്കാനാകില്ല. നടനേക്കാളുപരിയായി താരമിപ്പോൾ സാമൂഹ്യസേവകനായിട്ടാണ് സാധാരണക്കാരുടെ മുന്നിൽ അവതരിപ്പിക്കാറുള്ളത്. ആദിവാസി വിഭാഗങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചും വീടില്ലാത്തവർക്ക് വീടു സമ്മാനിച്ചുമെല്ലാം താരം സന്നദ്ധ പ്രവർത്തനങ്ങളിൽ നിറയുമ്പോൾ ആരാധകർക്കും ഏറെ സന്തോഷമാണ്.
സഹായവാഗ്ദാനം നൽകി മുങ്ങുന്ന അനേകം പേർക്കിടയിൽ ഏറെ വ്യത്യസ്തനാണ് സുരേഷ് ഗോപി. അദ്ദേഹം വാക്കു പറഞ്ഞാൽ എന്തു തന്നെ സംഭവിച്ചാലും ആ വാക്ക് നിറവേറ്റിയിരിക്കും. സ്വന്തം നഷ്ടം സഹിച്ചും അദ്ദേഹം മറ്റുള്ളവർക്കായി സേവനത്തിനായി മുന്നിട്ടിറങ്ങാറുണ്ട്.
സോഷ്യൽമീഡിയയിലൂടെ പണം പിരിച്ച സഹായം ചെയ്യുന്നവർ വരെ തട്ടിപ്പു കാണിക്കുന്ന കാലത്താണ് സുരേഷ് ഗോപി എല്ലാവരിൽ നിന്നും വ്യത്യസ്തനാകുന്നത്. കോവിഡാനന്തരം പ്രതിസന്ധിയിലായ മിമിക്രി-സ്റ്റേജ് കലാകാരന്മാർക്ക് കൈത്താങ്ങായതും സുരേഷ് ഗോപിയായിരുന്നു. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച കോമഡി ഷോയിൽ ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെയാണ് താരം അതിഥിയായി എത്തിയത്.
അന്ന് അദ്ദേഹം പ്രഖ്യാപിച്ച വാക്ക് ഇപ്പോഴിതാ വീണ്ടും പാലിച്ചിരിക്കുകയാണ്. താൻ ഇനി ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയായ മാ (maa)ക്ക് നൽകുമെന്ന് അന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
പറഞ്ഞവാക്ക് കൃത്യമായി പാലിച്ചുകൊണ്ടു തന്നെ താരം അദ്ദേഹത്തിന്റെ രണ്ടാം വരവിലെ ആദ്യ ചിത്രം കാവൽ എന്ന സിനിമയ്ക്ക് പ്രതിഫലം കിട്ടിയപ്പോൾ അതിൽ നിന്നും രണ്ടു ലക്ഷം രൂപ ‘MAA’ എന്ന സംഘടനക്ക് അദ്ദേഹം കൈമാറിയിരുന്നു. അതിനു ശേഷം വീണ്ടും അദ്ദേഹം ആ വാക്ക് പാലിച്ചിരിക്കുകയാണ്. തന്റെ അടുത്ത ചിത്രമായ ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ അഡ്വാൻസ് തുകയിൽ നിന്നും അദ്ദേഹം പറഞ്ഞത് പോലെ രണ്ട് ലക്ഷം കൈമാറിയിരുന്നു.
ഇപ്പോഴിതാ വീണ്ടും അദ്ദേഹം അടുത്ത സിനിമയുടെ അഡ്വാൻസായി ലഭിച്ച തുക മാ സംഘടനയ്ക്ക് കൈമാറിയിരിക്കുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ അഡ്വാൻസിൽ നിന്നാണ് രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറിയിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം കൈമാറിയതായി സുരേഷ് ഗോപി തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു. അരുൺ വർമ സംവിധാനം ചെയ്യുന്ന എസ്ജി 255 എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയാണ് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് നാദിർഷയ്ക്ക് കൈമാറിയത്.
ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്കു നൽകിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിലും പിന്നീട് ഈ വർഷം ഏപ്രിലിലുമാണ് ഇതിന് മുമ്പ് സുരേഷ് ഗോപി തുക സമ്മാനിച്ചത്.
‘MAA’ ക്ക് വേണ്ടി സുരേഷ് ഗോപിയിൽ നിന്നും നാദിർഷ ചെക്ക് കൈപ്പറ്റുന്നതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെയും ചെക്കിന്റെയും ഫോട്ടോ സുരേഷ് ഗോപി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
അതേസമയം, താത്തിന്റെ സന്മനസിനെ വാഴ്ത്തി നിരവധി പേരാണ് പോസ്റ്റിന് താഴെ താരത്തിന് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നത്. ഈ ഓണക്കാലത്താണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസും സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് നൽകിയിരുന്നു.