മലയാളി സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില് ഓരാളാണ് സുരേഷ് ഗോപി. ഒരു നല്ല നടന്‍ മാത്രമല്ല, മനുഷ്യസ്‌നേഹിയും രാഷ്ട്രീയപ്രവര്‍ത്തകനും കൂടിയാണ്. ബിജെപി അനുഭാവിയാണ് താരം.
തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാന്‍ താരത്തിന് ഒരു മടിയുമില്ല. പല വിഷയങ്ങളിലും താരം തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തൃശ്ശൂരിലെ ശക്തന്‍ നഗറില്‍ പണിത ആകാശ പാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി മുരളീധരനെ ക്ഷണിക്കാത്തില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് താരം.
തൃശ്ശൂരിലെ ആകാശ പാത കേന്ദ്ര സര്‍ക്കാരിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പദ്ധതിയാണ്. ഇതിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി മുരളീധരനെ ക്ഷണിക്കാത്തതിലുള്ള പ്രതിഷേധവും വിഷമവും കോര്‍പ്പറേഷനെ അറിയിക്കുന്നുവെന്നും അദ്ദേഹത്തെയും ചടങ്ങില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു.
സിനിമയില്‍ പറഞ്ഞതുപോലെ സ്മരണ വേണം. അദ്ദേഹത്തെ ചടങ്ങില്‍ പങ്കെടുപ്പിക്കണമായിരുന്നു എന്നത് ഒരു അപേക്ഷയെല്ലെന്നും അത് ആവശ്യം തന്നെയാണെന്നും രണ്ടുതവണയായി 270 കോടിയും 251 കോടിയുമാണ് നല്കിയതെന്നും ഇതൊന്നും ജനങ്ങള്‍ അറിയുന്നില്ലല്ലോ എന്നും താരം പറയുന്നു.
ജനോപകാരപ്രദമായാണ് പദ്ധതി വിഭാവനം ചെയ്തത്. പണം എല്ലാം കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന ഇനിയിള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും കുത്തിത്തിരിപ്പുകളില്ലാതെ ധാരാളം പദ്ധതികള്‍ വരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.