എക്കാലവും സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള കംപ്ലീറ്റ് ആക്ടർ മോഹൻലാൽ സംവിധായകന്റെ വേഷമണിയുന്നു. സിനിമാ സംവിധാന രംഗത്തേക്ക് വരുന്ന കാര്യം താരം ബ്ളോഗെഴുത്തിലൂടടെയാണ് അറിയിച്ചിരിക്കുന്നത്. നാൽപ്പതിലധികം വർഷമായി താൻ സിനിമാ രംഗത്തുണ്ട്. എത്രയും കാലം ക്യാമറയ്ക്ക് മുന്നിൽ നിന്ന് പകർന്നാടിയ താൻ ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം കുറിച്ചു. ബറോസ്സ് എന്നാണ് മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. പോർച്ചുഗീസ് പശ്ചാത്തലത്തിൽ ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നതെന്നും താരം അറിയിച്ചു.
മോഹൻലാലിന്റെ ബ്ലോഗിന്റെ പൂർണരൂപം
”ബറോസ്സ്” സ്വപ്നത്തിലെ നിധികുംഭത്തിൽ നിന്ന് ഒരാൾ
ജീവിതത്തിലെ ഓരോ വളവുതിരിവുകൾക്കും അതിന്റേതായ അർഥമുണ്ട് എന്ന സത്യത്തിൽ എല്ലാകാലത്തും ഞാൻ അടിയുറച്ച് വിശ്വസിച്ചിരുന്നു. എന്റെ ജീവിതാനുഭവങ്ങൾ തന്നെയാണ് ഈ സത്യത്തെ വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഒരു സിനിമാനടനാവാൻ ഒട്ടും മോഹിച്ചിട്ടില്ലാത്ത, ഒരാളുടെയടുത്തു പോലും ഒരു ചാൻസ് ചോദിച്ചിട്ടില്ലാത്ത ഞാൻ കഴിഞ്ഞ നാൽപ്പതിലധികം വർഷങ്ങളായി ഒരു അഭിനേതാവായി ജീവിക്കുന്നു. അഭിനേതാവായി അറിയപ്പെടുന്നു. അതിന്റെ പേരിൽ പുരസ്കൃതനാവുന്നു. ആലോചിക്കുന്തോറും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണിത്. ആ ആത്ഭുതത്തോടെ ആകാംക്ഷയോടെയാണ് ഞാൻ ഇപ്പോൾ ജീവിതത്തിന്റെ ഓരോ വളവുതിരിവുകളേയും നേരിടുന്നത്. വളവിനപ്പുറം എന്താണ് എന്നെ കാത്ത് നിൽക്കുന്നത് എന്ന നിഗൂഢത എപ്പോഴും എന്നിലെ കലാകാരനെ ത്രസിപ്പിക്കുന്നു. തുടർന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നു.
നാല് പതിറ്റാണ്ടിലധികം നീണ്ട് അഭിനയയാത്രയിൽ ഇതാ ഒരു ഷാർപ്പ് ടേണിനപ്പുറം ജീവിതം അത്ഭുതകരമായ ഒരു സാധ്യത എന്റെ മുന്നിൽ വച്ചിരിക്കുന്നു. അതെ ഞാൻ ഒരു സിനിമ സംിവധാനം ചെയ്യാൻ പോകുന്നു. പ്രിയപ്പെട്ടവരേ. ഇത്രയും കാലം ക്യാമറക്ക് മുന്നിൽ നിന്ന് പകർന്നാടിയ ഞാൻ ക്യാമറക്ക് പിറകിലേക്ക് നീങ്ങുന്നു. വ്യൂ ഫൈൻഡറിലൂടെ കണ്ണിറുക്കി നോക്കാൻ പോവുന്നു. ”ബറോസ്സ്” എന്നാണ് ഞാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്. ഇത് ഒരു ‘3d ‘ സിനിമയാണ്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഈ സിനിമ ആസ്വദിക്കാം. കഥയുടെ മാന്ത്രികപ്പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം അറബിക്കഥകൾ വിസ്മയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസ്സുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസ്സിന്റെ തീർത്തും വ്യത്യസ്തമായ ഒരു ലോകം തീർക്കണം എന്നാണ് എന്റെ സ്വപ്നം.
ഞാൻ ആദ്യം പറഞ്ഞതുപോലെ, ഇത്തരം ഒരു തീരുമാനം മുൻകൂട്ടിയെടുത്തതല്ല. കലാസാക്ഷാത്കാരത്തിന്റെ വ്യത്യസ്ത തലങ്ങൾക്കായുള്ള നിരന്തരമായ അന്വേഷണത്തിനൊടുവിൽ വന്ന് സംഭവിച്ചതാണ്. ഞാനും പ്രശസ്ത സംവിധായകനായ ടികെ. രാജീവ്കുമാറും കൂടി ഒരു ‘3d’ സ്റ്റേജ് ഷോ ചെയ്യണം എന്ന് ആലോചിച്ചിരുന്നു. കുറച്ച് കഥാപാത്രങ്ങൾ നടനെ അന്വേഷിച്ച് പോവുന്ന തരത്തിലായിരുന്നു അത് ഒരുക്കിയിരുന്നത് ഈ സ്റ്റേജ് ഷോ ചെയ്യാനായി ഇന്ത്യയിലെ ആദ്യ ‘3ഡി’ സിനിമ (മൈ ഡിയർ കുട്ടിച്ചാത്തൻ) സംവിധാനം ചെയ്ത ജിജോയേ (നവോദയ) ഞങ്ങൾ പോയി കണ്ടു. ജീനിയസ്സ് എന്ന് വിശേഷിപ്പിക്കാവുന്ന അദ്ദേഹം ഞങ്ങളോട് സംസാരിച്ചു.അതിന്റെ ചിലവുകൾ ഞങ്ങൾ കണക്കാക്കി. ഭീമമായ ഒരു തുക ആവശ്യമായി വരും എന്ന് മനസ്സിലായി.
വലിയ സാഹസങ്ങൾക്ക് വലിയ വില നൽകേണ്ടി വരും. ജീവിതത്തിലായാലും കലയിലായാലും. അന്നത്തെ പ്രത്യേക സാഹചര്യത്തിൽ അത്രയും ഭീമമായ ഒരു തുക എന്നത് പല കാരണങ്ങൾ കൊണ്ടും അപ്രാപ്യമായിരുന്നു. തൽക്കാലം ഞങ്ങൾ ആ പദ്ധതി മാറ്റിവച്ചു. സൂക്ഷ്മാർഥത്തിൽ നോക്കിയാൽ ജീവിതത്തിലെ ഒരു അധ്വാനവും പൂർണ്ണമായി പാഴാവുന്നില്ല. എന്തെങ്കിലും ഒരു ഉപഫലം അത് നൽകും. ജിജോയുമായുള്ള സംസാരത്തിൽ അദ്ദേഹം എഴുതിയ ഒരു ഇംഗ്ലീഷ് കഥയുടെ വിഷയത്തെക്കുറിച്ച് സംസാരിച്ചു.
അത് ഒരു ‘മിത്ത്’ ആയിരുന്നു. ഒരു ‘മലബാർ തീർദേശ മിത്ത്’ ബറോസ്സ്-ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ. (Barros Gurdian of Gamas Tressure). പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വർഷങ്ങളായി അയാൾ അത് കാത്ത് സൂക്ഷിക്കുന്നു. യഥാർഥ പിന്തുടർച്ചക്കാർ വന്നാൽ മാത്രമേ അയാൾ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തക്ക് ഒരു കുട്ടി വരികയാണ്. അവർ തമ്മിലുള്ള ബന്ധവും. അതിന്റെ രസങ്ങളുമാണ് കഥ.
കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോ എന്ന് തോന്നി. ആക്കാവുന്നതാണ് എന്ന് ജിജോ പറഞ്ഞു. അപ്പോൾ ആരു സംവിധാനം ചെയ്യും എന്ന അടുത്ത ചോദ്യം വന്നു. ഇതുവരെ ചെയ്യാത്ത ചില കാര്യങ്ങൾ ചെയ്യാൻ വെമ്ബുന്ന ഒരു മനസ്സാണ് എന്റേത്. നാം അതുവരെ കാണാത്ത, അറിയാത്ത ഒരു ഭൂവിഭാഗത്തിലൂടെ യാത്ര ചെയ്യുന്ന ആനന്ദം മനുഷ്യനെ എന്നും ഉന്മത്തനാക്കിയിട്ടുണ്ട്. ജിജോ ഈ കഥ പറഞ്ഞപ്പോൾ എന്റെയുള്ളിലെവിടെയോ മോഹത്തിന്റെ ഒരു മരം തളിരണിഞ്ഞു. അതിൽ പ്രചോദനത്തിന്റെ പൂക്കൾ നിറഞ്ഞു. ഒട്ടും മുൻനിശ്ചയമില്ലാതെ ഞാൻ പറഞ്ഞുപോയി. ”ഈ സിനിമ ഞാൻ സംവിധാനം ചെയ്താലോ?”
അപ്പോൾ ജിജോ പറഞ്ഞു ചെയ്യണം ലാലുമോൻ (എന്നെ അദ്ദേഹം അങ്ങിനെയാണ് ആദ്യം മുതൽ വിളിക്കുന്നത്) നിങ്ങളൊക്കെ ഇനി പുതിയ മേഖലകളിലൂടെ സഞ്ചരിക്കണം. അവിടെ കൂടുതൽ അത്ഭുതങ്ങൾ കണ്ടെത്താൻ സാധിക്കും.
അദ്ദേഹവുമായുള്ള എന്റെ പരിചയം എത്രയോ വർഷങ്ങൾ നീണ്ടതാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ തുടങ്ങുന്നു അത്. ഇന്ത്യയിൽ 3 ഡി സിനിമയേക്കുറിച്ചു ആരും ആലോചിക്കാത്ത കാലത്തു മലയാളത്തിന്റെ പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട് ജിജോ മൈ ഡിയർ കുട്ടിച്ചാത്തൻ സൃഷ്ടിച്ചപ്പോൾ ഞങ്ങളുടെ തലമുറ അത്ഭുതത്തോടെ ഈ മനുഷ്യനെ നോക്കി നിന്ന്.
സെല്ലുലോയിഡിൽ ജീനിയസിന്റെ മുദ്ര പതിയുന്നത് കണ്ടു. അനുഭവിച്ചു. സിനിമയിൽ നിന്നും അദ്ദേഹം പിൻവാങ്ങി അജ്ഞാതമായ മറ്റേതോ നിശ്ശബ്ദതതയിലേക്ക് മറഞ്ഞപോഴും അതെ അത്ഭുതം എന്നിൽ ഉണ്ടായിരുന്നു. ഇപ്പോൾ മറ്റൊരത്ഭുതമായി അദ്ദേഹം എന്റെ മുന്നിൽ ഇരിക്കുന്നു. ഒരു കലാകാരന്റെ മനസ് ഒരിക്കലും നിലയ്ക്കുന്നില്ല എന്ന് ബോധ്യപെടുത്തിക്കൊണ്ടു
ഗോവയിലായിരിക്കും ഈ സിനിമ ചിത്രീകരിക്കുക. അതിനുള്ള സ്ഥലങ്ങളെല്ലാം കണ്ടുകഴിഞ്ഞു. ഒരുപാട് വിദേശ അഭിനേതാക്കൾ വേണം. പ്രത്യേകിച്ചും ആ കുട്ടി. ഇതിന് വേണ്ടിയുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ബറോസ്സ് ഒരു തുടർ സിനിമ ആയിട്ടായിരിക്കും സൃഷ്ടിക്കപ്പെടുക.
എനിക്ക് ഒരു ലോക സിനിമ ചെയ്യാനാണിഷ്ടം എന്ന ജിജോയുടെ സ്വപ്നത്തിന്റെ തുടക്കമാണ് ഈ സിനിമ… ഈ സിനിമയിൽ ബറോസ്സായി അഭിനയിക്കുന്നതും ഞാൻ തന്നെ. വീണ്ടുമൊരിക്കൽ നവോദയ കുടുംബവുമായി ബന്ധപ്പെടുന്നതിന്റെ ആനന്ദവും ഞാൻ ഇപ്പോൾ അനുഭവിക്കുന്നു എന്നെ സംബന്ധിച്ചിടത്തോളം ഒരു കുടുംബ സംഗമമാണിത്. എത്രയെത്ര മനുഷ്യരും അവരുംട സ്നേഹവും അവിടെ ഇപ്പോഴുമുണ്ട്. എനിക്ക് തിരിച്ച് പിടിക്കാനായി പുതുക്കാനായി.
എന്റെ മനസ്സ് ഇപ്പോൾ ബറോസ്സിന്റെ ലഹരിയിലാണ് രുപാട് ദൂരങ്ങൾ താണ്ടാനുണ്ട്. പല കാര്യങ്ങൾ ചെയ്യാനുണ്ട്. സെവിധാനം എന്ന കിരീടത്തിന്റെ ഭാരം എനിക്ക് നന്നായിട്ടറിയാം എത്ര കാലമായി ഞാനത് കണ്ടുകൊണ്ടിരിക്കുന്നു.
ഇപ്പോൾ എന്റെ ശിരസ്സിലും ആ ഭാരം അമരുന്നു. അതിന്റെ കനം കുറേശ്ശേ കുറേശ്ശേ ഞാൻ അറിഞ്ഞു തുടങ്ങുന്നു. എന്റെ രാവുകൾക്ക് ഉറക്കം നഷ്ടപ്പെടുന്നു. ഈ അസ്വസ്ഥതകളിൽ നിന്നും ബറോസ് പുറത്തു വരും. കയ്യിൽ ഒരു നിധി കുംഭവുമായി അയാൾക്ക് മുന്നിൽ നക്ഷത്രക്കണ്ണുള്ള ഒരു കുട്ടിയുണ്ടാവും അവരുടെ കളിചിരികൾ ഉണ്ടാവും വിസ്മയ സഞ്ചാരങ്ങൾ ഉണ്ടാവും ആ വിശേഷങ്ങൾ ഞാൻ വഴിയേ പറയാം.