ആരാധകരെ ആവേശത്തിലാക്കി ദുല്‍ഖര്‍ സല്‍മാന്റെ പ്രഖ്യാപനം, കൊല്ലം കരുനാഗപ്പള്ളിയിലെ ജ്യുവലറി ഉദ്ഘാടനത്തിനെത്തിയ ദുല്‍ഖര്‍ ചടങ്ങില്‍ ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചു. ചടങ്ങിനിടെ ദുല്‍ഖര്‍ ആരാധകരോട് പങ്കുവെച്ച വാക്കുകളും കയ്യടി നേടി.
‘ആരും തിരക്ക് കൂട്ടരുത്. എല്ലാവരും സുരക്ഷിതരായിരിക്കണം. നമ്മൾ ഇവിടെതന്നെയുണ്ടല്ലോ. ഇത്രയും നേരം എന്നെ കാത്തിരിന്ന നിങ്ങൾക്ക് ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ടം ഒരുപാട് ഉമ്മ.’കരുനാഗപ്പള്ളിയില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിനാണ് ദുല്‍ഖര്‍ എത്തിയത്. റോഡ് തിങ്ങിനിറഞ്ഞ് ആയിരങ്ങളാണ് പ്രിയതാരത്തെ നേരിട്ട് കാണാന്‍ എത്തിയിരുന്നത്.
തന്നെ കാണാന്‍ മണിക്കൂറുകളോളം കാത്തിരുന്നവരെ അഭിസംബോധന ചെയ്ത ശേഷമായിരുന്നു ദുല്‍ഖറിന്‍റെ പ്രഖ്യാപനം. ഈ ചടങ്ങില്‍ പങ്കെടുത്തതില്‍ നിന്ന് തനിക്ക് ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന പ്രഖ്യാപനത്തെ ഹര്‍ഷാരവത്തോടെയാണ് ആരാധകര്‍ സ്വാകരിച്ചത്.
പ്രളയദുരിതത്തില്‍ പെട്ട സംസ്ഥാനത്തിന് കൈത്താങ്ങാവാന്‍ ആരംഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ മലയാളസിനിമാതാരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍. മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് നിധിയിലേക്ക് നല്‍കിയത്. എറണാകുളം ജില്ലാ കലക്ടര്‍ക്ക് മമ്മൂട്ടി നേരിട്ടെത്തി തുക കൈമാറുകയായിരുന്നു.
ഇതിന് പിന്നാലെ ഒരു ഉദ്ഘാടന ചടങ്ങിന് തനിക്ക് ലഭിച്ച പ്രതിഫലവും ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.