ബോളിവുഡിനെ വരെ പരാജയപ്പെടുത്തി പാൻ ഇന്ത്യൻ ലെവലിൽ ഹിറ്റാകുന്നത് ഇപ്പോൾ തെന്നിന്ത്യൻ സിനിമകളാണ്. ബാഹുബലി സീരീസും കെജിഎഫ് സീരീസും എല്ലാം ഇതിന് ഉദാഹരണം മാത്രം. ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് സിനിമയാണ് എന്ന ചിന്തകളെ മാറ്റി മറിച്ചുകൊണ്ട് ഓസ്‌കാർ നേട്ടം പോലും തെന്നിന്ത്യയിലെത്തി.
ബോളിവുഡിന്റെ അപ്രമാദിത്വം അവസാനിപ്പിച്ച തെന്നിന്ത്യൻ സിനിമകൾ തന്നെയാണ് ലോക്ക് ഡൗൺ കാലത്ത് തകർന്ന സിനിമാ വ്യവസായത്തിന് പുത്തനുണർവ്വ് നൽകിയതും. ഇപ്പോൾ പഴയ പ്രതാപത്തിലേക്ക് ബോളിവുഡും തിരിച്ചെത്തികയാണ്.
ഷാരൂഖ് ഖാൻ തുടർ വിജയങ്ങളുമായി എത്തിയതും സൽമാൻ ഖാനും സണ്ണി ഡിയോളും ഹിറ്റ് അടിച്ചതുമെല്ലാം ബോളിവുഡിന് ഉണർവായി. ഇതിനിടെയാണ് സിനിമാ സാമ്പത്തിക വിജയത്തിനൊപ്പം താരങ്ങളുടേയും അണിയറ പ്രവർത്തകരുടേയും പ്രതിഫലവും ചർച്ചയാകുന്നത്.
വൻ വിജയത്തോടെ രജനികാന്ത് ഉൾപ്പടെയുള്ള സൂപ്പർതാരങ്ങൾ പ്രതിഫലത്തിൽ വൻ വർധനവാണ് വരുത്തിയിരിക്കുന്നത്. പൊതുവെ സിനിമാ ലോകത്ത് താരങ്ങൾക്കാണ് മറ്റ് സിനിമാപ്രവർത്തകരേക്കാൾ പ്രതിഫലം കൂടുതൽ ലഭിക്കുക.
അതിൽ തന്നെ നായക നടന്മാർക്കാണ് സംവിധായകരേക്കാൾ വലിയ പ്രതിഫലം ലഭിക്കാറുള്ളത്. എന്നാൽ ഇതിനെ മറികടക്കുന്ന സംവിധായകരും ഉണ്ട്. തങ്ങൾ സൃഷ്ടിച്ച വലിയ ഹിറ്റ് സിനിമകൾ തന്നെയാണ് ഉയർന്ന പ്രതിഫലം വാങ്ഹാൻ സംവിധായകരെ പ്രേരിപ്പിക്കുന്നതും.
ഇതിൽ ചില സംവിധായകരുടെ പ്രതിഫലം ഇന്ത്യയിൽ ഇന്നുള്ള സൂപ്പർതാരങ്ങളും വാങ്ങുന്ന പ്രതിഫലത്തേക്കാൾ വളരെ കൂടുതലാണ്. ബാഹുബലി ഫ്രാഞ്ചൈസിയിലൂടെ തെലുങ്ക് സിനിമയെ പുതിയ ഉയരങ്ങളിലെത്തിച്ച സംവിധായകൻ എസ് എസ് രാജമൗലിയാണ് ഇത്തരത്തിൽ ഇന്ത്യയിലെ മറ്റേത് സിനിമാ താരത്തേക്കാളും കൂടുതൽ പ്രതിഫലം വാങ്ങി കണക്കുകളിൽ ഒന്നാമൻ.
പുറത്തുവന്ന സ്റ്റാറ്റിസ്റ്റയുടെയും ഡിഎൻഎയുടെയും റിപ്പോർട്ട് അനുസരിച്ച് 200 കോടിയാണ് രാജമൗലി നിലവിൽ ഒരു സിനിമയ്ക്ക് വാങ്ങുന്നത്. പ്രതിഫലത്തിനൊപ്പം പ്രോഫിറ്റ് ഷെയറിംഗിലൂടെയും അദ്ദേഹം പ്രതിഫലം പറ്റുന്നുണ്ട്. രാജമൗലിയുടെ അവസാന ചിത്രമായ ആർആർആറിൽ നിന്ന് ലഭിച്ചത് പ്രോഫിറ്റ് ഷെയർ 30 ശതമാനമായിരുന്നു.
1100 കോടി ആഗോള ഗ്രോസ് നേടിയ ചിത്രത്തിന്റെ 30 ശതമാനും കോടികളാണെന്ന് പറയേണ്ടതില്ലല്ലോ. നെറ്റ്ഫ്‌ലിക്‌സ് റിലീസിലൂടെ പാശ്ചാത്യരായ സിനിമാപ്രേമികൾക്കിടയിലും വലിയ സ്വീകാര്യത നേടിയ ഈ ചിത്രത്തിന് മികച്ച ഒറിജിനൽ സോംഗിനുള്ള ഓസ്‌കർ പുരസ്‌കാരവും ലഭിച്ചു.
മഹേഷ് ബാബു നായകനാവുന്ന അഡ്വഞ്ചർ ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമാണ് രാജമൗലി ഇനിയൊരുക്കുന്നത്. താരങ്ങളിൽ പ്രതിഫലത്തിൽ മുന്നിൽ ബോളിവുഡിന്റെ കിങ് ഖാൻ ഷരൂഖ് ഖാൻ തന്നെയാണ്. ഇടവേളയ്ക്ക് ശേഷമുള്ള തന്റെ തിരിച്ചുവരവ് ചിത്രമായ പത്താന്റെ റിലീസിന് മുൻപ് ഷാരൂഖ് ഖാൻ ഒരു രൂപ പോലും വാങ്ങിയിരുന്നില്ലെന്നാണ് വിവരം.
ഈ ചിത്രത്തിന് പ്രോഫിറ്റ് ഷെയറിംഗ് കരാർ ആയിരുന്നു കിങ് ഖാനും നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസും തമ്മിൽ ഉണ്ടായിരുന്നത്. കരാർ പ്രകാരം ഷാരൂഖ് ഖാന് ലഭിക്കുക 200 കോടി ആണെന്നായിരുന്നു റിപ്പോർട്ടുകൾ.
പിന്നാലെ എത്തിയ മറ്റൊരു ഷാരൂഖ് ചിത്രമായ ജവാനിൽ 100 കോടി പ്രതിഫലവും ലാഭത്തിന്റെ 60 ശതമാനവുമാണ് കിങ് ഖാന് ലഭിക്കുക. അതേസമയം തെന്നിന്ത്യയിലെ സൂപ്പർതാരമായ വിജയ് തന്റെ ഏറ്റവും പുതിയ ചിത്രം ലിയോയ്ക്കായി വാങ്ങിയ പ്രതിഫലം 120 കോടിയാണെന്നായിരുന്നു റിപ്പോർട്ടുകൾ.