സണ്ണി ലിയോണിനെ കിട്ടാന്‍ മുടക്കേണ്ടത് 14 ലക്ഷം രൂപ

14

14 ലക്ഷം രൂപയും മുംബൈയില്‍ നിന്നുള്ള രണ്ടു ബിസിനസ് ക്ലാസ് ടിക്കറ്റും നിലത്തിറങ്ങുമ്പോള്‍ ആരാധകരെ തള്ളിയിടാന്‍ 10 ബൗണ്‍സര്‍മാരെയും ഒരുക്കി നിര്‍ത്തിയാല്‍ സണ്ണി ലിയോണ്‍ ഇനിയും ഉദ്ഘാടനങ്ങള്‍ക്കായി പറന്നുവരും, കൊച്ചിയില്‍ എന്നല്ല, കേരളത്തില്‍ എവിടെയും. സിനിമാ താരങ്ങള്‍ക്ക് അഭിനയം പോലെയോ അല്ലെങ്കില്‍ അതിനേക്കാള്‍ മുകളിലോ പ്രതിഫലം നല്‍കുന്ന മേഖലയാണ് ഉദ്ഘാടനം. അത് കൈകാര്യം ചെയ്യാനായി വമ്പന്‍ സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനികള്‍ ഇന്ന് ഇന്ത്യയില്‍ ഉണ്ട്. ഷാരൂഖ് ഖാനെയോ സണ്ണി ലിയോണിനെയോ ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ക്ക് അവരെ കണ്ടുപരിചയം പോലും ഉണ്ടാവേണ്ട ഒരു കാര്യവും ഇല്ല. ഇവരുടെ പൊതുപരിപാടികളുടെ കരാറെടുത്ത കമ്പനികളുമായി ചര്‍ച്ച നടത്തിയാല്‍ മതി. ബാഹുബലി താരം റാണ ദഗ്ഗുബാട്ടി മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വരെ ഇത്തരം കമ്പനികള്‍ നടത്തുന്നുണ്ട്. എല്ലായിടത്തെയും പോലെ മലയാളത്തിലും ഉദ്ഘാടന മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡ് സിനിമാ താരങ്ങള്‍ക്ക് തന്നെയാണ്. ഒരു ഉദ്ഘാടനത്തിന് 30 40 ലക്ഷം രൂപ വരെ വാങ്ങുന്ന മെഗാസ്റ്റാറുകള്‍ ഉണ്ട്.

‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ ‘ജോഷി ചതിച്ചാശാനേ’ എന്ന പ്രശസ്തമായ ഡയലോഗ് ഓര്‍മയുണ്ടോ? കുഞ്ഞച്ചന്റെ ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനത്തിന് മോഹന്‍ലാല്‍ വരുമെന്ന് പറഞ്ഞ് ഒടുവില്‍ ജോഷി ചതിച്ചാശാനേ… എന്നു പറഞ്ഞ് ഓടി വരുന്ന കുഞ്ഞച്ചന്മാരുടെ കാലമൊക്കെ പോയി. സെറ്റില്‍ പോയി ഒരു താരത്തെ കാത്തിരുന്ന് സോപ്പിട്ടും ചാക്കിട്ടും പിടിക്കുന്നതൊക്കെ പഴയ കഥ. സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനികളുമായി ചര്‍ച്ച നടത്താതെ ഇന്ന് ഉദ്ഘാടനങ്ങള്‍ക്ക് താരങ്ങളെ കിട്ടാത്ത അവസ്ഥയാണ്. വന്‍ ജ്വല്ലറികളും ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളുമായിരുന്നു ഒരുകാലത്ത് താരങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് ഇത്തരം സ്ഥാപനങ്ങള്‍ക്കൊക്കെ ബ്രാന്‍ഡ് അംബാസിഡര്‍മാരുണ്ട്. അവരാണ് ഉദ്ഘാടനം നടത്തുന്നത്. ബ്രാന്‍ഡ് അംബാസിഡര്‍മാരായി കരാര്‍ ഒപ്പിടുന്ന വേളയില്‍ ഉദ്ഘാടനങ്ങളുടെ ചുമതലയും കരാറില്‍ എഴുതിച്ചേര്‍ക്കുന്നു. പണ്ടൊക്കെ കടയുടെ ഉദ്ഘാടനത്തിന് വന്ന താരങ്ങള്‍ അവിടെ നിന്ന് ഇഷ്ടമുള്ള മാലയോ കമ്മലോ വളയോ വസ്ത്രങ്ങളോ എടുത്തിട്ട് ബില്‍ കൊടുക്കാതെ പോകുന്ന രീതിയുണ്ടായിരുന്നു. കരാര്‍ വന്നതോടെ ഇപ്പോള്‍ അതുകൊണ്ട് ഉടമസ്ഥന്മാര്‍ക്ക് ഈ പേടിയും ഇല്ല.

Advertisements

മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് ഏറെ പിടിവലിയുള്ള താരമെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ പറയുന്നു. വിരലില്‍ എണ്ണാവുന്ന ഉദ്ഘാടനങ്ങള്‍ക്കു മാത്രമാണ് ദുല്‍ഖര്‍ പോകാറുള്ളത്. നിവിന്‍ പോളി ഇതുവരെ ഒരു കമ്പനിയുടെയും ബ്രാന്‍ഡ് അംബാസിഡര്‍ അല്ല. സിനിമയില്‍ എത്തിയിട്ടു 10 വര്‍ഷത്തില്‍ ഏറെയായെങ്കിലും ഈ വര്‍ഷമാണ് നയന്‍താര ടാറ്റാ സ്‌കൈയുമായി ബ്രാന്‍ഡ് അംബാസിഡറാകാന്‍ കരാര്‍ ഒപ്പിട്ടത്.
മൊബൈല്‍ കമ്പനികള്‍ വന്നതോടെയാണ് ഏതു താരത്തെ വേണമെങ്കിലും ഉദ്ഘാടനത്തിന് കൊണ്ടുവരാം എന്ന സ്ഥിതിയുണ്ടായത്. സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയതും ഇങ്ങനെ തന്നെയാണ്. സണ്ണി ലിയോണിന് മുന്‍പ് സമീപകാലത്ത് കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ബോബി ചെമ്മണ്ണൂര്‍ കണ്ണൂരിന്റെ മണ്ണില്‍ മറഡോണയെ ഇറക്കി കളിച്ചതാണ്. മറഡോണയുടെ ജനപ്രീതിയായിരുന്നു ഇതിനു പിന്നില്‍. കുറേനാള്‍ മുമ്പുവരെ കേരളത്തില്‍ ഏറെ കടയുദ്ഘാടനങ്ങള്‍ നടത്തിയിരുന്നത് കാവ്യ മാധവന്‍ ആയിരുന്നു. ഇന്ന് ഈ സ്ഥാനം ഹണി റോസിനും നമിതാ പ്രമോദിനുമാണ്.

അഖിലേന്ത്യാ തലത്തില്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കാണ് ഉദ്ഘാടന മാര്‍ക്കറ്റില്‍ ഏറെ ഡിമാന്റ്. കേരളത്തിലുള്ളവരില്‍ ഫുട്‌ബോള്‍ താരം സികെ.വിനീതാണ് വന്‍ ഡിമാന്റ് ഉള്ള സ്‌പോര്‍ട്‌സ് താരം. താരങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഉദ്ഘാടന ദിവസത്തെ ഓളം മാത്രമല്ല ലക്ഷ്യം. ഉദ്ഘാടനത്തിനു മുമ്പ് താരത്തിന്റെ വീഡിയോ പുറത്തിറക്കും. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കും. നാട്ടിലാകെ ഫ്‌ലെക്‌സുകള്‍. സണ്ണി ലിയോണിന്റെ കൊച്ചിയിലെ വരവ് മാര്‍ക്കറ്റ് ചെയ്യാനായി വന്‍തോതിലാണു സമൂഹ മാധ്യമത്തെ ഉപയോഗിച്ചത്. സണ്ണി പോയിട്ടും സമൂഹ മാധ്യമങ്ങളിലെ ഓളം അടങ്ങുന്നില്ല. രണ്ടു ദിവസത്തിനിടെ സണ്ണി തന്നെ മൂന്ന് ട്വീറ്റുകളാണ് കൊച്ചി സന്ദര്‍ശനത്തെപ്പറ്റി ചെയ്തത്. രണ്ടര ലക്ഷം പേരാണ് ട്വിറ്ററില്‍ സണ്ണി ലിയോണിനെ പിന്തുടരുന്നത്.

Advertisement