1998 ൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമ പ്രണയത്തിനും ഹാസ്യത്തിനും നാടകീയതക്കും ഒരു പോലെ പ്രാധാന്യം നൽകി അണിയിച്ചൊരുക്കിയ തിളക്കമാർന്ന ചിത്രമായിരുന്നു. ഈ സിനിമ ഓർത്തിരിയ്ക്കാത്ത മലയാളികൾ ഉണ്ടാകില്ല എന്നു തന്നെ പറയാം. കാരണം നായകൻ നായികാ സങ്കല്പങ്ങളേക്കാൾ ഉപരി അഭിനേതാക്കളിൽ നിന്നും കഥാപാത്രങ്ങൾ മാത്രമായി മാറിയ നമ്മുടെ ഇഷ്ടതാരങ്ങൾ ആയിരുന്നു ചിത്രത്തിൽ നിറഞ്ഞ് നിന്നത്.
അതുവരെ ഉണ്ടായിരുന്ന സിനിമാ സങ്കല്പങ്ങളിൽ നിന്ന് അല്പം മാറി സഞ്ചരിച്ച ഒരു പ്രമേയമായിരുന്നു ചിത്രത്തിന്റേത്. ഗിരീഷ് പുത്തഞ്ചേരി-വിദ്യാസാഗർ കൂട്ടുകെട്ടിൽ പിറന്ന അതിമനോഹരമായ ഗാനങ്ങൾ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. രഞ്ജിത്ത് എഴുതിയ സിനിമയുടെ കഥ സംവിധാനം ചെയ്തത് സിബി മലയിലായിരുന്നു. ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യുവുള്ള സിനിമ കൂടിയാണ് സമ്മർ ഇൻ ബത്‌ലഹേം. ക്ലൈമാക്‌സിൽ വലിയൊരു സസ്‌പെൻസ് ബാക്കി നിർത്തിയാണ് സിനിമ അവസാനിപ്പിച്ചത്. രവിശങ്കർ എന്ന ജയറാം കഥാപാത്രത്തെ മറഞ്ഞിരുന്ന് പ്രേമിക്കുന്ന പെൺകുട്ടി ആരാണെന്ന് സിനിമയിൽ പറയുന്നില്ല.
ALSO READ
സമ്മർ ഇൻ ബത്‌ലഹേമിലെ അഭിനേതാക്കളെ എപ്പോൾ കണ്ടാലും ആരാധകർ ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്ന് കൂടിയാണ് ആ അഞ്ച് സുന്ദരികളിൽ ആരാണ് രവി ശങ്കറിനെ പ്രണയിച്ചതെന്ന്. ഇപ്പോൾ മഞ്ജുവാര്യരും ആ ചോദ്യത്തെ നേരിട്ടിരിക്കകയാണ് ജാങ്കോ സ്‌പേസ് ടി.വിയ്ക്ക് നൽകിയ അഭിമുഖത്തിൽ. ആരാണ് ആ പെൺകുട്ടിയെന്ന് വെളിപ്പെടുത്താമോ എന്ന് ചോദിക്കുമ്പോൾ മഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘സമ്മർ ഇൻ ബത്ലഹേം സിനിമയുടെ രണ്ടാം ഭാഗം എല്ലാവരും ചോദിക്കാറുണ്ട്. ആ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമോ എന്ന് അറിയില്ല. പൂച്ചയുടെ കാര്യത്തിലുള്ള ഒരു തീരുമാനം അറിയാൻ വേണ്ടിയാണ് എല്ലാവരും ചോദിക്കുന്നത്. ആ പൂച്ചയെ അയച്ച വ്യക്തി ആരാണെന്ന് സിനിമയിൽ വർക്ക് ചെയ്തവർക്ക് തന്നെ അറിയില്ല.
എനിക്കും അറിയില്ല. ഇപ്പോഴും അത് ഒരു രഹസ്യമായി നിൽക്കുകയാണ്. പടത്തിൽ തന്നെ രണ്ട് പേരിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു. അതിൽ ആരാണെന്ന് ഇപ്പോഴും അറിയില്ല. ചിലപ്പോൾ ഡയറക്ടർക്ക് മാത്രമേ അറിയുകയുള്ളൂ’ മഞ്ജു വാര്യർ പറഞ്ഞു. ജയറാം, സുരേഷ് ഗോപി, കലാഭവൻ മണി, മഞ്ജു വാര്യർ തുടങ്ങിയവർ പ്രധാന റോളിൽ എത്തിയ ചിത്രത്തിൽ നിരഞ്ജൻ എന്ന അതിഥി വേഷത്തിൽ മോഹൻലാലും അഭിനയിച്ചിരുന്നു.
അന്ന് ചിത്രം തിയേറ്ററിൽ കണ്ടവർ ലാലേട്ടനെ കണ്ട് ഞെട്ടി. കാരണം ലാലേട്ടൻ ഈ ചിത്രത്തിൽ അഭിനയിക്കുന്ന വിവരം അണിയറക്കാർ പുറത്ത് വിട്ടിരുന്നില്ല. 50ആം ദിവസമാണ് ലാലേട്ടനെ പോസ്റ്ററിൽ ഉൾപ്പെടുത്തിയത്. മഞ്ജു വാര്യർ ഇപ്പോൾ ലളിതം സുന്ദരം സിനിമ വിജയകരമായി പ്രദർശിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ്. ലളിതം സുന്ദരം സിനിമ സംവിധാനം ചെയ്തത് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരാണ്.
ALSO READ
പഴയ മലയാള സിനിമകളിലെ ഹിറ്റ് മെലഡികളാണ് ലളിതം സുന്ദരത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഹരിശങ്കർ, അഞ്ജലി വാര്യർ, ബിജു മേനോൻ, ആനി അമീ, നന്ദു കർത്ത, രഞ്ജിത് ജയരാമൻ എന്നിവരാണ് ഗാനങ്ങൾ പാടിയിരിക്കുന്നത്. വളരെ മനോഹരമായിട്ടാണ് ചിത്രത്തിൽ പഴയ കാല ഗാനങ്ങൾ കോർത്തിണക്കിയിരിക്കുന്നത്.
മഞ്ജു വാര്യർ ആണ് ചിത്രം നിർമിച്ചതും. മഞ്ജു വാര്യർ പ്രൊഡക്ഷൻസിനൊപ്പം ചിത്രത്തിന്റെ നിർമാണത്തിൽ സെഞ്ച്വറിയും പങ്കാളികളായിട്ടുണ്ട്. ഇരുപത് വർഷങ്ങൾക്ക് ശേഷം ബിജു മേനോനൊപ്പം മഞ്ജു വാര്യർ അഭിനയിച്ചുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.