മലയാളം, തമിഴ്,തെലുങ്ക്,കന്നഡ തുടങ്ങിയ ഭാഷകളിലെ ഹിറ്റ് സിനിമകളിലടക്കം ഭാഗമായ താര സുന്ദരിയാണ് നടി സുലക്ഷണ. സിനിമയിൽ സജീവമായിരിക്കുന്ന സമയത്താണ് താരം പ്രണയിച്ച് വിവാഹിതയായത്.
ബാല താരമായി സിനിമയിലെത്തിയ താരം പെട്ടെന്ന് തന്നെ നായികയായും പിന്നീട് അമ്മ വേഷങ്ങളിലും സജീവമായിരുന്നു. വളരെ ചെറുപ്പത്തിലാണ് താരത്തിന് വിവാഹജീവിതത്തിലേക്കും കടക്കേണ്ടി വന്നത്. എങ്കിലും ഈ വിവാഹജീവിതം ഒരു പരാജയമായി മാറിയതോടെ താരം വിവാഹമോചനം നേടി.
സംഗീത സംവിധായകൻ എംഎസ് വിശ്വനാഥന്റെ മകൻ ഗോപികൃഷ്ണനുമായി പതിനെട്ടാം വയസിലായിരുന്നു സുലക്ഷണയുടെ വിവാഹം. അധികം വൈകാതെ മൂന്ന് കുട്ടികളുടെ അമ്മയുമായി നടി.
ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തിൽ ജീവിതത്തിൽ താനെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് വിവാഹമോചനമെന്ന് പറയുകയാണ് സുലക്ഷണ. തങ്ങൾ തന്റെ 23ാം വയസിലാണ് പിരിയുന്നത്. വിവാഹ ജീവിതം ഇല്ലെങ്കിലും കുട്ടികൾക്ക് വേണ്ടി ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
ആദ്യം വേർപിരിയുന്നത് അത്ര കാര്യമായി എടുത്തില്ല. പക്ഷെ കോടതിയിൽ വിധി പ്രഖ്യാപനം വന്നപ്പോൾ പൊട്ടിക്കരഞ്ഞു പോയെന്നും കാരണം എനിക്കെന്റെ ജീവിതം നഷ്ടപ്പെടുകയായിരുന്നു എന്നുമാണ് സുലക്ഷണ പറയുന്നത്.
എന്തൊക്കെ പറഞ്ഞ് ആരൊക്കെ ആശ്വസിപ്പിച്ചിട്ടും കാര്യമില്ല. എന്നാൽ പിന്നീട് മനസിൽ നിന്ന് എല്ലാം മറന്നു ജീവിതം തുടങ്ങുകയായിരുന്നു താനെന്നാണ് സുലക്ഷണ പറയുന്നത്. ഒരാൾ മരിച്ചാൽ എത്ര നാൾ ഇരുന്ന് കരയും. അതുപോലെ തന്നെ ഇത്തരം വിഷമ ഘട്ടങ്ങളിലും ബ്രെയ്ൻ ഇവ മറക്കുമെന്നും സുലക്ഷണ വിശദീകരിച്ചു.
താൻ വിവാഹമോചനത്തിന് ശേഷം മൂന്ന് മക്കളെയും ഒറ്റയ്ക്ക് തന്നെയാണ് നോക്കിയത്. മുൻഭർത്താവിൽ നിന്നും ജീവനാംശം വാങ്ങിയിട്ടില്ല. അക്കാര്യത്തിൽ തനിക്ക് അഭിമാനമുണ്ടെന്നും സുലക്ഷണ പറഞ്ഞു. അന്ന്, പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ജീവനാശം ചോദിക്കണം, അഞ്ച് ചോദിച്ചാൽ രണ്ട് എങ്കിലും കിട്ടില്ലേ എന്ന് പറഞ്ഞ് വക്കീൽ ഒരുപാട് നിർബന്ധിച്ചിരുന്നെന്നും സുലക്ഷണ പറയുകയാണ്.
എന്നാൽ തനിക്ക് രണ്ട് കാലും കൈയും ഊർജവും ഉണ്ട്. മുന്നോട്ട് ജീവിക്കാൻ പറ്റുമെന്ന ആത്മവിശ്വാസവും ഉണ്ട്. പിന്നെ അദ്ദേഹത്തിന്റെ ജീവനാംശം തനിക്ക് എന്തിനാണെന്നാണ് തിരിച്ചു ചോദിച്ചതെന്നും താരം വെളിപ്പെടുത്തി.
കുട്ടികൾ പിറന്ന ശേഷം കരിയറിൽ നിന്ന് ഗ്യാപ്പ് എടുത്തിരുന്നു. ഏഴ് വർഷം ജോലിക്ക് പോയില്ല. കുട്ടികളെ നോക്കി ഏഴ് വർഷത്തിന് ശേഷം മക്കളുടെ സമ്മതം ചോദിച്ച ശേഷമാണ് സിനിമാ രംഗത്തേക്ക് തന്നെ തിരിച്ചെത്തിയത്.
അന്ന് കുട്ടികൾക്ക് ആവശ്യമുള്ളത് വാങ്ങിക്കൊടുക്കണം. അച്ഛനുണ്ടെങ്കിൽ വാങ്ങിത്തന്നേനെ എന്ന തോന്നൽ മക്കൾക്ക് വരരുതെന്ന് മാത്രമാണ് ചിന്തിച്ചത്. അതുകൊണ്ട് തന്നെയാണ് തിരിച്ച് വരാൻ തീരുമാനിച്ചതെന്നും സുലക്ഷണ പറുയകയാണ്.