വിനയൻ സംവിധാനം ചെയ്ത് ഡ്രാക്കുള എന്ന സിനിമയിലൂടെ നായകനായെത്തിയ താരമാണ് സുധീർ സുകുമാരൻ. സിഐഡി മൂസ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് സുധീർ എത്തിയത്. സിനിമയിലെത്തിയതിനുശേഷം ഇടക്ക് പല വിവാദങ്ങളിലും താരം അകപ്പെട്ടിരുന്നു. അടുത്തിടെ കാൻസർ ബാധിതനായ താരം ജീവിതത്തിലേക്ക് തിരികെയെത്തിയിരിയ്ക്കുകയാണ് ഇപ്പോൾ. വ്യക്തി ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങൾ പങ്കിട്ടുള്ള സുധീറിന്റെ അഭിമുഖങ്ങൾ വൈറലായിരുന്നു. താൻ അസുഖ ബാധിതനായപ്പോഴും വിവാദങ്ങൾ തളർത്തിയപ്പോഴും തണലായത് ഭാര്യ പ്രിയയാണെന്ന് പലപ്പോഴും പറഞ്ഞിരുന്നു താരം. ഇപ്പോഴിതാ പ്രിയയെ പെണ്ണുകാണാൻ പോയതിനെക്കുറിച്ചും വിവാഹം ഉറപ്പിച്ചതിനെക്കുറിച്ചും പറഞ്ഞുള്ള അഭിമുഖം ശ്രദ്ധേയമായമാവുകയാണ്.
താൻ വളരെ സുന്ദരനായിരുന്ന കാലത്തെ പെണ്ണുകാണലിനെ കുറിച്ചാണ് സുധീർ പറയുന്നത്. സൗദിയിൽ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു പെണ്ണുകാണാൻ പോയത്. ബ്രോക്കറായിരുന്നു കൂടെ വന്നത്. കണ്ടതും ഇവളാണ് എനിക്ക് പറഞ്ഞിട്ടുള്ള പെണ്ണ് എന്നൊരു തോന്നൽ മനസിലേക്ക് വന്നിരുന്നു.
അന്ന് ഞാൻ കാണാൻ ഇതിനേക്കാളും ഗ്ലാമറാണ്. കവിളൊക്കെ തുടുത്ത് നിൽക്കുമായിരുന്നു. ഗൾഫുകാരുടെ പെർഫ്യൂമിന്റെ സ്മെല്ലൊക്കെ അവിടെയുള്ളവർ ആസ്വദിക്കുന്നുണ്ടായിരുന്നു. ചായയുമായി വന്നപ്പോൾ പേര് ചോദിച്ചിരുന്നു. അതിന് ശേഷമായാണ് ഞങ്ങൾ മാറിനിന്ന് സംസാരിച്ചത്. കുറേനേരം മുഖത്തേക്ക് നോക്കി നിന്നിട്ട് എനിക്ക് ഇഷ്ടമായി കേട്ടോ എന്നായിരുന്നു ഞാൻ പറഞ്ഞത്. അതുകേട്ടതും പ്രിയ ഏ എന്ന് ചോദിച്ച് ഞെട്ടുകയായിരുന്നു. ആദ്യമായാണ് ഇഷ്ടം പറഞ്ഞിട്ട് ഒരാൾ ഞെട്ടുന്നത് കണ്ടത്. ഇത്രയും ഗ്ലാമറുള്ള ചെറുക്കന് നിന്നെ ഇഷ്ടമാവില്ലെന്നായിരുന്നു ചിറ്റമാർ പറഞ്ഞത്. ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അതാണ് ഞെട്ടിയത്. എന്നെ ഇഷ്ടമായോ എന്ന് ചോദിച്ചപ്പോൾ അതെയെന്നായിരുന്നു മറുപടി.
അതേസമയം, 17 വയസുകാരിയെ ഇഷ്ടപ്പെട്ടതിനെ കുറിച്ച് വീട്ടുകാർക്ക് വലിയ മതിപ്പുണ്ടായിരുന്നില്ലെന്നാണ് സുധീർ പറയുന്നത്. അതൊരു നരുന്ത് പെണ്ണല്ലേ, നന്നായി മെലിഞ്ഞിട്ടല്ലേ, നമുക്ക് വേറെ നോക്കാമെന്നായിരുന്നു അച്ഛൻ പറഞ്ഞത്. എനിക്ക് ഇത് തന്നെ മതിയെന്നായിരുന്നു ഞാൻ പറഞ്ഞത്. 17 വയസായതല്ലേയുള്ളൂ. 18 ആവാൻ കാത്തിരിക്കണം. എൻഗേജ്മെന്റ് നടത്തി ഒരുവർഷം കഴിഞ്ഞിട്ട് കല്യാണം നടത്താമെന്നായിരുന്നു എന്റെ മറുപടി. പ്രിയ എന്ന വ്യക്തി എന്റെ ജീവിതത്തിൽ വന്നതാണ് എനിക്കേറ്റവും വലിയ സന്തോഷവും സമാധാനവുമെന്നും താരം മനസ് തുറക്കുന്നു.
ഇന്നുവരെ എന്റെ പേഴ്സണൽ കാര്യങ്ങൾ പ്രിയ ഇടപെട്ടിട്ടില്ല. എന്നെ സ്നേഹിക്കുകയും കെയർ ചെയ്യുകയുമാണ് അവൾ. എനിക്ക് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ പെണ്ണുകാണാൻ വന്നപ്പോൾ സിനിമ നടനെപ്പോലെയുണ്ട് എന്നെല്ലാവരും പറഞ്ഞിരുന്നു.
അപ്പോൾ ഞാനും അതാഗ്രഹിച്ചിരുന്നു എന്നായിരുന്നു പ്രിയയുടെ മറുപടി. ഭാര്യവീട്ടുകാർക്ക് എതിർപ്പ് വരുമോയെന്ന സംശയമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് തിരിച്ച് പോയപ്പോൾ എനിക്ക് അവിടെ നിൽക്കാനാവില്ല. അനിയനെ ബിസിനസ് ഏൽപ്പിച്ച് ഞാൻ സൗദിയോട് ബൈ പറഞ്ഞ് പോരികയായിരുന്നു എന്നും സുധീർ പറയുന്നു്.