തമിഴകത്തെ പേരെടുത്ത സ്ത്രീ സംവിധായകരിൽ പ്രശസ്തയാണ് സുധാ കൊങ്ങാര. ഇപ്പോഴ്താ ഒരു അപകടത്തെ തുടർന്ന് ഒരു മാസം വിശ്രമത്തിലാണ് അവരിപ്പോൾ. കൈയ്ക്കു സംഭവിച്ച അപകടത്തെ തുടർന്നാണ് വിശ്രമത്തിലായത്. സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ വിസ്മയിപ്പിച്ച സംവിധായിക തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്നു. സംവിധായിക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തന്റെ അപകട വിവരം പങ്കുവെച്ചത്.
സംവിധായകൻ മണിരത്‌നത്തിന്റെ സംവിധാന സഹായായിട്ടാണ് സുധ കൊങ്കര സിനിമയിൽ തുടക്കം കുറിക്കുന്നത്. തുടർന്ന് 2008-ൽ ആന്ധ്ര അന്ദഗഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായികയായി. ഇന്നു തെന്നിന്ത്യയിലെ മികച്ച സംവിധായകരുടെ പട്ടികയിലാണ് സുധ കൊങ്ങരയുടെ സ്ഥാനം. ഇപ്പോൾ ബോളിവുഡിലും തുടക്കം കുറിച്ചിരിക്കുകയാണ് സുധ.
അക്ഷയ് കുമാറിനെ നായകനാക്കിയാണ് സൂരരൈ പൊട്രിന്റെ ഹിന്ദി റീമേക്ക് സുധ കൊങ്ങാര ഒരുക്കുന്നത്. ബോളിവുഡ് താരം രാധിക മദനാണ് നായികയായി ചിത്രത്തിലെത്തുന്നത്. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ്‌പ്രൊഡക്ഷൻ ജോലികളിലാണ് ഇപ്പോൾ അണിയറപ്രവർത്തകർ. അപകടത്തിന്റെ വിവരം ബാൻഡേജ് ചുറ്റിയ കൈയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സംവിധായിക സുധ കൊങ്ങര ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അതി വേദനാജനകമാണെന്നും അതു തന്നെ വളരെ അലോസരപ്പെടുത്തുന്നു എന്നും സുധ കൊങ്ങര കുറിക്കുന്നുണ്ട്.
സൂര്യ, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ സൂരരൈ പൊട്രു മികച്ച നിരൂപക പ്രശംസയും ദേശിയ പുരസ്‌കാരങ്ങളും സ്വന്തമാക്കിയ ചിത്രമായിരുന്നു. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആർമിയിലെ മുൻ ക്യാപ്റ്റനുമായ ജി.ആർ. ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് സുധ കൊങ്ങര സിനിമ ഒരുക്കിയത്. മികച്ച തിരക്കഥയും സംവിധാനവും താരങ്ങളുടെ പ്രകടനവുമായിരുന്നു ചിത്രത്തിന്റെത്.
തമിഴ് പതിപ്പിലെ നായകൻ സൂര്യയുടെ ടുഡി എന്റർടെയ്ൻമെന്റും അബുണ്ടന്റിയ എന്റർടെയ്ൻമെന്റും ചേർന്നാണ് ഹിന്ദി ചിത്രം നിർമിക്കുന്നത്. ചിത്രം ഏപ്രിൽ മാസം തിയറ്ററിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. ഹിന്ദി പതിപ്പിലും പരേഷ് റാവൽ പ്രധാന കഥാപാത്രമായി എത്തും. 2016 ൽ പുറത്തിറങ്ങിയ ഇരുധി സുട്രുവിലൂടെയാണ് സുധ കൊങ്ങരയെന്ന സംവിധായികയെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങുന്നത്.കെജിഎഫ് ഫ്രാഞ്ചൈസി നിർമിച്ച ബംഗളൂരു ആസ്ഥാനമായുള്ള പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസിന്റെ സിനിമയാണ് അടുത്തതായി സുധ കൊങ്ങര ഇനി ചെയ്യുന്നത്.