കേരളം ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന ജനവിധിയായിരുന്നു പുതുപ്പള്ളിയിലേത്. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി ആരെത്തുമെന്ന കാത്തിരിപ്പിലായിരുന്നു ജനങ്ങള്‍. വാശിയേറിയ പോരാട്ടമായിരുന്നു എല്ലാ മുന്നണികളും തമ്മിലുണ്ടായത്.
എന്നാല്‍ വന്‍ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഉമ്മന്‍ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ വിജയക്കൊടി പാറിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയ്ക്കും അവസാനിമിഷം വരെ മികച്ച പോരാട്ടമാണ് നടത്തിയത്.
also read: ആ കഥാപാത്രം മമ്മൂക്ക ചെയ്യുമെന്ന് കരുതിയില്ല, ഞാന്‍ ചെയ്യേണ്ടതായിരുന്നു, തുറന്നുപറഞ്ഞ് ആസിഫ് അലി
ഇപ്പോഴിതാ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് റിസല്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ സുബീഷ് സുധി പങ്കുവെച്ച പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ജയിക്കിനെകുറിച്ചും ഉമ്മന്‍ചാണ്ടിയെ കുറിച്ചുമായിരുന്നു സുബിഷിന്റെ കുറിപ്പ്.
ഉമ്മന്‍ചാണ്ടിയുടെയും ജയിക്കിന്റെയും ചിത്രങ്ങള്‍ സുബിഷ് ചേര്‍ത്തുവെച്ചിട്ടുണ്ട് കുറിപ്പിനൊപ്പം. താന്‍ ഇവിടെ കുറിക്കുന്നത് രണ്ട് മനുഷ്യരെ കുറിച്ചാണെന്നും ഒരാള്‍ ജീവിച്ചിരിക്കുന്ന ആളാണെന്നും മറ്റൊരാള്‍ മരിച്ചുപോയ ആളാണെന്നും സുബീഷ് പറഞ്ഞു.
തനിക്ക് ജെയ്ക്കുമായി രാഷ്ട്രീയ യോജിപ്പുണ്ട്. പുതുപ്പള്ളി പോലൊരു യുഡിഎഫ് അനുകൂല മണ്ഡലത്തില്‍ തന്റെ രാഷ്ട്രീയ നിലപാട് കൊണ്ട് അരാഷ്ട്രീയരായി പോവുന്ന പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ തന്റെ ചിന്താശേഷി കൊണ്ടും തന്റെ ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യനാണ് ജെയ്‌ക്കെന്ന് സുബീഷ് കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഇവിടെ ഞാന്‍ കുറിക്കുന്നത് രണ്ട് മനുഷ്യരെക്കുറിച്ചാണ്.ഒന്ന് ജീവിച്ചിരിക്കുന്നൊരാള്‍,മറ്റൊന്ന് മരിച്ചുപോയൊരാള്‍. ആദ്യം എന്റെ രാഷ്ട്രീയവുമായി യോജിപ്പുള്ളൊരാളെക്കുറിച്ചാണ്.ജെയ്ക് സി തോമസ്. ജെയ്ക്കിനെ ഞാന്‍ മിനിഞ്ഞാണ് വിളിച്ചു. പുതുപ്പള്ളിപോലൊരു യു ഡി എഫ് അനുകൂല മണ്ഡലത്തില്‍ തന്റെ രാഷ്ട്രീയ നിലപാട് കൊണ്ടും അരാഷ്ട്രീയരായിപ്പോവുന്ന പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ തന്റെ നിലപാടുകള്‍ കൊണ്ടും തന്റെ ചിന്താശേഷി കൊണ്ടും തന്റെ ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യന്‍..
അതുകൊണ്ടുതന്നെ അയാളുള്‍ക്കൊള്ളുന്ന രാഷ്ട്രീയവും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ രാഷ്ട്രീയം പറയുന്ന ഒരാള്‍ വരണം എന്നു ചിന്തിക്കുന്ന ആള്‍ക്കാരും അയാളുടെ വിജയം പ്രതീക്ഷിച്ചു. അതുകൊണ്ട് ജെയ്ക്കിന് വിജയ പ്രതീക്ഷയുണ്ടായിരുന്നു.എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ പറഞ്ഞു, പുതുപ്പള്ളിയില്‍ എന്തായാലും ഒരു ഉമ്മന്‍ചാണ്ടി ഇഫക്ട് ഉണ്ടാവും. അതിനാല്‍തന്നെ ഞാന്‍ പറഞ്ഞു, ‘നിങ്ങള് തോറ്റ് കഴിഞ്ഞാല്‍…’ അപ്പോള്‍ അയാള്‍ പറഞ്ഞൊരുമറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. ‘സുബീഷേട്ടാ.. പാര്‍ട്ടിക്ക് വേണ്ടി എത്രയോ മനുഷ്യര്‍ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്.ഈ പാര്‍ട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോല്‍ക്കാനും ഞാന്‍ റെഡിയാണ്. അതാണ് സഖാവ്. അതാണ് ജെയ്ക് സി തോമസ്.
പിന്നെ ഉമ്മന്‍ ചാണ്ടിയെക്കുറിച്ച്.രാഷ്ട്രീയമായി എനിക്കും വിയോജിപ്പിക്കുകയുണ്ടായ വ്യക്തിയാണദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ മരണാനന്തരയാത്ര എന്നെയും,എന്നെ മാത്രമല്ല ഓരോ മലയാളിയെയും ഞെട്ടിച്ചുകളഞ്ഞു. രാഷ്ട്രീയത്തിനതീതമായി മറ്റുള്ളവന്റെ വേദന മനസ്സിലാക്കി സാധാരണക്കാരനോടിടപെട്ട ഒരു വ്യക്തി ഇനിയുണ്ടാവില്ല. മനുഷ്യന്റെ സങ്കടങ്ങള്‍ കാണുന്നവരാണ് യഥാര്‍ത്ഥ മനുഷ്യനെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം അങ്ങനെയൊരു മനുഷ്യനായിരുന്നു. മറ്റുള്ളവന്റെ വേദന മനസ്സിലാക്കി ജീവിക്കാന്‍ ഇനി വരുന്ന ഓരോ മനുഷ്യനും ഓരോ രാഷ്ട്രീയക്കാരനും കഴിയട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.