മലയാളത്തിന്റെ മെഗാസ്റ്റാര്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. അനുരാഗ കരിക്കിന്‍ വള്ളം ചെയ്ത ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രമായ ‘ഉണ്ട’യില്‍ മമ്മൂട്ടിയാണ് നായകന്‍. ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും പൊലീസ് ആവുകയാണ്. മമ്മൂട്ടിയുടെ സബ് ഇന്‍സ്‌പെക്ടര്‍ കഥാപാത്രത്തിന്റെ പേര് മണിയെന്നാണ്.
നോര്‍ത്ത് ഇന്ത്യയിലെ നക്സലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ലഭിക്കുന്ന വിവരം. മുളിയൂര്‍ കാട്ടിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. ചന്ദനമരങ്ങള്‍ ഏറെയുള്ള ഇവിടെയാണ് ഷൂട്ടിംഗിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
12കോടിയോളം ബഡ്ജറ്റിലാണ് അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. മമ്മൂക്ക ഇതുവരെ ചെയ്ത പോലീസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കഥാപാത്രമാകും ചിത്രത്തിലേത് എന്നാണ് അറിയുന്നത്. ഒക്ടോബര്‍ 18ഓടു കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബോളിവുഡ് താരങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിപ്പീലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക.
ഈ സിനിമയ്ക്ക് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത് ഷാം കൌശല്‍ ആണ്. ഷാം കൌശല്‍ അത്ര നിസാരക്കാരനല്ലല്ലോ. ബോളിവുഡിലെ മഹാവിജയങ്ങളായ ദംഗല്‍, ക്രിഷ് 3, ബജ്റംഗി ബായിജാന്‍, ധൂം 3, പത്മാവത്, ബാജിറാവോ മസ്താനി, ഫാന്റം തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് ഷാം കൌശല്‍ ആണ്.
ജിഗര്‍തണ്ട പോലെയുള്ള തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗാവമിക് യു ആരി ആണ് ഉണ്ടയുടെ ക്യാമറാമാന്‍. അതുകൊണ്ടുതന്നെ ഉണ്ട ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഛത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലുമായാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്യുന്നത്.