ഒടുവില്‍ ലാലേട്ടന്‍ അത് ഉപേക്ഷിച്ചു, കടുത്ത തീരുമാനം സമയക്കുറവ് മൂലം

38

മലയാളത്തിന്റെ മഹാനടന്‍ താരരാജാവ് നടൻ മോഹൻലാൽ വാട്‌സാപ് ഉപേക്ഷിച്ചു. സമയവും സന്തോഷവും തിരിച്ചുപിടിക്കാൻ വേണ്ടിയാണിതെന്നു ലാൽ പറഞ്ഞു.

‘രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ എന്നും പ്രാർഥിക്കും. അതിനു ശേഷം ഫോൺ നോക്കുമ്പോൾ പലപ്പോഴും കാത്തിരിക്കുന്നതു മോശം വാർത്തകളും ചിത്രങ്ങളുമാകും. സന്തോഷത്തേക്കാൾ കൂടുതൽ പരിഭവങ്ങളും. കാറിലിരിക്കുമ്പോൾ ഞാൻ കാഴ്ചകൾ കാണുമായിരുന്നു.

Advertisements

സ്ഥിരം യാത്ര ചെയ്യുന്ന വഴികളിലെ ഓരോ കെട്ടിടവും മരവും പതിവായി കാണാറുള്ള മനുഷ്യരെയും എനിക്കറിയാമായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോഴാണ് അറിയുന്നത് അതൊന്നും ഏറെക്കാലമായി കാണാറില്ലെന്ന്.

വിമാനത്താവളത്തിൽ പരിചയപ്പെട്ട പലരും പിന്നീട് നല്ല സുഹൃത്തുക്കളായിട്ടുണ്ട്. കുറച്ചു നേരത്തേക്കുമാത്രമായി കണ്ടുമുട്ടുന്നവർപോലും എന്തെല്ലാം വിവരങ്ങളാണു തന്നിരുന്നതെന്നും ഓർക്കുന്നു. ഇപ്പോൾ അവിടെ കാണുന്നവരെല്ലാം തലകുനിച്ചിരിക്കുന്നവരാണ്.’

‘ഇപ്പോൾ എനിക്കു ധാരാളം സമയമുണ്ട്. രാവിലെ പത്രവായനയുടെ സുഖമുണ്ട്. നേരത്തേയും പത്രവായന ഉണ്ടായിരുന്നെങ്കിലും അതിന്റെ സുഖം തിരിച്ചുകിട്ടിയത് ഇപ്പോഴാണ്. പകൽ കാണുന്നു, നിലച്ചുപോയ പുസ്തകവായന തിരിച്ചുവന്നു, എനിക്കു മാത്രമായി എത്രയോ കാര്യങ്ങൾ ആലോചിക്കുന്നുണ്ട്’.

‘എന്റെ ജോലിക്കിടയിൽ മനസ്സു മടുപ്പിക്കുന്ന എത്രയോ സന്ദേശങ്ങൾ കിട്ടിയിട്ടുണ്ട്. അതു മനസ്സിനെ വല്ലാതെ വേദനിപ്പിക്കും. ഒരു കൊച്ചുകുട്ടിയെ കട്ടിലിലേക്കു വലിച്ചെറിയുന്ന വിഡിയോ കണ്ട് എങ്ങനെയാണു സന്തോഷത്തോടെ ജോലിചെയ്യുക?

എനിക്ക് അടുപ്പമുള്ളവരുമായി സംസാരിക്കാൻ വാട്‌സാപ് ആവശ്യമില്ല. അത്യാവശ്യ കാര്യങ്ങൾക്കു മെയിൽ ഉപയോഗിക്കാം. അതിലും ആവശ്യമെങ്കിൽ വേറെയും സംവിധാനങ്ങൾ ആലോചിക്കാം.

എന്നിൽ നിന്നു വലിയ ഭാരം ഇറങ്ങിപ്പോയതുപോലെ തോന്നുന്നു. ഇതാരും പറഞ്ഞിട്ടു ചെയ്തതല്ല, ആരും ചെയ്യണമെന്നു പറയുന്നുമില്ല’ – മോഹൻലാൽ പറഞ്ഞു.

Advertisement