നടന്‍ തിലകന്റെ മകനായ ഷമ്മി തിലകന്‍ മലയാള സിനിമയിലെ ഒരു മികച്ച അഭിനേതാവാണ് എന്നത് നിസംശയമാര്‍ന്ന കാര്യമാണ്. 33 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ ഷമ്മി ജീവന്‍ നല്‍കിയത് പകരം വയ്ക്കാന്‍ കഴിയാത്ത നിരവധി കഥാപാത്രങ്ങള്‍ക്കാണ്.
എന്നാല്‍ നല്ല നടന്‍ എന്നതിലുപരി അതിഗംഭീരമായ ശബ്ദസൗന്ദര്യത്തിന് ഉടമ കൂടിയാണ് മഹാനടനായ തിലകന്റെ ഈ മകന്‍. ദേവാസുരത്തിലെ മുണ്ടയ്ക്കല്‍ ശേഖരനെയും, ധ്രുവത്തിലെ ഹൈദര്‍മരയ്ക്കാരെയും തുടങ്ങി ഏറ്റവുമൊടുവിലായി ഒടിയനിലെ രാവുണ്ണിയില്‍ വരെ പ്രേക്ഷകര്‍ കേട്ടത് ഷമ്മിയുടെ ശബ്ദമായിരുന്നു.
ഇപ്പോഴിതാ അതേ കഥാപാത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടി എത്തിയിരിക്കുകയാണ്. എന്നാല്‍ നടന്‍ മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരം മാത്രമാണ് താന്‍ ഒടിയനില്‍ പ്രകാശ് രാജിന് ശബ്ദം നല്‍കിയതെന്ന് പറയുകയാണ് ഷമ്മി.
രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച ലാലേട്ടന്റെ ആവശ്യത്തിന് താന്‍ കല്‍പ്പിച്ചു നല്‍കിയ മാന്യതയുടെയും ആത്മാര്‍ത്ഥതയുടെയും അളവുകോലായാണ് പ്രസ്തുത അംഗീകാരത്തെ കാണുന്നതെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ ഷമ്മി തിലകന്‍ കുറിച്ചു. കൂടാതെ തന്റെ പിതാവിനാണ് സംസ്ഥാനപുരസ്‌കാരം സമര്‍പ്പിക്കുന്നതെന്നും ഷമ്മി കൂട്ടിച്ചേര്‍ക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഔദ്യോഗിക അറിയിപ്പ് ഇന്നലെ (04/03/2019) കൈപ്പറ്റി..!ബഹു.മന്ത്രി എ.കെ. ബാലൻ അവർകളുടെ ഈ അഭിനന്ദനം സവിനയം സ്വീകരിക്കുന്നു.#love_you_sir..!
പുരസ്കാരങ്ങൾ, എന്നും ഏതൊരാൾക്കും പ്രിയപ്പെട്ടതും വിലപ്പെട്ടതുമാകുന്നു.! പ്രത്യേകിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരം.!! എത്രയും വിലപ്പെട്ട ഈ പുരസ്കാരത്തിന് ഞാൻ അർഹനായതിൽ ഒത്തിരി സന്തോഷിക്കുന്നു..!
അത് ലാലേട്ടന്റെ #ഒടിയനിലൂടെ ലഭിച്ചതിൽ ഒത്തിരിയൊത്തിരി സന്തോഷം!!
എന്റെ പിതാവിന്റേതായ താല്പര്യങ്ങൾക്കായി #ലാലേട്ടന്റെ_നിർദ്ദേശാനുസരണം മാത്രമാണ് ഒടിയനിൽ പ്രകാശ് രാജിന് ശബ്ദം നൽകാനിടയായതും, ഈ പുരസ്കാരം ലഭിച്ചതും.!
രാജ്യം #പത്മഭൂഷൺ നൽകി ആദരിച്ച ലാലേട്ടന്റെ ആവശ്യത്തിന് ഞാൻ കല്പിച്ചുനൽകിയ മാന്യതയുടേയും, ആത്മാർത്ഥതയുടേയും അളവുകോലായി ഒടിയന് ലഭിച്ച ഈ ഒരേയൊരു അംഗീകാരത്തിനെ ഞാൻ കാണുന്നു..! അതുകൊണ്ട് ഞാനീ പുരസ്കാരം എന്റെ #പിതാവിന്_സമർപ്പിക്കുന്നു..!
കൂടാതെ..;
അദ്ദേഹത്തിന്റെ മകനായി പിറക്കാനായതിൽ ഒത്തിരി #അഭിമാനിക്കുകയും, ആ പേരിന് കളങ്കമില്ലാതെ ജീവിച്ചു പോകാനാകുന്നതിൽ ഇത്തിരി #അഹങ്കരിക്കുകയും ചെയ്യുന്നു.!!