ഈ വർഷത്തെ മിസ് ട്രാൻസ് ഗ്ലോബൽ പട്ടം ലഭിച്ചത് ശ്രുതി സിത്താരയ്ക്കാണ് സർക്കാർ ജോലി ലഭിച്ച നാല് ട്രാൻസ്ജെൻഡർമാരിൽ ഒരാളാണ് സിത്താര. ഇപ്പോൾ ശ്രുതിയുടെ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്. ആണുടലിൽ നിന്നും പെണ്ണുടലിലേക്കുള്ള മാറ്റം ഒരിക്കലും എളുപ്പമുള്ള കാര്യമല്ലെന്ന് പലരും തുറന്നുപറഞ്ഞിട്ടുണ്ട്. കുടുംബവും സുഹൃത്തുക്കളും നൽകിയ പിന്തുണയാണ് തന്നെ നയിച്ചതെന്നായിരുന്നു ശ്രുതി സിത്താര പറഞ്ഞത്.
ക്വീൻ ഓഫ് ദയ 2018 ൽ വിജയിയായതിന് ശേഷമായാണ് ശ്രുതി 2021 ലെ മിസ് ട്രാൻസ് ഗ്ലോബൽ മത്സരത്തിലും പങ്കെടുത്തത്. ഈ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ആദ്യ ട്രാൻസ് വനിത കൂടിയാണ് ശ്രുതി. ലോകസുന്ദരി പട്ടവും സ്വന്തമാക്കിയായിരുന്നു ശ്രുതി തിരിച്ചെത്തിയത്. അഭിമാനമാണ് ശ്രുതിയെന്നായിരുന്നു ട്രാൻസ് സമൂഹം ഒന്നടങ്കം പറഞ്ഞത്.
ALSO READ
പുരസ്‌കാര നേട്ടത്തിന് ശേഷമായി ശ്രുതി പങ്കെടുത്ത ചടങ്ങിന്റെ വീഡിയോയും വിശേഷങ്ങളും ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഭാവനയും രഞ്ജുരഞ്ജിമാരും ശ്രുതിയുടെ പപ്പയും സുഹൃത്തുക്കളുമെല്ലാം ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ട്രാൻസാവാനുള്ള ശ്രുതിയുടെ തീരുമാനം അറിഞ്ഞപ്പോൾ ഞെട്ടലൊന്നും തോന്നിയില്ലെന്നും അത് താൻ നേരത്തെ മനസിലാക്കിയ കാര്യമാണെന്നുമായിരുന്നു ശ്രുതിയുടെ പപ്പ പറഞ്ഞത്.
ശ്രുതിയുടെ പപ്പയുടെ വാക്കുകൾ ഇങ്ങനെ
ശ്രുതി ഇങ്ങനെ ട്രാൻസ്ജെൻഡർ ആകാൻ പോവുകയാണെന്നുള്ള കാര്യം എന്റെ വീട്ടിൽ വന്ന് ആദ്യം പറയുന്നത് ശ്രുതിയുടെ രണ്ട് കൂട്ടുകാരാണ്. ഒരു മണിക്കൂറോളമായി അവർ ഈ വിഷയം എന്നോട് പറയാനായി ശ്രമിക്കുകയായിരുന്നു. ചരിത്രങ്ങളും വേറെ കഥകളുമൊക്കെ പറഞ്ഞിരുന്നു. ചരിത്രം പറയുമ്പോഴും എന്നിലേക്ക് ഇത് അവതരിപ്പിക്കാനായി അവർ പാടുപെടുകയായിരുന്നു.
നിങ്ങളിങ്ങനെ ഒത്തിരി കാര്യം പറഞ്ഞ് സമയം കളയണ്ട, കാര്യം തുറന്നുപറയാൻ ഞാൻ പറഞ്ഞു. അപ്പോഴാണ് പറയുന്നത് ശ്രുതി ഇങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്. ആൺകുട്ടിയിൽ നിന്നും പെൺകുട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന് എനിക്കൊരു പ്രശ്നവുമില്ല. അങ്ങനെയാവുമെന്ന് ഞാൻ നേരത്തെ തിരിച്ചറിഞ്ഞതാണെന്നുമായിരുന്നു എന്റെ മറുപടി. ഞാനത് മുൻപേ തിരിച്ചറിഞ്ഞയാളാണ്, നിങ്ങളിത് പറയുന്നതിനും ആറേഴ് വർഷം മുൻപ് ഇതേക്കുറിച്ച് മനസിലാക്കിയ ആളാണ് ഞാൻ.
ALSO READ
ടീനേജ് പ്രായത്തിലേക്ക് വരുന്ന സമയത്ത് ശരീരത്തിൽ മാറ്റം വരുമെന്നും പുരുഷ ജീനുകളല്ല ശരീരത്തിൽ ഉള്ളതെന്നും എനിക്ക് മനസിലായിരുന്നു. അതുകൊണ്ട് തന്നെ ശ്രുതിയുടെ കൂട്ടുകാർ ഇതേക്കുറിച്ച് പറയുമ്പോൾ നിങ്ങൾ വിഷമിക്കേണ്ടെന്നും എനിക്കിത് അറിയാമെന്നും ഞാനങ്ങോട്ട് പറഞ്ഞു. അപ്പോൾ എന്റെ അയൽവാസികളും സുഹൃത്തുക്കളുമൊക്കെ എന്നോട് പറഞ്ഞു, നിങ്ങൾ ശ്രദ്ധിക്കാഞ്ഞിട്ടാണ് ശ്രുതി ഇങ്ങനെ പോയതെന്ന്.
എന്റെ ശ്രദ്ധക്കുറവല്ല, എന്റെ കൊച്ചിന് എങ്ങനെ ജീവിക്കണമെന്ന് ആഗ്രഹമുണ്ടോ ആ ഇഷ്ടത്തെ അംഗീകരിച്ച് ഞാൻ കൊച്ചിനെ ചേർത്തുപിടിക്കുമെന്നായിരുന്നു എന്റെ മറുപടി. എന്റെ കൊച്ചിന്റെ ഇഷ്ടത്തിനാണ് ഞാൻ ജീവിക്കുന്നത്. കൊച്ചിന്റെ ഇഷ്ടത്തിന് അനുസരിച്ച് മുന്നോട്ട് പോയിക്കോളാനായിരുന്നു ഞാൻ പറഞ്ഞതെന്നുമായിരുന്നു ശ്രുതിയുടെ പപ്പ പറഞ്ഞത്. ആ വാക്കുകൾ കേട്ട് രഞ്ജു രഞ്ജിമാർ അദ്ദേഹത്തിന്റെ കാലിൽ തൊട്ടുവന്ദിക്കുന്നതും വീഡിയോയിൽ കാണാം.
View this post on Instagram