മലയാളികളുടെ അകത്തളങ്ങളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത പരമ്പരയാണ് ചക്കപ്പഴം. സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ് പരമ്പരയിലെ അഭിനേതാക്കളെ ആരാധകർ നെഞ്ചോട് ചേർത്തിരിക്കുന്നത്. ചക്കപ്പഴത്തിലൂടെ വന്ന് മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ നടിയാണ് ശ്രുതി രജനികാന്ത്. പൈങ്കിളി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ, താൻ അനുഭവിക്കുന്ന വിഷമങ്ങൾ പങ്ക് വെച്ച്‌ക്കൊണ്ട് ശ്രുതി ചെയ്ത ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ഞാൻ ഒന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ട് ദിവസങ്ങളായി’ എന്ന തലക്കെട്ടോട് കൂടിയാണ് ശ്രുതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ജോഷ് ടോക്കിൽ താൻ വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ച് ശ്രുതി സംസാരിച്ചിരുന്നു. ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ;
ഉള്ളിൽ തട്ടി ചിരിക്കാൻ തനിക്കിപ്പോൾ കഴിയാറില്ല. മനസ്സുകൊണ്ട് സന്തോഷത്തോടെ ഇരിക്കാൻ പറ്റുക എന്നതാണ് പ്രധാനം. കൈയ്യിൽ എത്ര കാശുണ്ടെന്ന് പറഞ്ഞാലും ഇഷ്ടപ്പെട്ട ആളുകൾക്കൊപ്പം കുറച്ച് നേരം സന്തോഷത്തോടെ ഇരിക്കാനും, ഇഷ്ടപ്പെട്ട ജോലി ആസ്വദിച്ച് ചെയ്യാനും ഒക്കെ പറ്റുന്നില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും. കൈയ്യിൽ അഞ്ച് പൈസ ഇല്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ കഴിയുക എന്ന് പറയുന്നത് ഭാഗ്യമാണ്.
മറ്റുള്ളവർ കാണിക്കുന്ന, മുഖമൂടി ഇട്ട സന്തോഷമല്ല, ഉള്ളിൽ നിന്ന് അനുഭവിക്കുന്ന സന്തോഷം ലഭിക്കാൻ വേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത്. നമ്മൾ ഒരുപാട് വിശ്വസിക്കുകയും ഇഷ്ടപ്പെടുകയും സ്വന്തമാണെന്ന് കരുതുകയും ചെയ്യുന്നവർ തന്നെ കുത്തി നോവിക്കുമ്പോഴും ഒറ്റപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ല. കേൾക്കാൻ കൂട്ടിന് ഒരാളുണ്ടാവുക എന്ന് പറയുന്നതും വലിയ ആശ്വാസമാണ്. മറ്റുള്ളവരുടെ സങ്കടവുമായി സ്വന്തം സങ്കടത്തെ താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണ്.
വിശദീകരിക്കാനും നിർവചിക്കാനും കഴിയാത്തതാണ് ചില വേദനകൾ. എനിക്ക് ഇപ്പോൾ കരയാൻ പോലും തോന്നന്നില്ല. നിർവീര്യമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. ഇത് എന്റെ മാത്രം പ്രശ്നമല്ല. എന്നെപോലെ പലരും ഉണ്ടാവും. നിങ്ങളുടെ വേദനകൾ പങ്കുവയ്ക്കൂ എന്ന് പറഞ്ഞ് ഞാൻ പങ്കുവച്ച ഒരു പോസ്റ്റിൽ നിന്നാണ് എന്നെ പോലെ വേദനിക്കുന്ന ഒരുപാട് പേരുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയത്. ആരും ഹാപ്പിയല്ല. എല്ലാവർക്കും വേദനകളുണ്ട്. എല്ലാവരും സിസ്റ്റമാറ്റിക് ആയി ജീവിച്ചു പോകുകയാണ്. മുഖം മൂടിയിട്ട് സമൂഹത്തിൽ ജീവിക്കുകയാണ് പലരും. പലരും തന്നോട് പങ്കുവച്ച വേദനകളും ശ്രുതി തുറന്നു പറഞ്ഞു. ആരോടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റിയാൽ തന്നെ ഇത്തരം അവസ്ഥകളിൽ നിന്ന് വലിയൊരു ആശ്വാസം കിട്ടും. കൗൺസിലിങ് എല്ലാവർക്കും ഗുണം ചെയ്യണം എന്നില്ല എന്നാണ് പുതിയ വീഡിയോയിൽ ശ്രുത്ി പറയുന്നത്.