ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയും മുസ്ലിം വിഭാഗത്തില്‍പ്പെട്ട പയ്യനുമായിട്ടുള്ള തീവ്ര പ്രണയം ചര്‍ച്ച ചെയ്ത ചിത്രമായിരുന്നു കിസ്മത്ത്. ചെറിയ വേഷങ്ങളുമായി മുന്നേറിയിരുന്ന ശ്രുതി മേനോന്റെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു ഇത്. ഷെയ്ന്‍ നിഗമായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്.
പ്രമേയത്തില്‍ മാത്രമല്ല അവതരണത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ദളിത് പെണ്‍കുട്ടിയായ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ പല നായികമാരും വിസമ്മതിച്ചിരുന്നുവെന്ന് താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്.
കിസ്മത്ത് സത്യത്തില്‍ ഒരു ഭാഗ്യമായിരുന്നു. മനോഹരമായ ഒരു പ്രണയകഥയായിരുന്നു അത്. മനുഷ്യരെ താഴ്ന്ന ജാതി ഉയര്‍ന്ന ജാതി എന്നൊക്കെ പറഞ്ഞ് വേര്‍തിരിക്കുന്നത് അസാധാരണമായ കാര്യമാണ്. കിസ്മത്തില്‍ അവര്‍ എന്നെയായിരുന്നില്ല നായികയാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ചിത്രത്തിന്റെ അണിയറക്കാര്‍ തേടി ചെന്ന നടിമാരൊക്കെ അനിത എന്ന കഥാപാത്രം ഒരു ദളിത് പെണ്‍കുട്ടിയുടേതാണെന്ന് അറിഞ്ഞപ്പോള്‍ പറ്റില്ല പറഞ്ഞു. ഏറ്റവുമൊടുവിലാണ് സംവിധായകനായ ഷാനവാസ് ബാവക്കുട്ടി എന്റെയടുത്ത് വരുന്നത്. ഈ കഥാപാത്രം വേണ്ടെന്നു വച്ചവരോടൊക്കെ എനിക്ക് നന്ദിയുണ്ട്. അതു കൊണ്ട് മാത്രമാണ് എനിക്ക് കിസ്മത്തില്‍ നായികയാകാന്‍ സാധിച്ചത്.
എന്റെയടുത്ത് ഈ ചിത്രത്തിന്റെ അണിയറക്കാര്‍ എത്തിയെന്നറിഞ്ഞപ്പോള്‍ സിനിമാ മേഖലയില്‍ നിന്നു തന്നെയുള്ള ഒരുപാട് ആളുകള്‍ എന്നെ വിളിച്ചു. ശ്രുതി ഇതു ചെയ്യേണ്ട എന്നു പറഞ്ഞു. എങ്ങനെയാണ് ദളിത് പെണ്‍കുട്ടിയായി അഭിനയിക്കുക ? എന്തിനാണ് അത്തരത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ? ഇങ്ങനെ പലതും പറഞ്ഞ് പലരും എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതൊക്കെ കേട്ടതോടെ എനിക്കൊരു വാശിയായി. മനുഷ്യരെ ജാതി പറഞ്ഞ് വേര്‍തിരിക്കുന്നത് എന്തിനാണെന്ന് എനിക്ക് ഇതു വരെ മനസ്സിലായിട്ടില്ല. അതിനു പിന്നിലെ ഘടകവും ഇതു വരെ പിടി കിട്ടിയിട്ടില്ല. പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചപ്പോള്‍ അതൊരു വാശിയായി അങ്ങനെ ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചു.
വിവാ മാഗസിന് വേണ്ടി ചെയ്ത ടോപ്‌ലെസ് ഫോട്ടോഷൂട്ട് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതിനെക്കുറിച്ച് നടി പറഞ്ഞത് ഇങ്ങനെ:
ഈ ആളുകള്‍ ആരാണ് ? എന്റെ ജീവിതത്തില്‍ ഇവര്‍ക്കൊക്കെ എന്ത് അധികാരമാണുള്ളത് ? ഞാന്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നു ചോദിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം ? ഞാന്‍ അറിയുന്നവരും അറിയാത്തവരും നാവിന് എല്ലില്ലാതെ എന്തൊക്കെയോ പറഞ്ഞു. ഇപ്പോള്‍ ശ്രുതിക്ക് സിനിമകളൊന്നുമില്ല. ഇത് പബ്ലിസിറ്റിക്കു വേണ്ടി ചെയ്തതാണ്. ശ്രുതിക്ക് നാണമില്ലേ ? ഇങ്ങനെയൊക്കെയാണ് ഞാന്‍ കേട്ട വിമര്‍ശനങ്ങള്‍.
എനിക്ക് നാണമില്ല. ഇല്ല നാണമില്ല. എന്തു ചെയ്യും നിങ്ങള്‍ ? എന്തു ചെയ്യാന്‍ പറ്റും നിങ്ങള്‍ക്ക് ? എത്ര നാള്‍ നിങ്ങള്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു ? നിങ്ങളുടെ ജീവിതത്തിലോ എന്റെ ജീവിതത്തിലോ എന്തെങ്കിലും മാറ്റം ഉണ്ടായോ ? ഇല്ല. ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മുന്നിലിരുന്ന് ആരാണെന്ന് വെളിപ്പെടുത്താതെ വായില്‍ തോന്നിയത് വിളിച്ചു പറയുന്നതാണോ ധൈര്യം ? ധൈര്യമുണ്ടെങ്കില്‍ എന്റെ മുഖത്ത് നോക്കി ചോദിക്കൂ. ഞാന്‍ ഉത്തരം പറയാം. ഒളിച്ചിരുന്ന് വിമര്‍ശിക്കാനും അശ്ലീലം പറയാനും നിങ്ങള്‍ ഈ പറഞ്ഞതു കൊണ്ടൊന്നും എന്റെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആ ഫോട്ടോഷൂട്ട് വള്‍ഗറാണെന്ന് എന്റെ ഭര്‍ത്താവിന് തോന്നിയിട്ടില്ല. അദ്ദേഹമാണ് എന്നെ ഏറ്റവുമധികം പിന്തുണച്ചത്. എനിക്ക് ആരോടും ദേഷ്യമില്ല, കാരണം നിങ്ങള്‍ പറഞ്ഞതൊന്നും എന്നെ ബാധിച്ചിട്ടില്ല.