തെലുങ്ക് സിനിമാ ലോകത്തെ പിടിച്ചു കുടുക്കിയ വെളിപ്പെടുത്തലുകളിലൂടെ ശ്രദ്ധേയയായ നടി ശ്രീ റെഡ്ഡി പുതിയ ലൈംഗികാരോപണങ്ങളുമായി രംഗത്ത്. പ്രമുഖ സംവിധായകനെതിരെ ആരോപണങ്ങളുമായി എത്തുമെന്ന് പറഞ്ഞിരുന്ന ശ്രീ ഇപ്പോള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് തമിഴ് സൂപ്പര്‍ സംവിധായകന് എആര്‍ മുരുകദോസിനെയാണ്. ഫേസ്ബുക്കില്‍ തമിഴ് ലീക്ക് എന്ന പേരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ശ്രീ റെഡ്ഡി.
ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ എന്നും, അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നതാണ് ശ്രീ ചോദിക്കുന്നത്. മുരുകദോസിന് എതിരായ 90 ശതമാനം തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നാണ് ശ്രീ പറയുന്നത്. നടന് ശ്രീകാന്തിനെതിരെയും ശ്രീ റെഡ്ഡി ആരോപണം ഉന്നയിക്കുന്നുണ്ട്.
അഞ്ച് കൊല്ലം മുന്‍പ് ഹൈദരാബാദില്‍ ക്രിക്കറ്റ് ലീഗ് നടക്കുന്നതിനിടയില്‍ ശ്രീകാന്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് ശ്രീറെഡ്ഡി പറയുന്നത്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ ശ്രീ റെഡ്ഡി മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു.
ഇപ്പോള്‍ തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനെതിരേ രംഗത്തെത്തിയതോടെ വിവാദങ്ങള്‍ തമിഴ്സിനിമാ ലോകത്തെയും പിടിച്ചു കുലുക്കുമോയെന്ന് കാത്തിരുന്ന് കാണണം. മുരുകദോസിനു പിന്നാലെ ശ്രീകാന്തിന്റെ പേരും പുറത്തു വന്നത് ആരാധകരുടെ ആശങ്ക കൂട്ടുകയാണ്.