നാടകവേദിയിൽ നിന്നും സിനിമാലോകത്ത് എത്തുകയും നിരവധി സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കെ കരിയറിൽ ബ്രേക്ക് എടുത്തയാളുമാണ് നടി ശ്രീലത നമ്പൂതിരി. ദശാബ്ദങ്ങൾക്ക് ശേഷമാണ് പിന്നീട് ശ്രീലത നമ്പൂതിരി ക്യാമറയ്ക്ക് മുന്നിലെത്തിയത്. വിവാഹത്തോടെയാണ് സിനിമ വിട്ടതെന്ന് പറയുകയാണ് താരം. തിരിച്ചെത്തിയ ശ്രീലത സിനിമയ്ക്ക് പുറമേ മിനിസ്‌ക്രീൻ സീരിയലുകളിലും സജീവമാണ്.
ഇരുപത്തിമൂന്ന് വർഷത്തോളം നീണ്ട ഇടവേള താനെടുത്തെന്ന് പറയുകയാണ് ശ്രീലത. എതിർപ്പുകളെ മറികടന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിനെ പറ്റിയും ശ്രീലത എന്ന വ്യക്തിയിൽ നിന്നും ശ്രീലത നമ്പൂതിരിയിലേക്ക് മാറിയതിനെ കുറിച്ചും തുറന്നുപറയുകയാണ് ശ്രീലത. ജഗദീഷിന്റെ പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ജീവിതത്തെ കുറിച്ച് താരം മനസ് തുറന്നത്. തുടക്കത്തിൽ തനിക്ക് പ്രണയമൊന്നും ഉണ്ടായിരുന്നില്ലെന്നും കാലടി പരമേശ്വരൻ നമ്പൂതിരിയെന്ന സഹതാരത്തെ അദ്ദേഹത്തിന്റെ നല്ലമനസ് കണ്ട് വിവാഹം ചെയ്യുകയായിരുന്നു എന്നും ശ്രീലത വെളിപ്പെടുത്തുന്നുണ്ട്.
ഇരുവരും കണ്ടുമുട്ടുന്നത് പാപത്തിന് മരണമില്ല, എന്നാണ് സിനിമയിലാണ്. ‘ ഈ സിനിമയിൽ പുള്ളി നായരായിട്ടും ഞാൻ അന്തർജനമായിട്ടും അഭിനയിക്കുന്നു. സിനിമയിൽ ഒരു പാട്ടൊക്കെ പാടി പുള്ളിക്കാരനെ വളയ്ക്കുകയാണ് ഞാൻ. അത് കഴിഞ്ഞ് ഞാനും സുകുമാരിയമ്മയും ഉണ്ട്. ഇതിനിടെ പുള്ളിക്കാരൻ പോയിട്ട് വരാമെന്ന് പല തവണയായി എന്റെ അടുത്ത് വന്ന് പറയുന്നു. അതെന്തിനാണെന്ന് എനിക്ക് മനസിലായില്ല. ഇതിലെന്തോ കുഴപ്പമുണ്ടല്ലോന്ന് സുകുമാരിയമ്മയും ചോദിച്ചു. പിന്നെ വേനൽ ഒരു മഴ എന്ന സിനിമയിലാണ് വീണ്ടും കണ്ടത്’. നമുക്കങ്ങ് കെട്ടിയാലോ എന്ന് പറഞ്ഞാണ് നമ്പൂതിരി പ്രൊപ്പോസ് ചെയ്തത്.’-ശ്രീലത പറയുന്നു.
എന്നാൽ താൻ വിവാഹത്തിന് തയ്യാറായിരുന്നില്ലെന്നും അദ്ദേഹത്തെ ഒഴിവാക്കാനായി ശ്രമിച്ചിരുന്നു എന്നും ശ്രീലത വെളിപ്പെടുത്തുന്നുണ്ട്. ‘അക്കാലത്ത് തമ്പാനൂരിൽ വച്ച് എന്റെ കച്ചേരി നടത്തി. പുള്ളിക്കാരനും അത് കാണാൻ വന്നു. മുന്നിൽ ഇരുന്ന് വലിയ ആസ്വദിക്കുന്നത് പോലെ കാണിച്ചു. ഇങ്ങേർക്കെന്താ വട്ടുണ്ടോന്ന് അന്നെനിക്ക് തോന്നി. പിന്നെ ഇടയ്ക്ക് വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. ഒരിക്കൽ തിരുവനന്തപുരത്ത് ഷൂട്ടിങ്ങിന് വന്നപ്പോഴാണ് ഒരു കാര്യം സംസാരിക്കണമെന്ന് പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോൾ നമുക്കങ്ങ് കെട്ടിയാലോ എന്ന് ചോദിച്ചു. അതൊരു തമാശ കേട്ട പോലെ ചിരിച്ചു. ഇങ്ങനെ കുറെ ഞാൻ കേട്ടിട്ടുള്ളതാണ്. ഇതിൽ വരുന്ന വരുംവരായ്മകളെ കുറിച്ച് ഞാൻ പറഞ്ഞു. ഒന്നാമത് ഇദ്ദേഹത്തെ നാലമ്മാവന്മാർ ഗുരുവായൂരിലെ മേൽശാന്തിമാരാണ്. അവരും അച്ഛനമ്മമാരും എന്നെ വീട്ടിൽ കയറ്റത്തില്ല’.- ശ്രീലത മനസ് തുറക്കുന്നു.
ഇതിനുശേഷവുംപുള്ളി കത്ത് അയക്കും. പക്ഷേ ഞാൻ കള്ളത്തരം പറഞ്ഞ് ഒഴിവാക്കാൻ കുറേനോക്കി. എനിക്ക് ഒരാളുമായി ഇഷ്ടമുണ്ടെന്ന് പറഞ്ഞു. പിന്നെ എന്താ നിങ്ങൾ കല്യാണം കഴിക്കാത്തത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം കല്യാണം കഴിച്ചതാണെന്ന് പറഞ്ഞ് പോയി. കള്ളത്തരം പറയുമ്പോൾ സൂക്ഷിക്കാത്തത് കൊണ്ട് പറഞ്ഞ് പോയതാണ്. കാമുകൻ ദുബായിൽ ആണെന്ന് പറഞ്ഞു. ഇതോടെ അദ്ദേഹത്തിന്റെ അഡ്രസ് തരാൻ പറഞ്ഞു.
മറ്റ് വഴിയില്ലാതെ ദുബായിലുള്ള എന്റെ സഹോദരന്റെ അഡ്രസാണ് കൊടുത്തത്. ഒരു ഭാര്യ ഉള്ളപ്പോൾ മറ്റൊരു കാമുകിയെ കൂടി കൊണ്ട് നടക്കുന്നത് മോശമല്ലേ എന്നൊക്കെയാണ് പിന്നീട് കത്തിലുണ്ടായിരുന്നത്. ഇതിനുശേഷം അദ്ദേഹത്തിന്റെ വീട്ടിൽ പോയി. അദ്ദേഹം സത്യസന്ധമായി ഇഷ്ടം പറയുകയാണെന്ന് മനസിലായതോടെ എന്റെ മനസിൽ സഹതാപമാണ് വന്നത്. അങ്ങനെ കല്യാണം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും ശ്രീലത പറയുന്നു.
മദ്രാസിൽ വെച്ച് രജിസ്റ്റർ മ്യാരേജ് ചെയ്തു. പുള്ളിയുടെ വീട്ടുകാർക്ക് എതിർപ്പാണ്. എന്റെ വീട്ടിലാർക്കും കുഴപ്പമില്ലായിരുന്നു. കല്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ വീടിന്റെ അടുത്ത് തന്നെ പോയി താമസിച്ചു. കുഞ്ഞൊക്കെ ആയപ്പോഴെക്കും അവർ വീട്ടിൽ കയറ്റി. ശേഷം നമ്പൂതിരിമാരുടെ ആചാരപ്രകാരം വിവാഹം നടത്തിയാണ് ശ്രീലത എന്ന വ്യക്തി ശ്രീലത നമ്പൂതിരിയായത്് എന്നും അവർ മനസ് തുറക്കുന്നു.