സോഷ്യല്‍ മീഡിയയില്‍ ഒടിയനെതിരെ വരുന്ന നെഗറ്റീവ് കമന്റുകളും റിവ്യുകളും ഒരു പ്ലാന്‍ഡ് അറ്റാക്കിന്റെ ഭാഗമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.
ചിത്രത്തിന്റെ ആദ്യ ഷോയുടെ ക്ലൈമാക്‌സ് ആകുന്നതിന് മുമ്പ് അതിനെ കുറിച്ച് കമന്റുകള്‍ വന്നതും അതിന് തെളിവാണെന്ന് ശ്രീകുമാര്‍ പറയുന്നു. ‘ഫെയ്‌സ്ബുക് പേജില്‍ ചിത്രത്തെ കുറിച്ച് മോശമായ അഭിപ്രായങ്ങളും കമന്റുകളും വന്നിട്ടുണ്ട്. ഇതൊരു ഭീകരമായ അവസ്ഥയാണ്. എനിക്ക് മാത്രമല്ല ഇത് നേരിടേണ്ടി വന്നിട്ടുള്ളത്.
ഇതിന് മുമ്പും പല ചിത്രങ്ങളെയും ഇങ്ങനെ ആക്രമിച്ചിട്ടുണ്ട്. പക്ഷേ ഒടിയനെതിരെയുള്ള ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്ന് ഞാന്‍ കരുതുന്നു. ഇതിന് പിന്നില്‍ വ്യക്തിഹത്യ ചെയ്യാന്‍ വൈദഗ്ദ്ധ്യം നേടിയവരാണ് ചിത്രം റിലീസാവും മുമ്പു തന്നെ ഇത്തരം ഡീഗ്രേഡിംഗ് പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം പറയുന്നു.
എന്നെ മാനസികമായി തളര്‍ത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാല്‍ ആരോടും പരാതിയില്ല. എന്തിനാണ് ഒടിയനോട് അസൂയപ്പെടുന്നത് റിലീസിന് മുമ്പ് വലിയൊരു വരുമാനം ലഭിച്ചതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. പ്രാര്‍ത്ഥനാപൂര്‍ണമായല്ലേ അതിനെ കാണേണ്ടത്. ശ്രീകുമാര്‍ ചോദിക്കുന്നു.
അതേ സമയം മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഇന്റര്‍നെറ്റില്‍ എത്തി. തമിള്‍ എംവി എന്ന വെബ്‌സൈറ്റിലാണ് സിനിമ അപലോഡ് ചെയ്തത്. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ ഉടന്‍ ബ്‌ളോക്ക് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇന്റര്‍നെറ്റ് കമ്പനികള്‍, കേബിള്‍, ഡിഷ് ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഒടിയന്‍ പുറത്തിറങ്ങും മുന്‍പ് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിറക്കിയത്. എന്നാല്‍ മുന്‍കരുതലെടുത്തിട്ടും ഒടിയന്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു.
രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ദിനം തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ചിത്രം റിലീസാകുന്നതിനു മുന്‍പ് മദ്രാസ് ഹൈക്കോടതി നിരവധി വെബ്‌സൈറ്റുകള്‍ ബ്‌ളോക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ലൈക പ്രൊഡക്ഷന്‍സിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഏകദേശം 12,564 അനധികൃത വെബ്‌സൈറ്റുകളുടെ പേര് ലൈക പ്രൊഡക്ഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പക്ഷെ മുന്‍കരുതലെടുത്തിട്ടും 2.0 യും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.