നടി ശ്രീദേവി മരിച്ചിട്ട് ഫെബ്രുവരി 24ന് ഒരു വര്‍ഷം തികയുന്നു. ഭാര്യയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരുങ്ങി ഭര്‍ത്താവ് ബോണി കപൂര്‍. ഇതിന്റെ ഭാഗമായി ശ്രീദേവിയുടെ ഒരു സാരി ലേലം ചെയ്യുകയാണ് ബോണി കപൂര്‍.
ഇങ്ങനെ സമാഹരിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷന് നല്‍കാനാണ് തീരുമാനം.
ശ്രീദേവിക്ക് ഏറ്റവും പ്രിയപ്പെട്ട കോട്ട സാരികളിലൊന്നാണ് ലേലം ചെയ്യുന്നത്. വെബ്‌സൈറ്റിലൂടെയുള്ള ലേലം ആരംഭിക്കുന്നത് 40,000 രൂപയില്‍ നിന്നാണ്. ഇപ്പോള്‍ തന്നെ 45,000 രൂപ സാരിക്ക് ലേലത്തുക വിളിച്ചെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നാണ് ബന്ധുക്കളെയും ആരാധകരെയും ദു:ഖത്തിലാഴ്ത്തി ദുബൈയിലെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മരിച്ചനിലയില്‍ ശ്രീദേവിയെ കണ്ടത്. ഒരു വിവാഹ ചടങ്ങിനെത്തിയതായിരുന്നു ശ്രീദേവി. മരണ കാരണം ഹൃദയാഘാതമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
ഹിന്ദിയിലും തമിഴിലും മലയാളത്തിലുമെല്ലാം ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയാണ് ശ്രീദേവി യാത്രയായത്.