മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ സുരാജ് വെഞ്ഞാറമ്മൂടും നടി അഥിതി രവിയും. ഇരുവരും ഒന്നിച്ച് പ്രധാന വേഷത്തിലെത്തുന്ന പത്താം വളവെന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് തീയ്യേറ്ററുകളിലൂടെ പുറത്തിറങ്ങിയത്. മികച്ച പ്രതികരണം സ്വന്തമാക്കി തീയ്യേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ചിത്രം.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ അഥിതി രവിയും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിച്ചെത്തിയിരുന്നു. ചിത്രത്തെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും ഇരുവരും അഭിമുഖങ്ങളിൽ പങ്കുവെച്ചിരുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
സുരാജ് ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് രസകരമായി ഉത്തരം പറയുകയാണ് അഥിതി. അതിനിടെ കിട്ടിയ അവസരത്തിൽ അഥിതിയെ ട്രോളുകയും ചെയ്യുന്നുണ്ട് സുരാജ്. സിനിമാനടിയായിത്തീരണമെന്ന അഥിതിയുടെ ആഗ്രഹത്തെക്കുറിച്ചായിരുന്നു സുരാജിന്റെ ആദ്യ ചോദ്യം. തനിക്ക് കുട്ടിയാരിക്കുമ്പോൾ മുതൽ സിനിമാനടിയാകണമെന്ന് തന്നെയായിരുന്നു ആഗ്രഹമെന്ന് അദിതി പറയുന്നു. നിറത്തിലെ ശാലിനിയെക്കണ്ടാണ് സിനിമാനടിയാകാൻ ആഗ്രഹിച്ചത്.
നിറം സിനിമ പുറത്തുവന്നപ്പോൾ അന്ന് നാലാം ക്ലാസിൽ പഠിക്കുകയായിരുന്നു താൻ. പക്ഷെ, ഞാൻ ഇത് പുറത്തു പറഞ്ഞാൽ ശരിയാകുമോ, കുഞ്ചാക്കോ ബോബനെങ്ങാനും കേട്ടാൽ കലിപ്പാകുമോ എന്നായിരുന്നു അഥിതിയുടെ സംശയം. എന്നാൽ അങ്ങനെ പറയുന്നതിൽ കുഞ്ചാക്കോ ബോബന് ഒരു കുഴപ്പമില്ലെന്നും കല്യാണം കഴിഞ്ഞ് കുട്ടിയൊക്കെ ആയ അദ്ദേഹത്തിന് ഇപ്പോൾ അത് തുറന്നുപറയുന്നതിൽ ഒരു ബുദ്ധിമുട്ടും കാണില്ലെന്നായിരുന്നു സുരാജിന്റെ മറുപടി. പക്ഷെ, അഥിതിയ്ക്ക് അപ്പോഴും സംശയമായിരുന്നു. നിറത്തിലെ ശാലിനിയുടെ കഥാപാത്രത്തെ ഏറെയിഷ്ടമായിരുന്നു. വലുതാകുമ്പോൾ ശാലിനിയെപ്പോലെ ഒരു സിനിമാതാരമാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് അഥിതി വ്യക്തമാക്കുന്നുണ്ട്.
പുതുതായി സിനിമയിലെത്താൻ താത്പര്യമുള്ളവർക്കായി അഥിതി കുറച്ച് ടിപ്സും നൽകുന്നുണ്ട്. താൻ സിനിമയിലെത്തിയത് നല്ല സിനിമകളുടെ ഓഡിഷനു പോയിട്ടാണ്. അതിനു മുമ്പ് കുറച്ചുനാൾ പരസ്യചിത്രങ്ങളിൽ മോഡലായിട്ടുമുണ്ട്. സിനിമ ചെയ്യാൻ സാധിക്കുന്നു എന്നത് തന്നെ വലിയ അനുഗ്രഹമായി കാണുന്നുവെന്ന് അഥിതി രവി പറയുന്നു. അഥിതിക്കൊപ്പം രണ്ടു ചിത്രങ്ങളിൽ സുരാജ് അഭിനയിച്ചിട്ടുണ്ട്. ആ അനുഭവത്തിൽ നിന്നും അഥിതിയുടെ രസകരമായ ഒരു ശീലത്തെക്കുറിച്ചും സുരാജ് പറയുന്നുണ്ട്.
ഇടയ്ക്കിടെ കണ്ണാടി നോക്കുന്ന ആളാണ് അഥിതി. ഷൂട്ടിങ്ങ് സെറ്റിൽ വന്നാലുടനെ കണ്ണാടി അന്വേഷിക്കും. ഇടയ്ക്കിടെ കണ്ണാടി നോക്കിയില്ലെങ്കിൽ അഥിതിയ്ക്ക് തന്നെ ഒരു ബുദ്ധിമുട്ടാണ്. എന്നാൽ അദിതി പറയുന്നത് തനിക്ക് കണ്ണാടി നോക്കാൻ ഏറെയിഷ്ടമാണ്. എന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അഥിതിയുടെ ആ ചിന്തയെ സുരാജ് പ്രോത്സാഹിപ്പിക്കുകയാണ്. നമ്മളെത്തന്നെ ആദ്യം ഇഷ്ടപ്പെട്ടിട്ട് വേണം മറ്റുള്ളവരെ ഇഷ്ടപ്പെടാനെന്ന് സുരാജ് അതിഥിയെ പ്രശംസിക്കുന്നു. പത്താം വളവിലെ ആദ്യ രംഗം തന്നെ അഥിതി കണ്ണാടിയിൽ നോക്കുന്ന ഒരു ഭാഗമാണ് ചിത്രീകരിച്ചത്. അക്കാര്യം തനിക്ക് വളരെ സന്തോഷം തന്ന ഒന്നാണെന്നും അങ്ങനെ എന്നെത്തന്നെ കണ്ട് അഭിനയിക്കാൻ സാധിച്ചത് വലിയ കാര്യമാണെന്നും അദിതി പറയുന്നുണ്ട്.
എം.പത്മകുമാർ സംവിധാനം ചെയ്ത പത്താം വളവിൽ സുരാജ് വെഞ്ഞാറമ്മൂട്, അഥിതി രവി, കിയാര കൺമണി, ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒരു ഇമോഷണൽ ഡ്രാമ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം വർഷങ്ങൾക്കു മുമ്പ് കേരളത്തെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിയ്ക്കുന്നത്.
ചിത്രത്തിൽ അജ്മൽ അമീർ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, സ്വാസിക, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനേതാക്കളായി എത്തുന്നുണ്ട്. യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
രതീഷ് റാം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താംവളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ നിതിൻ കേനിയുടെ കൂടി പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് ഇത്.