അകം പുറത്തിലെ ജയില്‍ പുള്ളിമുതല്‍ മേരാ നാം ഷാജിയിലെ സഖാവ് മണിയന്‍ വരെ: മലയാള സിനിമയില്‍ ശക്തമായി ചുവടുറപ്പിച്ച് പൊന്റൂക്കാരന്‍ അരുണ്‍ പുനലൂര്‍

45

ഇത് അരുണ്‍ പുനലൂര്‍, സിനിമയില്‍ എന്തെങ്കിലും ആവണമെന്ന് അതിയായ ആഗ്രഹത്തോടെ നിരവധി വര്‍ഷങ്ങള്‍ ആയി സിനിമയുടെ ഓരം പറ്റി പല ജോലികള്‍ ചെയ്തു വരുന്ന കഠിനാധ്വാനത്തിന്റെ പ്രതീകം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വടക്കേ ഇന്ത്യയിലേക്ക് വണ്ടി കയറിയെങ്കിലും സിനിമ എന്ന അടങ്ങാത്ത ആഗ്രഹവുമായി മടങ്ങിയെത്തി വീണ്ടും പ്രയത്‌നത്തില്‍ ഏര്‍പ്പെട്ട ഈ പുനലൂരുകാരന്‍ ഇന്ന് ഏറെക്കുറെ മലയാളികള്‍ക്കും സുപരിചിതനാണ്. പ്രത്യേകിച്ച് സിനിമാ ആരാധകര്‍ക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്കും.

Advertisements

സിനിമയിലും കല്യാണവീടുകളിലും മറ്റ് ചടങ്ങുകളിും ഫ്രീലാന്റ്‌സ് ഫോട്ടോ ഗ്രാഫറായും തന്നാല്‍ കഴിയുന്ന ചാരിറ്റി പ്രവര്‍ത്തനവും ഒക്കെയായി മുന്നോട്ട് പോയിരുന്ന അരുണ്‍ പുനലൂര്‍ 2016 ല്‍
അകം പുറം എന്ന ഷോര്‍ട് ഫിലിമിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്.

ഇപ്പോഴിതാ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ തീയറ്ററുകളില്‍ മുന്നേറുന്ന സൂപ്പര്‍ഹിറ്റ് സംവിധായകന്‍ നാദിര്‍ഷായുടെ മേരാ നാം ഷാജി എന്ന ഹിറ്റ് ചിത്രത്തിന്റെ കഥാഗതിയില്‍ നിര്‍ണായകമായൊരു ഇടപെടലിന് കാരണക്കാരനാവുന്ന സഖാവ് മണിയന്‍ എന്ന കഥാപാത്രമായി അഭിനയിച്ച അരുണ്‍ പുനലൂര്‍ സിനിമാ രംഗത്ത് ശക്തമായ വേഷങ്ങളിലൂടെ ചുവടുറപ്പിക്കുകയാണ്.

അകം പുറത്തിലെ ജയില്‍ പുള്ളിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ തുടര്‍ന്ന് വെള്ളം എതിരു ബോംബുകഥ 2 എന്നിങ്ങനെ 3 ഷോര്‍ട് ഫിലീമുകളില്‍ കൂടി അഭിനയിച്ചു. അതില്‍ എതിരിലെ പരുക്കന്‍ കഥാപാത്രമായ മൂത്തകള്ളനും ബോംബുകഥയിലെ രാഷ്ട്രീയക്കാരനായ സുരേഷ്ജിയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മൂത്തകള്ളന്‍ തീര്‍ത്തും റഫ് ആയൊരു വേഷപ്പകര്‍ച്ചയായിരുന്നെങ്കില്‍ അതിനു നേരെ ഓപ്പോസിറ്റ് ആയിരുന്നു സുരേഷ്ജി. പൊളിറ്റിക്കല്‍ സറ്റയര്‍ എന്നുള്ള നിലയില്‍ ഏറെ ചിരിയുണര്‍ത്തി സൂപ്പര്‍ ഹിറ്റ് ആയി മാറിയ ബോംബുകഥയിലെ സുരേഷ്ജിയുടെയും അനുയായികളുടെയും ഏറെ ചിരിപ്പിച്ച ഒറ്റ ക്ലിപ്പ് ഒരു പേജില്‍ മാത്രം 27ലക്ഷം കാഴ്ചക്കാരുമായി ഇപ്പോഴും പൊട്ടിച്ചിരി തുടരുന്നു.

സോഫിയ പോള്‍ നിര്‍മ്മിച്ച് നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ ഡോക്ടര്‍ ബിജുവിന്റെ കാടുപൂക്കുന്ന നേരമാണ് ആദ്യ സിനിമ . അതിലെ ആദിവാസിയുടെ വേഷത്തിലേക്ക് എത്തിപ്പെടുന്നത് തികച്ചും യാദൃശ്ചികമായാണ്. തുടര്‍ന്ന് അയാള്‍ ജീവിച്ചിരിപ്പുണ്ട്, കിണര്‍, ക്യാപ്റ്റന്‍, ആഷിക് വന്ന ദിവസം, ജൂണ്‍, ഏറ്റവും ഒടുവില്‍ റിലീസായ മേരാനാം ഷാജി വരെ പ്രദര്‍ശനത്തിനെത്തിയ 7 സിനിമകളില്‍ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും ഏറ്റുവാങ്ങിയ ക്യാപ്റ്റനിലെ ്ു സത്യന്റെ കൂട്ടുകാരന്‍ സുധാകരന്‍ എന്ന കഥാപാത്രം സ്‌ക്രീനില്‍ തിരിച്ചറിവ് നല്കി.

അയാള്‍ ജീവിച്ചിരിപ്പുണ്ടിലെ ഗോവന്‍ ബൈക്ക് ടാക്‌സിക്കാരന്‍, കിണറിലെ സഖാവ്, ആഷിക് വന്ന ദിവസത്തിലെ പഞ്ചാര പോസ്റ്റുമാന്‍, ജൂണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മേരാ നാം ഷാജിയിലെ സഖാവ് മണിയന്‍. മെല്ലെ മെല്ലെ കൊച്ചു കൊച്ചു കഥാപാത്രങ്ങളിലൂടെ അരുണ്‍ അഭിനയ രംഗത്തു ചുവടുറപ്പിക്കുകയാണ്. ഇതിനിടയില്‍ സിബിഐ ഡയറി, അളിയന്‍ വി/ എസ് അളിയന്‍ എന്നീ സീരിയലുകളിലും അഭിനയിച്ചു.

നാദിര്‍ഷാ സംവിധാനം ചെയ്ത ഷാജിയിലെ സഖാവ് മണിയാനാണ് ഇതുവരെ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ ടൈം കിട്ടിയ കഥാപാത്രം.. ചിത്രത്തിലെ നായകന്മാരില്‍ ഒരാളായ ആസിഫ്അലിക്കൊപ്പവും ഗണേഷ്‌കുമാറിനൊപ്പവും പ്രത്യക്ഷപ്പെടുന്ന സീനുകളില്‍ മോശമല്ലാത്ത പ്രകടനം കൊണ്ട് ശ്രദ്ധേയമായി മണിയന്‍ എന്ന കഥാപാത്രവും.

അതിന്റെ എല്ലാ കടപ്പാടും നാദിര്‍ ഷാക്കാണെന്നു അരുണ്‍ നന്ദിയോടെ സ്മരിക്കുന്നു. ഇനി റിലീസ് ആകാനുള്ളതും ഷൂട്ട് നടക്കുന്നതുമായ ചില ചിത്രങ്ങളിലും കൊച്ചു കഥാപാത്രങ്ങളായി അരുണ്‍ എത്തുന്നുണ്ട്..

ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ അരുണ്‍ തന്റെ തൊഴിലിനൊപ്പം പാഷനായ അഭിനയവും തുടരുന്നു. ഏതാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ ഇത് രണ്ടുമല്ല യാത്ര ചെയ്യാനാണ് ഏറ്റവും ഇഷ്ടമെന്ന മറുപടി ഉടന്‍ വരും.

ക്യാമറയും തൂക്കി കൊല്‍ക്കത്തയും ഗോവയും ഹിമാചലുമൊക്കെ യാത്ര ചെയ്തു അരുണെടുത്ത ചിത്രങ്ങള്‍ക്കും എഴുതിയ കുറിപ്പുകള്‍ക്കും രസകരങ്ങളായ കഥകള്‍ക്കും ഫെയിസ്ബുക്കില്‍ മുപ്പത്തിനായിരത്തിനുമേല്‍ ഫോളോവേഴ്‌സിനെയും ധാരാളം വായനക്കാരെയും കൂടെ കൂട്ടാനായിട്ടുണ്ട്.

സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മം കലര്‍ത്തി ഒളിവും മറയുമില്ലാത്ത തുറന്നെഴുത്തുകള്‍ കൊണ്ട് പതിവ് ശ്വാസംപിടുത്ത സാഹിത്യ ഭാഷകളെ തൂത്തെറിഞ്ഞു ലോക്കല്‍ ലാങ്‌ഗ്വേജില്‍ ഉള്ള എഴുത്തുകള്‍ സാധാരണക്കാരായ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്..

ഫോട്ടോഗ്രാഫിയില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള അരുണ്‍ അഞ്ചു ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്യുകയും 10 അവാര്‍ഡുകള്‍ അതിനായി കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

പ്രണയവും രതിയുമൊക്കെ ഇഷ്ടപ്പെടുന്നൊരാള്‍ എന്ന് ബയോയില്‍ തുറന്നെഴുതി വച്ചു പതിവ് വഴികളില്‍ നിന്നും മാറി നടന്നുള്ള ജീവിതം ഇഷ്ടപ്പെടുന്നൊരാള്‍ എന്ന നിലയില്‍ സ്വാഭാവം കൊണ്ടും പ്രവര്‍ത്തികൊണ്ടും വ്യത്യസ്തനായി സ്വന്തം ന്യൂനതകളും തെറ്റുകളും ശരികളുമൊക്കെ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് ഫോട്ടോഗ്രാഫിയും സിനിമയും സൗഹൃദവും അഭിനയവും യാത്രകളുമൊക്കെ ആസ്വദിച്ച് ഒരു ശക്തനായ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായും പ്രയാണം തുടരുകയാണ് ഈ പൊന്റൂക്കാരന്‍.

Advertisement