തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. കേരളത്തിലെ തിരുവല്ലയിൽനിന്ന് സിനിമയിലേക്കെത്തിയ പെൺകുട്ടി പിന്നീട് തെന്നിന്ത്യയുടെ സൂപ്പർസ്റ്റാറായത് ചരിത്രം.1984 ൽ തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ഡയാന മറിയം പിന്നീട് നയൻതാരയായി.
16 വർഷത്തെ സിനിമാജീവിതം, അതിൽ ഉയർച്ച താഴ്ച്ചകൾ വന്നപ്പോഴും തന്റെ ആത്മവീര്യം കൈവിടാതെ അവർ കൂടുതൽ ശക്തിയോടെ തിരിച്ച് വന്നു.പ്രണയവും, പ്രണയത്തകർച്ചകളും അവരെ വാർത്തകളിലെ സ്ഥിരം സാന്നിധ്യമാക്കി. സൂപ്പർസ്റ്റാർ നായകന്മാർ ഇല്ലാതെ തന്നെ അവർ സിനിമകളെ വിജയിപ്പിക്കാൻ തുടങ്ങി. അങ്ങനെ അവർ ആരാധകരുടെ നയൻസ് ആയി.
ഇപ്പോഴിതാ, തമിഴ്നാട്ടിൽ ആദ്യമായി നയൻതാരയുടെ സോളോ കട്ടൗട്ട് ഉയർന്നു കഴിഞ്ഞു. അതും തമിഴ് സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു നായികയുടെ സോളോ കട്ടൗട്ട് ഉയർന്നത്. നായകന്മാരുടെ കട്ടൗട്ടുകൾ മാത്രം കണ്ട് വളർന്ന തലമുറക്ക് മുന്നിലാണ് തലയുയർത്തി നയൻതാര നില്ക്കുന്നത്. അതിൽ നിന്ന് തന്നെ തികച്ചും വ്യക്തമാണ് നയൻതാരക്ക് തമിഴിൽ ഉള്ള സ്വീകാര്യത
തമിഴ്നാട്ടിലെ ആൽബർട്ട് ആൻഡ് വുഡ്ലാൻഡ്സ് തിയ്യറ്ററിന് മുന്നിലാണ് നയൻസിന്റെ കട്ടൗട്ട്. നയൻതാരയുടെ പുതിയ ചിത്രമായ കണക്ടിന്റെ റിലീസിനൊടനുബന്ധിച്ചാണ് ചെന്നൈയിലെ പ്രധാന തിയ്യറ്ററുകളിൽ ഒന്നിന്റെ മുന്നിൽ കൂറ്റൻ കട്ടൗട്ട് ഉയർന്നത്.
നയൻതാരയുടെയും, വിഘ്നേഷ് ശിവന്റെയും നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് കണക്ട് നിർമ്മിച്ചിരിക്കുന്നത്. ഹൊറർ ത്രില്ലർ ചിത്രമായ കണക്ട് സംവിധാനം ചെയ്തിരിക്കുന്നത് അശ്വിൻ ശരവണനാണ്. ഇടവേളകളില്ലാതെ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും കണക്ടിനുണ്ട്.തമിഴിന് പുറമേ ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യും.