മലയാളത്തിൽ വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടു തിളങ്ങുന്ന സംവിധായകനും എഴുത്തുകാരനും അഭിനേതാവുമാണ് സോഹൻ ലാൽ. അദ്ദേഹം ഒരിക്കൽ തന്റെ സിനിമയിലേക്ക് അഭിനയിക്കാൻ മമ്മൂട്ടിയെ സമീപിച്ചകാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ.
അദ്ദേഹത്തിന്റെ കഥവീട് എന്ന അന്തോളജി മൂവിയിലേക്ക് ബിജു മേനോൻ എത്തിയതിനെ കുറിച്ചാണ് സംസാരിക്കുന്നത്. അന്ന് ആദ്യം ആ കഥാപാത്രത്തെ ചെയ്യാൻ മമ്മൂട്ടിയെയായിരുന്നു ആദ്യം സമീപിച്ചിരുന്നതെന്ന് സോഹൻലാൽ വെളിപ്പെടുത്തുകയാണ്.
സിനിമ ചെയ്യുമ്പോൾ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയെയോ മോഹൻലാലിനെയോ അഭിനയിപ്പിക്കണമെന്ന് തോന്നിയില്ലേ, അവരെ അതിനായി സമീപിച്ചില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സോഹൻ ലാൽ. മാസ്റ്റർബിന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
‘ഞാൻ അത്തരത്തിൽ ഒരു സൂപ്പർസ്റ്റാറിനെ സമീപിച്ചിരുന്നു. ജീവിതത്തിൽ വന്ന അവസരങ്ങൾ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ പറ്റിയോയെന്ന് നമ്മൾ പലപ്പോഴും പിന്നീട് ചിന്തിക്കാറുണ്ട്. ഞാൻ എന്തായാലും ആളുടെ പേര് പറയാം. മമ്മൂക്കയെ ഒരു തവണ ഞാൻ പോയി കണ്ടിരുന്നു. ‘കഥവീട്’ എന്ന സിനിമയുടെ സമയത്തായിരുന്നു അത്.
ആ സിനിമയിൽ ബിജു മേനോൻ ചെയ്ത കഥാപാത്രത്തെ ചെയ്യാൻ മമ്മൂട്ടിയെയായിരുന്നു ആദ്യം സമീപിച്ചത്. അതായത് മാധവികുട്ടിയുടെ നെയ്പായസത്തിലെ ആ കഥാപാത്രം. മമ്മൂക്ക അന്ന് ടെക്നോപാർക്കിൽ ഷാജി കൈലാസിന്റെ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ്. സിനിമയുടെ കാര്യം സംസാരിക്കാനായി ഞാൻ ടെക്നോപാർക്കിൽ പോയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
ALSO READ- ‘കാലങ്ങൾക്ക് ശേഷം എന്റെ സഹപാഠിയെ കണ്ടുമുട്ടി, അതിശയിപ്പിക്കുന്ന വികാരം’: സന്തോഷം പങ്കിട്ട് ആരാധകരുടെ പ്രിയങ്കരിയായ നടി സുചിത്ര
തന്നോട് അന്ന് മമ്മൂക്ക വളരെ നന്നായിട്ടാണ് പെരുമാറിയത്. എന്നാൽ കഥ കേട്ട് കഴിഞ്ഞതിന് ശേഷം മമ്മൂക്ക സിനിമ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് പറയുകയായിരുന്നു.
‘ഞാൻ ഇപ്പോൾ കേരളകഫേയെന്ന ഒരു സിനിമ ചെയ്തിട്ടേയുള്ളു. അത് ഇത്തരത്തിൽ പത്തു സിനിമകളിൽ ഒന്നാണ്. നീ മറ്റൊരു പടം പ്ലാൻ ചെയ്തിട്ട് വരൂ’- എന്നാണ് അന്ന് മമ്മൂക്ക പറഞ്ഞത്.
അതിപ്പോഴും തന്റെ മനസിലുണ്ട്. പക്ഷേ തനിക്ക് ഇന്നുവരെ അങ്ങനെയൊരു സിനിമക്കുള്ള കഥ കിട്ടിയിട്ടില്ല. ഇനി ഒരു കഥ പറയാൻ ചെന്നാൽ മമ്മൂക്കക്ക് ഇഷ്ടപ്പെടുന്ന കഥയാകണം അതെന്നുണ്ട് എന്നും സോഹൻലാൽ പറയുന്നു.
തനിക്ക് തോന്നുന്നത്, അതിന് ശേഷം തന്റെ പ്രയോരിറ്റീസ് വേറെയായി പോയത് കൊണ്ടാകണം മമ്മൂക്കയുമായി ഒരു സിനിമ നടക്കാതിരുന്നത്. കഥവീട് കഴിഞ്ഞപ്പോൾ മൂന്ന് കുട്ടികളുടെ കഥയാണ് മനസിൽ വന്നതെന്നും സോഹൻ ലാൽ പറയുകയാണ്.