പ്രേക്ഷകരുടെ മനസില്‍ റിലീസ് ചെയ്‌ത് 25 ആണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും തങ്ങി നില്‍ക്കുന്ന ചിത്രമാണ് മണിചിത്രത്താഴ്. ഓരോ തവണയും കാഴ്‌ചക്കാരില്‍ വിസ്‌മയം ജനിപ്പിക്കാന്‍ കഴിയുന്ന അത്യപൂര്‍വം ചിത്രങ്ങളില്‍ ഒന്നായാണ് ഫാസില്‍ സംവിധാനം ചെയ്‌ത ഈ മള്‍ട്ടി സ്‌റ്റാര്‍ ചിത്രത്തെ പൊതുവെ വിശേഷിപ്പിക്കുന്നത്.
സണ്ണിയും ഗംഗയും നകുലനും തുടങ്ങി കുതിരവട്ടം പപ്പുവിന്റെ കാട്ടുപറമ്ബന്‍ വരെ ഇന്നും കാഴ്‌ചക്കാരന്റെ മനസില്‍ നിന്നും മായാതെ നില്‍ക്കുന്നുണ്ട്.
1993ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഏറ്റവും കൂടുതല്‍ റീമേയ്‌ക്ക് ചെയ്യപ്പെട്ട മലയാള സിനിമയെന്ന റെക്കാഡുമുണ്ട്. മധു മുട്ടം തിരക്കഥ ഒരുക്കിയ ചിത്രം നിര്‍മ്മിച്ചത് സ്വര്‍ഗചിത്രയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ 25 വര്‍ഷങ്ങള്‍ക്ക് ശേഷം മണിചിത്രത്താഴിന്റെ പേരില്‍ ക്ഷമാപണം നടത്തിയിരിക്കുകയാണ് നടി ശോഭന. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ആരാധകരോട് ക്ഷമ ചോദിച്ചതിനൊപ്പം നന്ദിയും അറിയിച്ചത്.
‘എല്ലാ മാദ്ധ്യമ സുഹൃത്തുക്കള്‍ക്കും എക്കാലത്തെയും എന്റെ പ്രിയ സിനിമയായ ‘മണിച്ചിത്രത്താഴിന്റെ ഫാന്‍സിനും …മാര്‍ഗഴി പെര്‍ഫോമന്‍സുമായി ഞാന്‍ ചെന്നൈയില്‍ തിരക്കിലാണ്. അതാണ് നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി തരാന്‍ കഴിയാതെ പോയത്. ക്ഷമ ചോദിക്കുന്നു.
വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ആ സിനിമ ആളുകള്‍ മറന്നിട്ടില്ലെന്നതും കൂടുതല്‍ അഭിനന്ദനങ്ങള്‍ നേടുന്നതും വലിയൊരു കാര്യമാണ്.
ശരിക്കും വിസ്‌മയകരമായി തോന്നുന്നു. എനിക്കു മാത്രമല്ല ചിത്രത്തിലെ മറ്റു ആര്‍ട്ടിസ്റ്റുകള്‍, സംവിധായകന്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ക്കും സമാന അനുഭവം തന്നെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.
അവരോടെല്ലാം എന്റെ സ്‌നേഹവും ബഹുമാനവും അറിയിക്കുന്നു,’ ശോഭന കുറിച്ചു.