മോഹന്‍ലാല്‍ നായകനായി എത്തിയ മലയാള സിനിമയായിരുന്നു ദേവദൂതന്‍. സിബിമലയിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ് സിയാദ് കോക്കര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ദേവദൂതന്‍ പില്‍ക്കാലത്ത് ഇറങ്ങേണ്ട സിനിമയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. ദേവദൂതനെ കുറിച്ച് ഇപ്പോഴാണ് ആളുകള്‍ സംസാരിക്കാന്‍ തുടങ്ങിയതെന്നംു ചിത്രത്തിലെ മ്യൂസിക്ക് വലിയ ടാസ്‌കായിരുന്നുവെന്നും സിയാദ് കോക്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ബെല്‍സിന്റെ സൗണ്ടുകളെല്ലാം മ്യൂസിക്കായിട്ട് വരണമായിരുന്നു. അതിലെ സെവന്‍ ബെല്‍സ് തങ്ങള്‍ കണ്ടുപിടിച്ച സാധനമായിരുന്നുവെന്നും വിദ്യാജിക്ക് ഇതെല്ലാം വെല്ലുവിളിയായിരുന്നുവെന്നും ആ ചിത്രത്തെ കുറിച്ച് തനിക്കും സിബിക്കും മോഹന്‍ലാലിനുമൊന്നും വലിയ ധാരണയുണ്ടായിരുന്നുവെന്നും സിയാദ് പറയുന്നു.
അതിലാണ് തങ്ങള്‍ മുന്നോട്ട് പോയത്. ചിലപ്പോള്‍ ആ കാലത്ത് ഇറങ്ങേണ്ട സിനിമയായിരുന്നില്ലായിരിക്കാം അത്. ഇന്ന് ഈ ചിത്രത്തെ കുറിച്ച് വരുന്ന കുറേ കമന്റുകള്‍ വളരെ തമാശയാണെന്നും എന്തൊരു അതിശയകരമായ സിനിമ എന്നൊക്കെയാണ് പലരും പറയുന്നതെന്നും സിയാദ് പറയുന്നു.
പക്ഷേ കുറേപ്പേര്‍ പറയുന്നത് ചിത്രം റീറിലീസ് ചെയ്തുടേ എന്നാണ്. പ്രേക്ഷകര്‍ക്ക് ഉടന്‍ തന്നെ ദേവദൂതന്റെ റീറിലീസ് പ്രതീക്ഷിക്കാമെന്നും താനിപ്പോള്‍ ചിത്രം 4k യിലേക്ക് മാറ്റിയെടുത്തിട്ടുണ്ടെന്നും വീണ്ടും ഇറക്കാന്‍ കഴിയുമോ എന്ന് നോക്കണമെന്നും സിയാദ് പറയുന്നു.