ധനുഷിന്റെ പിന്തുണയോടെ തമിഴ് സിനിമയിൽ എത്തിയ താരമാണ് ശിവ കാർത്തികേയൻ. ഒരു കോമഡി റിയാലിറ്റി ഷോയിൽ വിന്നറായി എത്തിയ വ്യക്തിയാണ് അദ്ദേഹം. പിന്നീട് അവതാരകനായും, സഹനടനായും എത്തിയ താരം അധികം വൈകാതെ തന്നെ നായകനായി അരങ്ങേറ്റം കുറിച്ചു, നടനെന്നതിലുപരി സംവിധായകനും, നിർമ്മാതാവും, ഗായകനും, ഗാനരചയിതാവുമാണ് താരം. സിനിമയുടെ എല്ലാ മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ താരം ശ്രമിക്കുന്നുണ്ട്.
ഇപ്പോഴിതാ ശിവകാർത്തികേയനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സിനിമാ ജേർണലിസ്റ്റായ ബിസ്മി. ശിവകാർത്തികേയൻ വില കുറഞ്ഞ റീൽസും, വീഡിയോസും വഴിയാണ് സിനിമകൾ പ്രൊമോട്ട് ചെയ്യുന്നതെന്നും ജനങ്ങൾക്ക് ഈ നിലവാരമില്ലാത്ത ശൈലി മടുത്തു തുടങ്ങിയെന്നുമാണ് ബിസ്മി ആരോപിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
മറ്റു താരങ്ങളുടെ സിനിമകൾ റിലീസ് ഇല്ലാത്ത സമയം നോക്കി മാത്രമാണ് ശിവകാർത്തികേയൻ സിനിമകൾ റിലീസ് ചെയ്യുന്നത്. അത്കൊണ്ട് തന്നെ പരമാവധി തിയേറ്ററുകളും, കളക്ഷനും നേടാൻ അവയ്ക്കെല്ലാം സാധിക്കുന്നുണ്ട്. ആരോടും മത്സരിക്കാതെ വിജയം നേടുന്നയാൾ ആണ് ശിവകർത്തികേയൻ. ചിയാൻ വിക്രമിനെ പോലെ സിനിമകൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന താരങ്ങൾ, ശിവകാർത്തികേയന്റെ കലാമൂല്യമില്ലാത്ത സിനിമകളുടെ വിജയം കാണുമ്ബോൾ അസ്വസ്ഥരാണ്.
മികച്ച താരങ്ങളെ കൊണ്ട് പോലും മോശം സിനിമകൾ ചെയ്യയ്യിക്കാൻ ശ്വകാർത്തികേയന്റെ വിജയചിത്രങ്ങൾ പ്രേരിപ്പിക്കുകയാണ്. ധനുഷിന്റെ പിന്തുണയോടെ സിനിമയിൽ അരങ്ങേറിയ ശിവകാർത്തികേയന് തുടക്കം മുതൽ തന്നെ ഹൻസിക, നയൻതാര തുടങ്ങിയ മുൻനിര നായികമാരുടെ കൂടെ അവസരം ലഭിച്ചത് പ്രൊമോട്ട് ചെയ്യാൻ ആളുകൾ ഉള്ളത് കൊണ്ടാണ് എന്നാണ് ബിസ്മി പറയുന്നത്.
വാണിജ്യ സിനിമകൾ ചെയ്യുന്ന താരങ്ങൾ സാധാരണ വിജയിയെ ആണ് പിന്തുടരാറുള്ളത്. എന്നാൽ സ്റ്റേജിൽ രജനികാന്തിനെ അനുകരിക്കുന്ന ശിവകാർത്തികേയൻ, അടുത്ത രജനികാന്ത് ആണെന്ന് സ്വയം കരുതിയാണ് ജീവിക്കുന്നതെന്നും ബിസ്മി ആരോപിക്കുന്നു. അതേസമയം മാവീരൻ ആണ് ശിവകാർത്തികേയന്റെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. മഡോണി അശ്വിൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഗംഭീര പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. വെറും നാല് ദിവസത്തിനുള്ളിൽ ചിത്രം 50 കോടി കളക്ഷൻ നേടിയെന്നടക്കമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.