ഒരു കാലത്ത് സുഹൃത്തുക്കളായിരുന്നു തമിഴ് നടൻ ശിവ കാർത്തികേയനും, സംഗീത സംവിധായകൻ ഡി. ഇമ്മനും. ഇപ്പോഴിതാ ശിവ കാർത്തികേയനെതിരം ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡി ഇമ്മൻ. തന്റെ സ്വകാര്യ ജീവിതം നശിപ്പിച്ചത് ശിവ കാർത്തികേയനാണ് എന്നാണ് ഇമ്മൻ ആരോപിച്ചത്. ഇപ്പോഴിതാ ഡി ഇമ്മന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇമ്മന്റെ ആദ്യ ഭാര്യ മോണിക്ക. 2021 ലായിരുന്നു ഇമ്മൻ തന്റെ ആദ്യ ഭാര്യയായ മോണിക്ക റിച്ചാർഡുമായുള്ള ബന്ധം അവസാനിപ്പിച്ചത്. രണ്ട് മക്കളുമുണ്ട് ഇരുവർക്കും. മക്കൾ മോണിക്കയുടെ കൂടെയാണ്.
തമിഴ് മാധ്യമമായ വികടന് നൽകിയ അഭിമുഖത്തിലാണ് ഇമ്മനെതിരെ മോണിക്ക പ്രതികരിച്ചത്. മോണിക്കയുടെ വാക്കുകൾ ഇങ്ങനെ; ശിവകാർത്തികേയൻ ഞങ്ങളുടെ കുടുംബ സുഹൃത്താണ്. അദ്ദേഹം മാന്യനായ വ്യക്തിയാണ്. അദ്ദേഹവും ഇമ്മനും നല്ല സുഹൃത്തുക്കളായിരുന്നു. സുഹൃത്തെന്ന നിലയിൽ ഞങ്ങളുടെ കുടുംബത്തോട് അദ്ദേഹത്തിന് കരുതലുണ്ടായിരുന്നു. ഞങ്ങളുടെ മക്കൾക്കും അദ്ദേഹത്തെ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാനും ഇമ്മനും പിരിയരുത് എന്നാവശ്യപ്പെട്ട് അദ്ദേഹം വന്നത്. ഞങ്ങൾ പിരിയരുതെന്നും കുടുംബം തകർക്കരുതെന്നുമാണ് അദ്ദേഹം ആഗ്രഹിച്ചത്. അദ്ദേഹം ഞങ്ങളെ ഒരുമിപ്പിക്കാൻ ശ്രമിച്ചിരുന്നു.
വിവാഹ ബന്ധം വേർപെടുത്താനുള്ള ഇമ്മന്റെ തീരുമാനത്തെ ശിവകാർത്തികേയൻ അംഗീകരിച്ചിരുന്നില്ല. അദ്ദേഹം നീതിയ്ക്കൊപ്പമാണ് നിന്നത്. സുഹൃത്തിന്റെ കുടുംബം തകരാൻ ആരെങ്കിലും ആഗ്രഹിക്കുമോ? ശിവകാർത്തികേയൻ എന്ത് തെറ്റാണ് ചെയ്തത് ഒരു വർഷം മുമ്ബ് ഇമ്മൻ ഞാനുമായുള്ള ബന്ധം അവസാനിപ്പിച്ചു. പക്ഷെ ഞാൻ സമ്മതിച്ചില്ല. എന്നെ ഭീഷണിപ്പെടുത്തിയാണ് അദ്ദേഹം വിവാഹ മോചനം നേടിയെടുത്തത്. എനിക്ക് ജീവനാംശം തന്നിട്ടില്ല. പണം വേണോ മക്കളെ വേണോ എന്ന് ചോദിച്ചപ്പോൾ മക്കൾ എന്നാണ് ഞാൻ പറഞ്ഞത്. മറ്റൊന്നും ഇല്ലാതെയാണ് ഞാൻ അവിടെ നിന്നും ഇറങ്ങി വന്നത്. ഇന്ന് ഞാൻ വിജയകരമായി കമ്ബനി നടത്തുന്നു.
എന്റെ രണ്ട് പെൺമക്കളുടേയും കൂടെ സന്തോഷത്തോടെ ജീവിക്കുന്നു. മുപ്പതു പേർ എന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. എന്റെ വേദനയും കഷ്ടപ്പാടുമെല്ലാം ഞാൻ ജോലിയിൽ സമർപ്പിച്ച് അധ്വാനിച്ചു. ഇന്നെനിക്ക് ഇമ്മൻ പറയുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും സമയമില്ല. അദ്ദേഹത്തിന് മക്കളോട് സ്നേഹമില്ല. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം നോക്കൂ. മക്കളുടെ കൂടെ ഒരു ഫോട്ടോ പോലും കാണില്ല. കുട്ടികളെ കാണേണ്ട എന്നാണ് പറഞ്ഞത്. ഞാൻ കടന്നു പോയ കഷ്ടപ്പാട് എന്റെ മക്കൾ കണ്ടിട്ടുണ്ട്. ഇമ്മൻ നല്ലവനായിരുന്നുവെങ്കിൽ എന്റെ മക്കൾ അയാളെ കാണുമായിരുന്നില്ലേ?
ഇപ്പോൾ അദ്ദേഹത്തിന് അവസരങ്ങളില്ല. അതിനാൽ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണിത് ചെയ്യുന്നത്. തന്റെ വാക്കുകൾ ശിവകാർത്തികേയന്റെ കരിയറിനേയും ജീവിതത്തേയും എങ്ങനെയാണ് ബാധിക്കുക എന്ന് അദ്ദേഹത്തിന് അറിയില്ല. 12 വർഷം അയാൾക്ക് വേണ്ടി ജീവിതം നശിപ്പിച്ചുവെന്ന കുറ്റബോധം എനിക്കുണ്ട്. പക്ഷെ അയാൾ പറഞ്ഞത് ചർച്ച ചെയ്യാനുള്ള സമയം എനിക്കില്ല. ഇമ്മന് സംസാരിക്കാൻ പ്രൊജക്ടുകളില്ല. ഇപ്പോഴത്തെ ജീവിതത്തിൽ സന്തുഷ്ടനെങ്കിൽ എന്തിനാണ് പഴയത് പറയുന്നത്. പാവം ശിവകാർത്തികേയനെ ഇരയാക്കിയതാണ്. നല്ലത് മാത്രം ആഗ്രഹിച്ച അദ്ദേഹത്തിന് കിട്ടിയത് നാണക്കേടാണ്. അതിന് ഞാൻ മാപ്പ് ചോദിക്കുന്നു. ഞാൻ എന്റെ മക്കളുടെ ഭാവിയും ജോലിയുമാണ് ഇപ്പോൾ ആലോചിക്കുന്ന കാര്യങ്ങൾ. എന്റെ മക്കളുടെ സന്തോഷമാണ് എനിക്ക് വലുതെന്നുമാണ് മോണിക്ക പറഞ്ഞത്.