യുവജനോല്‍സവ വേദികളില്‍ നിന്നും സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് സിതാര കൃഷ്ണ കുമാര്‍. ഗായിക എന്നതിന് പുറമേ അഭിനേത്രി, നര്‍ത്തകി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെടുന്ന താരമാണ് സിതാര കൃഷ്ണകുമാര്‍.
സ്‌കൂള്‍ കോളജ് കലോല്‍സവങ്ങളില്‍ നൃത്ത ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് സിതാര. പിന്നീട് 2006, 2007 വര്‍ഷങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കലാതിലകം ആയി. അവിടെ നിന്നും മലയാളത്തിന്റെ പ്രിയ ഗായിക ആയി മാറുക ആയിരുന്നു സിതാര കൃഷ്ണകുമാര്‍.
ടിവി ചാനലുകളിലെ സംഗീത പരിപാടികളിലൂടെയാണ് കേരളത്തിലെ സംഗീത പ്രേമികള്‍ക്ക് സിത്താര പ്രിയങ്കരി ആവുന്നത്. കൈരളി ടിവിയിലെ ഗന്ധര്‍വ സംഗീതം സീനിയേഴ്‌സ് 2004 ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്ക പെട്ടതോടെ സിതാര ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. പിന്നീട് പിന്നണിഗായികയായി തിളങ്ങുകയായിരുന്നു സിത്താര.
സിത്താരയെ പോലെ തന്നെ സിത്താരയുടെ മകള്‍ സാവന്‍ ഋതുവും ഭര്‍ത്താവ് സജിഷും ഇന്ന് മലയാളികള്‍ക്ക് പ്രിയങ്കരരാണ്. മകളൊടൊപ്പം പാട്ടുപാടുന്ന വീഡിയോകളെല്ലാം സിത്താര പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ മകള്‍ ഋതുവിന്റെ പിറന്നാള്‍ ദിനത്തില്‍ സജിഷ് സിത്താരയെ ടാഗ് ചെയ്തുകൊണ്ട് പങ്കുവെച്ച പോസ്റ്റാണ് വൈറലാവുന്നത്.
സാവന്‍ ഋതു പത്താം വയസ്സിലേക്ക് എത്തിയെന്നും ആഘോഷങ്ങളൊന്നുമില്ലായിരുന്നുവെന്നും കുഞ്ഞുമനസ്സില്‍ സൂക്ഷിച്ച് വെക്കാന്‍ ഏതാനും കരുന്നു കൂട്ടുാകരെ മാത്രം പിറന്നാളാഘോഷത്തിന് ക്ഷണിച്ചുവെന്നും സജിഷ് പറയുന്നു. മകള്‍ക്ക് ആശംസകള്‍ അറിയിച്ചവര്‍ക്ക് സജിഷ് നന്ദി അറിയിക്കുന്നുമുണ്ട്.
സജീഷിന്റെ വാക്കുകള്‍ ഇങ്ങനെ
അങ്ങനെ സാവന്‍ ഋതു പത്താം വയസ്സിലേക്ക്…വലിയ ആഘോഷങ്ങളൊന്നുമില്ലായിരുന്നു, എന്നാലും ആ കുഞ്ഞു മനസ്സിന് സൂക്ഷിച്ചു വെയ്ക്കാന്‍ ഒരു ഓര്‍മ്മ വേണമല്ലോ. ചുറ്റുവട്ടത്തുള്ള അവളുടെ ഏതാനും കുരുന്നു കൂട്ടുകാര്‍ മാത്രം. ഇടത്തിലെ പേസ്ട്രി ഷെഫ് അനഘ മനോഹരമായൊരു കെയ്ക്കുണ്ടാക്കിത്തന്നു. തീമൊക്കെ സായു തന്നെ തെരെഞ്ഞെടുത്തതായിരുന്നു…
സന്തോഷം!
ആശംസകള്‍ അറിയിച്ചവര്‍ക്കും, അറിയിക്കാന്‍ കഴിയാഞ്ഞവര്‍ക്കും… എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. ഈ സ്‌നേഹം എന്നും പ്രതീക്ഷിക്കുന്നു. തിരിച്ചു തരാന്‍ ഇനിയും കൂടുതല്‍ ഇഷ്ടം മാത്രം. എല്ലാ കുഞ്ഞുങ്ങളും സ്‌നേഹിക്കപ്പെടണം, എന്ത് കാരണങ്ങള്‍ കൊണ്ടായാലും അവര്‍ ഒരു തരത്തിലും അവഗണിക്കപ്പെടരുത്. ആഡംബരമോ , അലങ്കാരങ്ങളോ അല്ല, അലിവും അറിവുമാണ് അവരെ അണിയിക്കേണ്ടത്. നമ്മള്‍ രക്ഷിതാക്കളുടെ തെറ്റുകള്‍കാരണം സംഭവിച്ചേക്കാവുന്ന ഒരു ശിക്ഷയും അവര്‍ നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടാകരുത്.
അവര്‍ നമ്മളെക്കാള്‍ മിടുക്കികളും മിടുക്കന്മാരുമാണ്, പ്രകൃതി അങ്ങനെയാണ് പുതിയ തലമുറകളെ സൃഷ്ടിക്കുന്നത്. ആയതിനാല്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ, കൂടുതല്‍ സൗകര്യങ്ങളോടെ അവര്‍ വളരട്ടെ. അത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. എന്നാലേ മനസ്സ് വലുതാവു, നാട് നന്നാവൂ, നല്ല നാളെയുണ്ടാവൂ…കരയുന്ന ഏതു കുഞ്ഞിനെക്കണ്ടാലും വാരിയെടുത്ത് ഒന്ന് കെട്ടിപ്പിടിക്കാന്‍ മടിക്കരുതെന്ന് ആരോ പറഞ്ഞുകേട്ടിട്ടുട്ടുണ്ട്…എല്ലാ കുരുന്നുകള്‍ക്കും ഇവിടെ നിര്‍ഭയം വളരാന്‍ കഴിയട്ടെ എന്ന് വീണ്ടും വീണ്ടും ആഗ്രഹിക്കുന്നു.-