പ്രശസ്ത സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാനുമായി ബന്ധപ്പെട്ട ഒരു വിവാദമായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. ഓസ്‌കാര്‍ പുരസ്‌കാരം വരെ സ്വന്തമാക്കിയ ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത് എആര്‍ റഹ്‌മാനല്ലെന്ന വാര്‍ത്തകളായിരുന്നു സോഷ്യല്‍മീഡിയയിലുള്‍പ്പെടെ പ്രചരിച്ചത്.
ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയാണ് ജയ് ഗോ ഗാനം എആര്‍ റഹ്‌മാനല്ല ചിട്ടപ്പെടുത്തിയതെന്ന് പറഞ്ഞത്. ഇത് വിവാദങ്ങളിലേക്കായിരുന്നു എത്തിയത്. യുവ രാജ് എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ഗാനമായിരുന്നു ജയ് ഹോ എന്നാണ് രാംഗോപാല്‍ വര്‍മ പറഞ്ഞത്.
സംവിധായകന്‍ സുഭാഷ് ഘായ് യുവരാജ് ചിത്രത്തിന് വേണ്ടി ഗാനം ആവശ്യപ്പെട്ടപ്പോള്‍ ലണ്ടനിലായിരുന്ന റഹ്‌മാന്‍ ജയ് ഹോയുടെ കംപോസിങ് സുഖ്വിന്ദര്‍ സിംഗിനെ കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് രംഗോപാല്‍ വര്‍മ പറഞ്ഞത്.
എന്നാല്‍ യുവരാജില്‍ ഈ ഗാനം ഉപയോഗിക്കാത്തതിനാല്‍ സ്ലംഡോഗ് മില്യണയറില്‍ ഉപയോഗിക്കുകയായിരുന്നുവെന്നും സംവിധയകന്‍ പറഞ്ഞു.എന്നാല്‍ സംവിധായകന്‍ വാക്കുകള്‍ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സുഖ്വിന്ദര്‍ സിംഗ്.
താനല്ല റഹ്‌മാന്‍ തന്നെയാണ് ഗാനം ചെയ്തത്. രാംഗോപാല്‍ വര്‍മ തെറ്റിദ്ദരിക്കപ്പെട്ടതാവാമെന്നും താന്‍ ആ ഗാനം ആലപിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും മുംബൈയിലെ സുക്വിന്ദറിന്റെ സ്റ്റുഡിയോയില്‍ വെച്ചാണ് റഹ്‌മാന്‍ ഗാനം ചിട്ടപ്പെടുത്തിയതെന്നും ഗുല്‍സാറാണ് വരികളെഴുതിയതെന്നും സുഖ്വിന്ദര്‍ സിങ് പറയുന്നു.