താരരാജാവ് മോഹൻലാൽ നായകനായി എത്തിയ ബിഗ് ബ്രദർ എന്ന സിനിമയ്‌ക്കെതിരായ സൈബർ ആക്രമണം ആസൂത്രിതമാണെന്ന് സംവിധായകൻ സിദ്ദിഖ്. സിനിമയെ നശിപ്പിക്കുന്നത് സിനിമയിലുള്ളവർ തന്നെയാണ്. അതിനുപിന്നിൽ നിക്ഷിപ്തതാൽപര്യമുണ്ട്.
ഒരാൾ വീഴുമ്പോൾ സന്തോഷിക്കുന്നവർ ഇതിനെതിരെ ഒന്നിച്ചുനിൽക്കാത്തത് സ്വാഭാവികമാണെന്നും സിദ്ദിഖ് പറഞ്ഞു. മനോരമ ചാനലിലെ നേരേ ചൊവ്വേ എന്ന പരിപാടിയിലാണ് സിദ്ദിഖ് ഈ കാര്യം പറഞ്ഞത്.
സിദ്ദീഖിന്റെ വാക്കുകൾ ഇങ്ങനെ:
എന്റെ സിനിമയോടുള്ള ശത്രുതയാണിത്. ഞാൻ പ്രതിനിധാനം ചെയ്യുന്ന തലമുറയോടുള്ള ശത്രുത. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാൽ ആർക്കൊക്കെയോ ഇവിടെ വരാമെന്ന ധാരണയുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നതും പഴയതലമുറയിലെ സംവിധായകരാണ്.
ഒരു നടൻ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അത് എത്രത്തോളം സത്യമെന്ന് അറിയില്ല. മിമിക്രി സിനിമയിൽ നിന്നും ഞങ്ങൾ മൂന്നാല് പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്, ദയവുചെയ്ത് മിമിക്രി കഥയുമായി തന്റെ അടുത്തേക്ക് വരരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമീപനമുള്ള സ്ഥലത്താണ് ഞങ്ങൾ ഇങ്ങനെ നിൽക്കുന്നത് സിദ്ദിഖ് പറഞ്ഞു.