മമ്മൂക്കയുമായുള്ള സൗഹൃദത്തെപ്പറ്റി നടൻ സിദ്ധിഖ് തുറന്നു പറഞ്ഞതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സൗഹൃദത്തെക്കാളേറെ മമ്മൂക്കയുമായി സഹോദര ബന്ധമാണുള്ളതെന്നാണ് സിദ്ദിഖ് പറയുന്നത്. എന്തുകാര്യത്തിലും അഭിപ്രായവും ഉപദേശവും ചോദിക്കാൻ സ്വാതന്ത്ര്യം ഉള്ളയാളാണ് മമ്മൂക്ക. മകന്റെ കല്യാണക്കാര്യത്തിൽപോലും അദ്ദേഹം പറഞ്ഞതെല്ലാം കേട്ടിട്ടുണ്ടെന്നും, മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാൽ താനത് വേണ്ടെന്ന് തന്നെ വെക്കുമെന്നും സിദ്ദിഖ് വെളിപ്പെടുത്തി.
സിദ്ധിഖ് പറയുന്നത് ഇങ്ങനെ;
സൗഹൃദബന്ധം എന്നല്ല പറയേണ്ടത്, സഹോദരബന്ധം എന്നുതന്നെ പറയാം. എന്തു കാര്യത്തിലും ഞാനദ്ദേഹവുമായി സംസാരിക്കും. ഏറ്റവും റീസെന്റ് ആയി എന്റെ മകന്റെ കല്യാണക്കാര്യം. അങ്ങനൊരു ആലോചന വന്നാൽ, ഞാൻ മമ്മൂക്കയോട് ചോദിക്കും. അങ്ങനെ നാലോ അഞ്ചോ കല്യാണാലോചനകളെകുറിച്ച് പറഞ്ഞിട്ടുണ്ട്.
ചിലപ്പോ മമ്മൂക്ക ചില കാര്യങ്ങൾ പറയും, വേണ്ടെടാ അത് നമുക്ക് പറ്റിയതല്ലെടാ, അത് ആലോചിക്കണ്ട അത് വിട്ടേക്ക് എന്നൊക്കെ. അങ്ങനെ മമ്മൂക്ക എന്റെയടുത്ത് വേണ്ട എന്ന് പറഞ്ഞതൊക്കെ ഞാൻ വേണ്ട എന്നുതന്നെ വെച്ചിട്ടുണ്ട്. എന്നാൽ മമ്മൂക്ക പറഞ്ഞിട്ട് താൻ അനുസരിക്കുന്നില്ല എന്ന് മമ്മൂക്കക്ക് പരാതിയുള്ള ഒറ്റ കാര്യം മാത്രമൊള്ളൂ.
അത് മാധ്യമങ്ങൾക്ക് മുന്നിൽ പോയിരുന്ന് താൻ കാർക്കശ്യമായി സംസാരിക്കുന്നതാണ്, അത് മമ്മൂക്കക്കിഷ്ടമല്ലാത്ത ഒരു കാര്യമാണ്. എന്റെ നിലപാടുകൾ പലപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ ദേഷ്യത്തോടെയാണ് പറയാറുള്ളതെന്നും, അങ്ങനെ എല്ലാവർക്കുമുന്നിലും ദേഷ്യക്കാരനായി ബാക്കിയുള്ളവരുടെ വെറുപ്പ് സമ്പാദിക്കരുതെന്നും മമ്മൂക്ക പറയാറുണ്ട്.
ഞാൻ മാധ്യമങ്ങളുടെ മുന്നിൽ പോയിരുന്ന് വളരെ ദേഷ്യത്തോടെയാണ് സംസാരിക്കുന്നത്. എന്നാൽ അങ്ങനെയൊന്നും പറയേണ്ട കാര്യമില്ല, നീ എന്റെടുത്ത് സംസാരിക്കുമ്പോലെ പോയിട്ട് ഒരു ടി.വിയുടെ മുന്നിലിരുന്ന് പറയരുത് എന്നു മമ്മൂക്ക പറയും. അതൊന്നും മമ്മൂക്ക എന്നെ കറക്ട് ചെയ്തുതരേണ്ട ആളല്ല, എന്നിട്ടും അദ്ദേഹം അതൊക്കെ ശ്രദ്ധിക്കും.
നീ എന്തിനാണങ്ങനെയൊക്കെ പറയാൻ പോകുന്നത്, എന്തിനാണ് ബാക്കിയുള്ളവരുടെ വെറുപ്പ് സമ്പാദിക്കുന്നത് എന്ന് മമ്മൂക്ക ചോദിക്കും. ഞാൻ പറഞ്ഞു, മമ്മൂക്കാ അതെന്റെ ഒരു നിലപാടാണ്. നിന്റെ നിലപാടായിക്കോട്ടെ അത് നീ തുറന്നു പറയണം എന്ന് എന്താണ് നിർബന്ധം. അത് പറയണ്ട, ഇനിമുതൽ അങ്ങനെ സംസാരിക്കണ്ട എന്നു പറയും. അങ്ങനെ എന്തുകാര്യത്തിലും നമ്മളെ വളരെ റസ്ട്രിക്ട് ചെയ്യുകയും, കറക്ട് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.