മലയാള സിനിമ ഇൻഡസ്ട്രിയിൽ വിവാദങ്ങൾക്ക് തിരിതെളിഞ്ഞത് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്. ഒരു കാലത്ത് ഹിറ്റ് കോംബോകളായി വാഴ്ത്തിയിരുന്ന മോഹൻലാലും, ശ്രീനിവാസനുമാണ് കഥയിലെ താരങ്ങൾ. അസുഖ ബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്ന ശ്രീനിവാസൻ പൊതുവേദിയിലെത്തിയപ്പോൾ മോഹൻലാൽ അദ്ദേഹത്തെ ആശ്ലേഷിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദാസനും വിജയനും ഒരുമിച്ചെന്നുള്ള രീതിയിൽ ആ ഫോട്ടോയെ ആരാധകർ ഏറ്റെടുത്തു. എന്നാൽ ഇതെല്ലാം തകർത്ത് കൊണ്ടുള്ള പ്രസ്താവനയാണ് മോഹൻലാലിനെതിരെ ശ്രീനിവാസൻ നടത്തിയത്.
ഇപ്പോഴിതാ ആ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് സിദ്ധിഖ്. മൂവീസ് വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുന്നത്. ശ്രീനിയേട്ടൻ അങ്ങനെയൊന്നും പറയേണ്ടി ഇരുന്നില്ല എന്നാണ് തോന്നിയത്. നമ്മൾ അത്രയും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ശ്രീനിയേട്ടൻ. ശ്രീനിയേട്ടന്റെ വായിൽ നിന്നൊക്കെ ആർക്കും വിഷമമുണ്ടാവുന്ന വാക്കുകൾ വരുന്നത് എനിക്കൊട്ടും ഇഷ്ടമല്ല. അങ്ങനെ സംഭവിച്ച് പോയതായിരിക്കാം,’ സിദ്ദിഖ് പറഞ്ഞു.
അതൊരു പ്രശ്‌നമാക്കാനാഗ്രഹിക്കുന്ന വ്യക്തിയല്ല മോഹൻലാൽ. അദ്ദേഹം വിചാരിക്കുന്ന പോലെ തന്നെ അതെല്ലാം അങ്ങ് ഇല്ലാതായിക്കോളും. രണ്ട് പേരും ഉണ്ടാക്കിയ സിനിമകളും ഡയലോഗുകളും ഇന്നും പ്രേക്ഷക മനസ്സിലുണ്ടെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി. ശ്രീനിവാസന് മോഹൻലാലിനോടുള്ള അകൽച്ചയ്ക്ക് കാരണമെന്തെന്ന് വ്യക്തമല്ല. ഇതൊരിടത്തും നടൻ പറഞ്ഞിട്ടില്ല. പക്ഷെ മോഹൻലാലിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്യും.
അതേസമയം കഴിഞ്ഞ ദിവസം മോഹൻലാൽ കേണൽ പദവി ചോദിച്ച് വാങ്ങിയതാണെന്ന പരാമർശവും ശ്രീനിവാസൻ നടത്തിയിരുന്നു. രാജീവ് നാഥ് എന്നൊരു സംവിധായകൻ സൈനിക സ്‌കൂളിൽ പഠിച്ചതാണ്. കപിൽദേവിന് കേണൽ പദവി കിട്ടിയപ്പോൾ മോഹൻലാൽ രാജീവ് നാഥിനെ വിളിച്ചു. താൻ ഒരുപാട് സിനിമകളിൽ സൈനികനായി അഭിനയിച്ചിട്ടുണ്ട്. കേണൽ പദവി കിട്ടാൻ സാധ്യതയുണ്ടോ എന്ന് ചോദിച്ചു. ഇതാണ് തനിക്ക് സരോജ്കുമാർ എന്ന സിനിമയെടുക്കാനുള്ള പ്രചോദനമെന്നും ശ്രീനിവാസൻ പറഞ്ഞു.
ആരോപണങ്ങളോട് പ്രതികരിക്കാത്ത സ്വഭാവക്കാരനായ മോഹൻലാലിന്റെ സ്വഭാവം ശ്രീനിവാസൻ മുതലെടുക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. ഏറെ നാളുകൾക്ക് ശേഷം ശ്രീനിവാസൻ അഭിനയിച്ച് കുറുക്കൻ എന്ന റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത് മലൈക്കോട്ട വാലിബൻ എന്ന സിനിമയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.