മലയാള സിനിമയിലെ പ്രമുഖ സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. വമ്പന്‍ വിജയങ്ങളായി മാറിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന്‍ ആണ് സിബി മലയില്‍.
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വിസ്മയിപ്പിച്ച കിരീടം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, കമലദളം, സദയം, തുടങ്ങിയ ക്ലാസ്സ് സിനിമകളെല്ലാം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു.സിബി മലയിലിന്റെ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു ഉസ്താദ്. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍.
തന്റെ പതിവ് സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിട്ടായിരുന്നു സിബി മലയില്‍ ഉസ്താദ് ഒരുക്കിയത്. ഷാജി കൈലാസ്, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകരുടെ സ്റ്റൈല്‍ ഓഫ് മേക്കിങ്ങിലായിരുന്നു സിബി മലയില്‍ ഉസ്താദ് ഒരുക്കിയത്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സിബി മലയില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഉസ്താദ് ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ ചിത്രമാണെന്നും താന്‍ മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ചിത്രം ചെയ്യാനിരിക്കുകയായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.
തന്റെ ഒരു സിനിമ പരാജയപ്പെട്ട് നില്‍ക്കുന്ന സമയമായിരുന്നു അത്. അതിനാല്‍ തന്റെ സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് നിര്‍മ്മാതാവ് പറഞ്ഞതോടെ ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്ന് തന്റെ ചിത്രം നിര്‍മ്മിക്കാമെന്ന് പറയുകയായിരുന്നു. അങ്ങനെയാണ് ഉസ്താദിന്റെ കഥ ഉണ്ടായതെന്നും സിബി മലയില്‍ പറയുന്നു.
അന്ന് തന്റെ ഒരു സഹസംവിധായകന്‍ തന്നോട് പറഞ്ഞത് ഈ സിനിമ താന്‍ നിര്‍മ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യേണ്ടിയിരുന്നതാണെന്നാണ്. അക്കാര്യം ശരിയായിരുന്നുവെന്നും ഷാജിക്ക് തന്നേക്കാള്‍ നന്നായി ചിത്രം ചെയ്യാന്‍ കഴിയുമായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.