ഈ പറഞ്ഞപടങ്ങളിൽ എന്റെ പേരില്ലല്ലോ? മോഹൻലാലിനോട് ദേഷ്യപ്പെട്ട് ഞാൻ പുറത്തിറങ്ങി: പ്രമുഖ സംവിധായകന്റെ വാക്കുകൾ

5

താരരാജാവ് മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ട്, മലയാള സിനിമാ പ്രേമികളെ എന്നും വിസ്മയിപ്പിച്ച രസതന്ത്രമാണത്.

കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ദശരഥം, കമലദളം, സദയം തുടങ്ങി എത്രയോ ഹിറ്റ് ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ചപ്പോൾ പിറന്നത്.

Advertisements

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മോഹൻലാലിനെ തേടി ആദ്യമായി എത്തിയത് ഭരതത്തിലൂടെയായിരുന്നു.

ഇതിനു മുമ്പ് കിരീടത്തിലെ സേതുമാധവനിലൂടെ മികച്ച നടനുള്ള ജൂറിയുടെ പരാമർശം മോഹൻലാലിനെ തേടി എത്തിയിരുന്നു.

കിരീടത്തെ കുറിച്ചു പറയുമ്പോൾ മോഹൻലാലിനോട് ദേഷ്യപ്പെടേണ്ടി വന്നതിന്റെ ഓർമ്മ കൂടിയുണ്ട് സിബിയ്ക്ക്.

സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പായിരുന്നു അത്. ഒരു മാദ്ധ്യത്തിന് നൽകിയ അഭിമുഖത്തിലാണ് ആ രസകരമായ അനുഭവത്തെ കുറിച്ച് സിബി മലയിൽ മനസു തുറന്നത്.

കിരീടത്തിന്റെ കഥപറഞ്ഞു കേൾപ്പിക്കുന്നതിന് ലാലിനെ കാണാൻ ഞങ്ങൾ (നിർമ്മാതാക്കാളായ ഉണ്ണിയും ദിനേശ് പണിക്കരും ഒപ്പമുണ്ട്) പലതവണ പിറകെ നടന്നു.

ലാലുമായി സൗഹൃദമുണ്ട്. പക്ഷേ പലസ്ഥലങ്ങളിലായി ചെന്നപ്പോഴും കഥ പറയാൻ കഴിയാത്ത സാഹചര്യം. ഒരിക്കൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന മുതുമലയിലും ഞങ്ങൾ ചെന്നു.

രാത്രിയായപ്പോൾ ലാൽ ഞങ്ങളുടെ മുറിയിൽ വന്നു. സംസാരിച്ച് തുടങ്ങിയപ്പോഴേക്ക് ലാൽ കുറേ പടങ്ങളുടെ ലിസ്റ്റ് പറഞ്ഞു. പതിനഞ്ചോളം സിനിമകളുണ്ട്.

അതൊക്കെ കഴിഞ്ഞേ ഡേറ്റുള്ളൂ. ഞാൻ ചോദിച്ചു- ലാലേ ഇത്രയും പടങ്ങൾ പറഞ്ഞതിൽ എന്റെ പേരു പറഞ്ഞു കേട്ടില്ലല്ലോ. അതിപ്പോൾ ഞാൻ കമ്മിറ്റഡാണ് ലാൽ പറഞ്ഞു.

ഇതുകേട്ട ഞാൻ വല്ലാതെ അസ്വസ്ഥനായി. ലാൽ സിനിമയിൽ വന്നകാലം മുതൽ സൗഹൃദമുണ്ട്. എന്നിട്ടും പരിഗണന ലഭിക്കാത്തതു പോലെ.

ഞാൻ ദേഷ്യപ്പെട്ട് പുറത്തിറങ്ങി. സാധാരണ ഞാൻ അങ്ങനെ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാത്തതാണ്. സുഹൃത്തുക്കളെല്ലാം ലാലിനെയാണ് സപ്പോർട്ട് ചെയ്തത്.

എല്ലാവരും എന്നെ കുറ്റപ്പെടുത്തി. ഞാനാണ് പ്രശ്നമെങ്കിൽ മാറി നിൽക്കാമെന്ന് ഞാൻ പറഞ്ഞു. അവർ അതിനും സമ്മതിച്ചില്ല.

ഒടുവിൽ മറ്റൊരിക്കൽ ലാലിന്റെ വീട്ടിൽ ചെന്ന് കഥപറയുകയായിരുന്നു. ഒറ്റയിരിപ്പിൽ കഥമുഴുവനും കേട്ട ലാൽ നമുക്കിത് ഉടനെ ചെയ്യാമെന്ന് പറയുകയായിരുന്നു.

അഞ്ചെട്ട് മാസം ഞങ്ങൾ നടന്നതിന്റെ റിസൽട്ട് അപ്പോഴാണ് ഉണ്ടാകുന്നത് സിബി മലയിൽ പറയുന്നു.

Advertisement