വമ്പന്‍ വിജയങ്ങളായി മാറിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന്‍ ആണ് സിബി മലയില്‍. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വിസ്മയിപ്പിച്ച കിരീടം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, കമലദളം, സദയം, തുടങ്ങിയ ക്ലാസ്സ് സിനിമകളെല്ലാം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു.
ഇപ്പോഴിതാ തന്റെ അപൂര്‍വ്വരാഗം എന്ന സിനിമയെ കുറിച്ച് സിബി മലയില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ 2010ല്‍ ചെയ്ത സിനിമയാണിതെന്നും താന്‍ അതുവരെ ചെയ്ത സിനിമകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു സിനിമയായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.
പുതിയ കാലത്തിന്റെ കഥയായിരുന്നു ചിത്രം പറയുന്നത്. പുതിയ കാലത്തിന്റെ നടന്മാരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചതെന്നും രണ്ട് ചെറുപ്പക്കാര്‍ തന്റെ പിന്നാലെ വന്ന് പറഞ്ഞ കഥയായിരുന്നു അതെന്നും കഥ കേട്ടപ്പോള്‍ തനിക്ക് ഒത്തിരി ഇഷ്ടമായി എന്നും സിബി മലയില്‍ പറയുന്നു.

തന്റെ അടുത്ത് ഇതിനോടകം ഒത്തിരി പേര്‍ കഥപറയാനായി വന്നിരുന്നു. എന്നാല്‍ ആദ്യമായിട്ടായിരുന്നു താന്‍ അവരില്‍ നിന്നും താന്‍ ഒരു കഥ സ്വീകരിക്കുന്നതെന്നും സിനിമയില്‍ പൂര്‍ണ്ണമായും പുതുമുഖങ്ങളായിരിക്കണം അഭിനയിക്കേണ്ടതെന്നും താന്‍ അവരോട് പറഞ്ഞുവെന്നും സംവിധായകന്‍ പറയുന്നു.
കഥയിലെ പ്രധാന കഥാപാത്രങ്ങളായ മൂന്നുപേരും പ്രേക്ഷകര്‍ക്ക് മുന്‍പരിചയം ഉള്ളവരാവരുത്. പരിചയമുള്ളവരായാല്‍ ഏത് ഘട്ടത്തില്‍ അവരുടെ സ്വഭാവത്തില്‍ മാറ്റം വരുമെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ പറ്റുമെന്നും നായികയ്ക്ക് വേണ്ടിയുള്ള ഓഡിഷനില്‍ പങ്കെടുക്കാനെത്തിയവരില്‍ അമല പോളുമുണ്ടായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.
അവര്‍ അന്ന് പ്രശസ്തയായിരുന്നില്ല. അമല പോള്‍ തന്നെ വന്ന് കണ്ടപ്പോഴേക്കും നിത്യമേനോനെ നായികയായി സെലക്ട് ചെയ്തിരുന്നുവെന്നും പിന്നെ വേണ്ടത് നായികയ്‌ക്കൊപ്പം നില്‍ക്കുന്ന കൂട്ടുകാരിയെയായിരുന്നുവെന്നും ആ കഥാപാത്രം ചെയ്യാമോ എന്ന് അമലയോട് ചോദിച്ചപ്പോള്‍ അമല അതില്‍ നിന്നും പിന്മാറിയെന്നും പിന്നീട് അവര്‍ വലിയ നടിയായിയെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.