അസിസ്റ്റന്‍ഡ് സംവിധായകനില്‍ നിന്ന് നടനിലേക്കുള്ള ദൂരം താണ്ടിയ വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോ. അഭിനയിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഒഴിവാക്കാതെ സിനിമകളില്‍ നിന്ന് സിനിമകളിലേക്കുള്ള യാത്രയിലാണ് താരമിപ്പോള്‍.
അതുകൊണ്ട് തന്നെ തെലുങ്ക് സിനിമയിലേക്ക് വരെ എത്തി നില്ക്കുകയാണ് ഷൈന്‍. നാനിയുടെ ദസറയില്‍ വില്ലന്‍ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഏത് വേഷവും അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടനാണ് ഷൈന്‍.
ഇപ്പോഴിതാ താന്‍ കുട്ടിക്കാലത്ത് കണ്ട സിനിമകളെ കുറിച്ച് ഷൈന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. കുട്ടിക്കാലത്ത് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച നടന്‍ മോഹന്‍ലാലാണെന്നും കുട്ടികളൊക്കെ പെട്ടെന്ന് ശ്രദ്ധിക്കുന്ന നടനായിരുന്നു അദ്ദേഹമെന്നും ഷൈന്‍ പറയുന്നു.
എന്നാല്‍ കുറച്ച് വലുതായപ്പോള്‍ തന്നെ സ്വാധീനിച്ചത് മമ്മൂട്ടിയായിരുന്നു. നമുക്കെല്ലാം നായക നടന്മാരോട് കുറച്ചധികം ഇഷ്ടമുള്ളതുകൊണ്ടാവാം അവരെയെല്ലാം നാം എപ്പോഴും ശ്രദ്ധിക്കുന്നതെന്നും പണ്ടൊക്കെ മമ്മൂക്ക കൂടുതലും ചെയ്തിരുന്നത് കുടുംബ നാഥന്‍ വേഷങ്ങളായിരുന്നുവെന്നും ഷൈന്‍ പറഞ്ഞു.
അതുകൊണ്ടാവാം കുട്ടിക്കാലത്ത് തന്നെ മോഹന്‍ലാലിലേക്ക് അടുപ്പിച്ചത്. അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങളൊന്നും ഒതുക്കി നിന്ന് പക്വതയോടെ ചെയ്യുന്നതായിരുന്നില്ലല്ലോ എന്നും അയാളുടെ കുറുമ്പും തലകുത്തി മറിയലുകളുമൊക്കെ കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നുവെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.