മലയാളി സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയങ്കരിയായ നായികയാണ് ഷീല. തലമുറ വ്യത്യാസമില്ലാതെയാണ് താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ഇന്നും ഷീലാമ്മയുടെ പഴയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടിമാരുടെ ലിസ്റ്റിൽ ഒന്നാമത് നടി ഷീലയുടെ പേരുണ്ടാകും. എത്രയോ വർഷങ്ങളായി അഭിനയിക്കുന്ന ഷീല ഇപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിൽ പിന്നിലല്ല.
സൗന്ദര്യം മാത്രമല്ല അഭിനയിക്കാനുള്ള കഴിവും ശക്തമായ നിലപാടുകളുമൊക്കെ ഷീലയെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്ന ഘടകങ്ങളാണ്. നിത്യഹരിത നായകൻ പ്രേംനസീറിനൊപ്പം ഏറ്റവും കൂടുതൽ തവണ നായികയായി അഭിനയിച്ച ഷീലയുടെ റെക്കോർഡ് ഇന്നും ആരും തിരുത്തിയിട്ടില്ല. വർഷങ്ങൾ പിന്നിട്ടിട്ടും മലയാളിയുടെ നായികാസങ്കല്പങ്ങളിൽ ഇന്നും ഷീലയുണ്ട്.
സിനിമയിൽ സജീവമല്ലെങ്കിലും നടി മിനിസ്‌ക്രീനിൽ പ്രത്യക്ഷപ്പെടാറുണ്ട്. കുറച്ചുനാൾ മുമ്പ് കൈരളി ടിവിയ്ക്ക് വേണ്ടി ജോൺ ബ്രിട്ടാസ് ഷീലയുമായി നടത്തിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ സിനിമാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് ഷീല. ഷീലയ്ക്ക് വേണ്ടത്ര സിനിമയിൽ വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്ന സംവിധായരായ ശ്രീകുമാരൻ തമ്പിയുടെയും കെ.എസ്. സേതുമാധവന്റെയും പ്രസ്താവനകളോട് പ്രതികരിക്കുകയാണ് ഷീല.
ഷീലയുടെ വാക്കുകളിൽ നിന്നും:’ പുരസ്‌കാരങ്ങൾ അത്ര വലുതാണെന്ന തോന്നലുണ്ടാകുന്നത് ഇപ്പോഴാണ്. അന്ന് സിനിമയിൽ അഭിനയിക്കുമ്പോൾ അവാർഡുകളെക്കുറിച്ചൊന്നും വലിയ ധാരണയില്ലായിരുന്നു. അന്നെല്ലാം സിനിമയിലേക്ക് വിളിക്കും, അഭിനയിക്കും, തിരിച്ച് മടങ്ങും അത്രയേ ഉള്ളൂ. അന്ന് മറ്റാർക്കെങ്കിലും അവാർഡുകൾ കിട്ടുമ്പോൾ അവരെ ഞാൻ വിളിച്ച് അഭിനന്ദിക്കും. എനിക്കതിൽ കുശുമ്പോ അസൂയയോ ഒന്നും തോന്നിയിട്ടില്ല. അതൊരു വലിയ കാര്യമായിട്ട് അന്ന് തോന്നിയിട്ടേ ഇല്ല.’-ഷീല പറയുന്നതിങ്ങനെ.
അതേസമയം, ഷീലാമ്മയ്ക്ക് സംവിധായകരുടെ അഭിപ്രായം കേൾക്കുമ്പോൾ ഇടനെഞ്ചിൽ ഒരു വിങ്ങലില്ലേ എന്ന് ചോദിക്കുകയാണ് അവതാരകൻ. അതിന് ഷീല മറുപടി പറയുന്നത് ഇങ്ങനെയാണ്:’ എന്തിന്? ഞാൻ ഇങ്ങനെ മറ്റുള്ളവരുടെ മുന്നിലിരുന്ന് കരയാറേയില്ല. കണ്ണുകൾ നിറയാറു പോലുമില്ല. എന്നാൽ ചില ഇഷ്ടമുള്ള പുസ്തകങ്ങൾ വായിച്ചാൽ, ചിലപ്പോൾ വളരെ ഇഷ്ടമുള്ള ആളുകളെ കുറിച്ച് പറയുമ്പോഴൊക്കെ കരയുമായിരിക്കും. പക്ഷെ, കഥാകൃത്തുക്കൾ മരിച്ചാൽ ഞാൻ കരയും. അവരാണ് എന്റെ ജീവിതത്തിലെ ഹീറോകൾ. അവരുടെ വേർപാടാണ് എന്നെ ദുഃഖിപ്പിച്ചിരിക്കുന്നത്- താരം പറയുന്നു.
തന്റെ കണ്ണീരുവറ്റിയ സംഭവത്തെ കുറിച്ചും താരം മനസ് തുറന്നതിങ്ങനെ. ഒരു കാലഘട്ടത്തിനു ശേഷം ഇനി കരയുകയേ ഇല്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഞാൻ എന്തിനാണ് കരയുന്നത്. എന്റെ അമ്മ മരിച്ചപ്പോൾ അന്ന് കുറേ കരഞ്ഞുതീർത്തു. അതോടെ എന്റെ കരച്ചിൽ അവസാനിച്ചു. ഇനി കരയുകയേ ഇല്ലെന്ന് അതോടെ തീരുമാനിച്ചതാണ്. എന്റെ കണ്ണീര് മുഴുവൻ തീർന്നു, വറ്റിപ്പോയി. വല്ലയിടത്തും വീണാൽ ചിലപ്പോൾ അയ്യോ! എന്ന് വിളിച്ച് കരയുമായിരിക്കും. അത്രയേയുള്ളൂ.
സെറ്റിലിരിക്കുമ്പോൾ സംവിധായകരോട് ഞാൻ ഇടയ്ക്ക് എന്റെ സിനിമകളുടെ കഥ എഴുതുന്നവരെ കാണണമെന്നൊക്കെ ആവശ്യപ്പെടുമായിരുന്നു. വേറെ സിനിമയുടെ തിരക്കിലാണെങ്കിലും അവർ വരുമ്പോൾ എന്നെ അറിയിക്കണമെന്നും ഞാൻ വന്ന് കണ്ടോളാം എന്നൊക്കെ പറഞ്ഞിരുന്നു. അതിന് സഹതാരങ്ങൾ കളിയാക്കാറുണ്ടായിരുന്നു. അന്നും ഇന്നും വായിക്കാൻ ഇഷ്ടമാണ്. അതൊരു കക്ഷണം പേപ്പറാണെങ്കിൽ കൂടി ഞാൻ വായിക്കും.എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ളയെ കാണണമെന്നത് എന്നും ഷീല വെളിപ്പെടുത്തി.
ആദ്യകാലങ്ങളിൽ തിരക്കഥ ഞാൻ വായിക്കില്ലായിരുന്നു. പിന്നീടാണ് ഞാൻ വായിച്ചു തുടങ്ങിയത്. എനിക്ക് പ്രാധാന്യമുള്ള വേഷത്തെക്കുറിച്ച് മനസ്സിലാക്കാൻ ഞാൻ സ്‌ക്രിപ്റ്റ് വായിക്കുമായിരുന്നു. അത് ഒത്തിരി ഗുണം ചെയ്തിട്ടുമുണ്ട്.’ ഷീല പറയുന്നു.