മലയാള സിനിമയിൽ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകൾക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ൻ നിഗം. കിസ്മത്ത് മുതൽ അവസാനം ഇറങ്ങിയ വെയിൽ വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന നടനാണ് അദ്ദേഹം. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം.
ഷെയ്ന്റെ ഇതുവരെയുള്ള സിനിമകളിൽ അത് വ്യക്തമാണ്. മലയാളികളുടെ പ്രിയ നടൻനും മിമിക്രി ആർട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ൻ. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കൽപങ്ങൾക്കൊത്ത് ഉയരാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്. പിന്നീടെത്തിയ ഉല്ലാസം, കൊറോണ പേപ്പേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷമാണ് ഷെയ്ൻ അവതരിപ്പിച്ചത്. എന്നാൽ ഈ സിനിമകൾക്കിടെ തന്നെ താരം ഷൂട്ടിംഗ് സെറ്റിലെ സ്ഥിരം പ്രശ്‌നക്കാരനാണെന്ന തരത്തിൽ ആരോപണമുണ്ടായിരുന്നു.
ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞദിവസം സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നലെ ഫെഫ്ക പത്രസമ്മേളനം നടത്തിയത്.
അച്ചടക്കമില്ലാതെ പ്രവർത്തിക്കുന്ന താരങ്ങൾക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞായിരുന്നു പത്രസമ്മേളനം.
ഷെയ്ൻ നിഗം അടക്കമുള്ള യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മ ബി ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാണിച്ചിരുന്നു. പിന്നാലെ ഇക്കാര്യം സ്ഥിരീകരിച്ച് ചലച്ചിത്ര അണിയറ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. യുവതാരമായ ഷെയ്ൻ നിഗമാണ് സ്ഥിരം പ്രശ്‌നക്കാരനെന്നാണ് സൂചനകൾ.
താരത്തിൻരെ പുതിയ ചിത്രമായ ‘ആർഡിഎക്‌സ്’ സിനിമയുടെ ചിത്രീകരണം ഷെയ്ൻ നിഗം മൂലം പലപ്പോഴും തടസപ്പെട്ടിരുന്നു. ഇക്കാര്യം രേഖാമൂലം തന്നെ ഫെഫ്കയെ അറിയിക്കുകയും ചെയ്തിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ആഴ്ചയാണ് പൂർത്തികരിച്ചത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ബി ഉണ്ണികൃഷ്ണൻ രംഗത്തുവന്നത്.
ഷെയ്നെ കൂടാതെ നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ആർഡിഎക്‌സ്. ഈ ചിത്രത്തിൽ തന്റെ വേഷത്തിന് പ്രാധാന്യം കുറയരുതെന്ന് ഷെയിൻ വാശി പിടിച്ചിരുന്നു. തുടർന്ന് എഡിറ്റ് ചെയ്ത സീനുകൾ അടക്കം കാണണമെന്ന് ഷെയ്ൻ വാശി പിടിച്ച് സെറ്റിൽ പ്രശ്നമുണ്ടാക്കി. എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ കാണിച്ചതിന് ശേഷം മാത്രമാണ് താരം ബാക്കി ഭാഗം അഭിനയിക്കാൻ തയ്യാറായത് പോലും.
സിനിമയുടെ ഡബ്ബിങ് സമയത്തും അത് പൂർത്തിയാക്കാതെ സിനിമയെ വലച്ചെന്നും പരാതിയുണ്ട്. ഷെയിന്റെ ഇത്തരം പിടിവാശികളിൽ സിനിമ സെറ്റിലെ എല്ലാവരും അസ്വസ്ഥരായിരുന്നു.
അതേസമയം, ആർഡിഎക്‌സിലെ മറ്റൊരു നായകനായ ആന്റണി പെപ്പെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പും ചർച്ചയായിരുന്നു. ‘യഥാർത്ഥ ജീവിതത്തിൽ നാടകം കളിക്കുന്നവർക്ക് വേണ്ടി സമർപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് ദയവ് ചെയ്ത് നാടകമരുതേ എന്നെഴുതിയ ഒരു ചിത്രം പെപ്പെ പോസ്റ്റ് ചെയ്തത്.
ഇത് ഷെയ്‌നിനുള്ള മറുപടിയാണെന്നാണ് കരുതുന്നത്. ഷെയ്ൻ നേരത്തെയും ചെയ്ത സിനിമകളിലും നിർമ്മാതാക്കളുമായി ഏറെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സമാനരീതിയിൽ പറഞ്ഞുറപ്പിച്ച ഡേറ്റിന് അഭിനയിക്കാനെത്താത്ത നടൻ ഫഹദ് ഫാസിലിന് എതിരെയും പരാതികൾ ഉണ്ടായിരുന്നു.
മലയാളത്തിൽ ഫഹദ് നിരവധി സിനിമകൾക്ക് ഡേറ്റ് നൽകുകയും അതു കൃത്യസമയത്ത് പൂർത്തികരിക്കാൻ ഫഹദ് സഹകരിക്കുന്നില്ലെന്നുമാണ് ഉയർന്നിരുന്ന പരാതി.പിന്നീട്, ഫെഫ്ക ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും തിരക്കേറിയതാണ് ഫഹദിന്റെ പിന്മാറ്റത്തിന് കാരണം.