ഒടിയന്‍ അച്ഛനുവേണ്ടി ചെയ്തതാണ്; അവാര്‍ഡ് അച്ഛന് സമര്‍പ്പിക്കുന്നു: ഷമ്മി തിലകന്‍

19

പിതാവ് തിലകന് മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം സമര്‍പ്പിക്കുന്നെന്ന് ഷമ്മി തിലകന്‍. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിനോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. ഇതിനുമുമ്പും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പക്ഷേ ഈ പുരസ്‌കാരം, ഒടിയന്‍ സിനിമയ്ക്കു ലഭിച്ച അവാര്‍ഡ് എന്റെ മരണപ്പെട്ട പിതാവിന് സമര്‍പ്പിക്കുന്നു. കാരണം അത് ചെയ്യാന്‍ കാരണം എന്റെ അച്ഛനാണ്.

Advertisements

അച്ഛനോടുള്ള താല്‍പര്യത്താല്‍ ഞാന്‍ ചെയ്തതാണത്. അച്ഛനു സമര്‍പ്പിക്കുന്നു. പുരസ്‌കാരം ലഭിക്കാനായോ മറ്റെന്തെങ്കിലും നേട്ടത്തിനുവേണ്ടി ചെയ്തതല്ല ആ ചിത്രം. ‘ ഷമ്മി തിലകന്‍ പറയുന്നു.

ഡബ്ബിങ് ചെയ്തുകഴിഞ്ഞപ്പോള്‍ തന്നെ പുരസ്‌കാരം കിട്ടുമെന്ന തോന്നലുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘അത് ചെയ്തപ്പോള്‍, മനസില്‍ ഒരു കാര്യം തോന്നിയിരുന്നു. അഹങ്കാരമാണെന്നൊക്കെ പറയാം, അതിനു തന്നില്ലെങ്കില്‍ പിന്നേതിനാണ് അവാര്‍ഡ് തരേണ്ടത് എന്ന ചിന്ത ഉണ്ടായിരുന്നു.

കാരണം ഞാനത് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അനേക തവണ അതിന്റെ സംവിധായകന്‍ എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് പറഞ്ഞിട്ടുണ്ട്.

ചേട്ടാ ഇപ്പോഴാണ് പ്രകാശ് രാജിന്റെ ക്യാരക്ടര്‍ ക്യാരക്ടറായതെന്ന് പറഞ്ഞിട്ടുണ്ട്. പ്രകാശ് രാജ് മാത്രമല്ല ആ കഥാപാത്രത്തില്‍ അഭിനയിക്കുന്നത് രണ്ട് നടന്മാരാണെന്നും പറഞ്ഞിട്ടുണ്ട്. ആ ഒരു അഭിമാനം ഇപ്പോള്‍ തോന്നുന്നു. ‘ അദ്ദേഹം വ്യക്തമാക്കി.

Advertisement