നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിനോട് തനിക്ക് പ്രണയമായിരുന്നു എന്ന് നടി ഷക്കീല. അടുത്തിടെ ഒരു ടിവി ഷോയ്ക്കിടെ ഷക്കീല തന്നെയാണ് തന്റെ പ്രണയകഥ വെളിപ്പെടുത്തിയത്.
താന്‍ ഈ കാര്യം പറഞ്ഞു രാജുവിനു പ്രണയലേഖനവും അയച്ചിരുന്നു എന്നും എന്നാല്‍ തന്റെ പ്രണയം അദ്ദേഹം നിരാകരിച്ചു എന്നും ഷക്കീല പറഞ്ഞു. മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ഛോട്ടാ മുംബൈ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് പ്രണയം തോന്നിയതെന്നാണ് ഷക്കീല പറയുന്നത്.
‘2007ല്‍ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഞാന്‍ ഉടനെ നിര്‍മാതാവ് മണിയന്‍പിള്ള രാജുവിനെ പോയി കണ്ടു.
ഞാന്‍ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുന്‍കൂറായി നല്കി. വലിയൊരു സഹായമായിരുന്നു എനിക്കത്.
അന്ന് മുതല്‍ അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടം എനിക്ക് തോന്നി തുടങ്ങിയിരുന്നു. ഞാന്‍ അദ്ദേഹത്തിന് ഒരു പ്രണയലേഖനം എഴുതുക വരെ ചെയ്തു. എന്നാല്‍, ഇന്നുവരെ ആ കത്തിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല’ ഷക്കീല പറഞ്ഞു.
എന്നാല്‍ അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് മണിയന്‍പിള്ള രാജു പ്രതികരിച്ചത്. ‘ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നല്കിയ കാര്യം സത്യമാണ്.
എന്നാല്‍, അവര്‍ക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അവര്‍ സ്വന്തം വാഹനത്തില്‍ ഷൂട്ടിങ്ങിന് വരും. കഴിഞ്ഞാല്‍ അതുപോലെ മടങ്ങിപ്പോവുകയും ചെയ്യും. അതായിരുന്നു പതിവ്. അവര്‍ പറഞ്ഞതുപോലെ എനിക്ക് പ്രണയ ലേഖനം കിട്ടിയിട്ടൊന്നുമില്ല’ രാജു പറഞ്ഞു.