90 കളിലെ ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലറുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. അദ്ദേഹത്തിന്റെ സിനിമകളിലെ നെടുനീളൻ ഡയലോഗുകളെല്ലാം തന്നെ ഇന്നും പ്രേക്ഷകർക്ക് കാണാപാഠമാണ്. മാത്രമല്ല മലയാളികളുടെ ഇഷ്ടനടി ആനിയെ തന്നെ അദ്ദേഹം വിവാഹം ചെയ്യുകയും ചെയ്തു. തീപ്പൊരി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിലും മുൻനിരയിലുള്ള സംവിധായകൻ കൂടിയാണ് ഷാജി കൈലാസ്. അദ്ദേഹം മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് ഇന്നുള്ള ഈ പദവി നൽകുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഷാജി കൈലാസിന്റെയും മമ്മൂട്ടിയുടേയും എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘ദി കിംഗ്’. 1995 നവംബർ 11ന് ആയിരുന്നു ഈ സൂപ്പർ ഡ്യൂപർ ഹിറ്റ് ചിത്രം റിലീസ് ചെയ്തത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിലെ മമ്മൂട്ടിയുടെ ‘എക്‌സ്ട്രാ ബോൺ’ ഉള്ള നായകനായി മമ്മൂട്ടി കരുത്തുറ്റ കഥാപാത്രത്തെ ഇന്നും നെഞ്ചേറ്റുന്നവരാണ് ആരാധകർ. ചിത്രത്തിലെ വാണി വിശ്വനാഥും മുരളിയും പപ്പുവും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ സുരേഷ് ഗോപി അതിഥി വേഷത്തിലും എത്തിയിരുന്നു.
ജോസഫ് അലക്സ് തേവള്ളിപ്പറമ്പിലായി മമ്മൂട്ടി എത്തിയ ചിത്രത്തിലെ താരത്തിന്റെ പല സ്റ്റൈലൻ ആക്ഷനുകളും മാനറിസങ്ങളും വലിയ ട്രെൻഡായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിനിടക്ക് മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്ന അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ.
ദി കിംഗ് ചിത്രത്തിലെ മുടി പിറകിലേക്കാക്കുന്ന മമ്മൂട്ടിയുടെ ഹിറ്റായ മാനറിസം ആദ്യം ആക്സപ്റ്റ് ചെയ്യാൻ താരം തയ്യാറായിരുന്നില്ലെന്നും ഷോട്ടിന് മുമ്പാണ് അത് ചെയ്യാൻ തയാറായതെന്നും ഷാജി കൈലാസ് പറഞ്ഞു.
ഷാജി കൈലാസ് ക്ലബ്ബ് എഫ്എമ്മിന് മുമ്പ് നൽകിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സംവിധായകൻ ഭരതേട്ടൻ എപ്പോഴും കൈ കൊണ്ട് മുടി പിറകോട്ട് വെക്കും. പുള്ളി മുടി വളർത്തിയിട്ടിരിക്കുവല്ലേ. ആ സമയത്ത് മമ്മൂക്കയും പിറകിലെ മുടി വളർത്തിയിട്ടുണ്ടായിരുന്നു.
അപ്പോൾ നായകന് എന്തെങ്കിലും ഒരു മാനറിസം വേണമല്ലോ, ഡയലോഗ് പറഞ്ഞിട്ട് മുടി പിറകോട്ട് ആക്കണേ എന്ന് താൻ പറഞ്ഞു. അതെന്താ അങ്ങനെ ആക്കുന്നത് എന്ന് മമ്മൂട്ടി ചോദിച്ചു. അങ്ങനെ ആക്കിയാൽ ഭയങ്കര രസമുണ്ട്, പ്ലീസ് എന്ന് താൻ പറഞ്ഞെങ്കിലും ആദ്യം അദ്ദേഹമത് ഒന്നും കേട്ടില്ല.
പിന്നീട് അതുകഴിഞ്ഞ് ഷോട്ട് നോക്കുമ്പോൾ അങ്ങനെ വേണ്ടേ എന്ന് ചോദിക്കും. പറയുമ്പോഴേ അത് സ്വീകരിക്കുന്നുണ്ട്, പക്ഷേ സമ്മതിച്ച് തരില്ല. ആ മാനറിസം ഭയങ്കര ട്രെൻഡായിരുന്നു എന്നും ഷാജി കൈലാസ് പറഞ്ഞു.
അതേസമയം, ഷാജി കൈലാസ് ചെറിയ ഇടവേളയ്ക്ക് ശേഷം തിരികെ എത്തുന്ന സിനിമയാണ് ഹണ്ട്. ഭാവന നായികയാവുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പിജി റസിഡന്റ് ഡോ. കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.
ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്. അതിഥി രവി, അജ്മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ, ചന്തു നാഥ്, ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.