90 കളിലെ ആക്ഷന്‍ പൊളിറ്റിക്കല്‍ ത്രില്ലറുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. അദ്ദേഹത്തിന്റെ സിനിമകളിലെ നെടുനീളന്‍ ഡയലോഗുകളെല്ലാം തന്നെ ഇന്നും പ്രേക്ഷകര്‍ക്ക് കാണാപാഠമാണ്.
മാത്രമല്ല മലയാളികളുടെ ഇഷ്ടനടി ആനിയെ തന്നെ അദ്ദേഹം വിവാഹം ചെയ്യുകയും ചെയ്തു. തീപ്പൊരി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതിലും മുന്‍നിരയിലുള്ള സംവിധായകന്‍ കൂടിയാണ് ഷാജി കൈലാസ്. അദ്ദേഹം മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഇന്നുള്ള ഈ പദവി നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഇപ്പോഴിതാ നടനും ബിജെപി നേതാവും തന്റെ അടുത്ത സുഹൃത്തുമായ സുരേഷ് ഗോപിയെ കുറിച്ച് ഷാജി കൈലാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സിനിമയില്‍ തന്നെ അറിയപ്പെടുന്ന സംവിധായകനാക്കിയതില്‍ സുരേഷ് ഗോപിക്ക് പങ്കുണ്ടെന്ന് ഷാജി കൈലാസ് പറയുന്നു.
താനും സുരേഷ് ഗോപിയും ഒന്നിച്ച് ചെയ്ത ചിത്രങ്ങള്‍ ഹിറ്റായിരുന്നു. തന്റെ കരിയറിലെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത് പോലെ തന്നെ തന്റെ വ്യക്തി ജീവിതത്തിലും അദ്ദേഹം വഴിത്തിരിവായിരുന്നുവെന്നും അതില്‍ ഒന്ന് ആനിയുമായുള്ള തന്റെ വിവാഹമായിരുന്നുവെന്നും വിവാഹം നടന്നത് സുരേഷിന്റെ വീട്ടില്‍ വെച്ചായിരുന്നുവെന്നും ഷാജി കൈലാസ് പറയുന്നു.
സുരേഷ് ഗോപി ഒരു നല്ല നടനാണ്, നല്ലൊരു സഹപ്രവര്‍ത്തകനാണെന്നും എന്നാല്‍ അതിനേക്കാളുപരിയായി അദ്ദേഹത്തിലേക്ക് തന്നെ കൂടുതല്‍ അടുപ്പിച്ചത് അയാളിലെ നല്ല മനുഷ്യന്‍ കാരണമാണെന്നും സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ഒത്തിരി പേര്‍ക്ക് കൈത്താങ്ങാണ് ആ മനുഷ്യനെന്നും ഷാജി കൈലാസ് പറയുന്നു.
ഒന്നുമില്ലാതിരുന്ന സമയത്ത് പോലും അദ്ദേഹം ചെയ്തിരുന്ന സഹായങ്ങള്‍ക്കൊന്നും കൈയ്യും കണക്കുമില്ല. എന്നാല്‍ അദ്ദേഹം അതൊന്നും കൊട്ടിഘോഷിക്കാറില്ലെന്നും രാഷ്ട്രീയപരമായ എതിര്‍പ്പുകൊണ്ടും വ്യക്തിപരമായും പലരും വേദനിപ്പിച്ചപ്പോഴും ഒരു ചിരികൊണ്ട് നേരിട്ടയാളാണ് അദ്ദേഹമെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.